
കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സീനിയർ മാനേജർ, ജൂനിയർ അസിസ്റ്റന്റ് തസ്‌തികകളിലേക്ക് പുതിയ വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകളാണ് സ്വീകരിക്കുന്നത്. മാർച്ച് 31 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി. നിലവിൽ ഒമ്പത് ഒഴിവുകളാണുള്ളത്.
വിമാനത്താവളത്തിൽ ഉദ്യോഗാർത്ഥികളെ നേരിട്ടാണ് നിയമിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 27,500 രൂപ മുതൽ 1,50,000 രൂപ വരെ ഏകീകൃത ശമ്പളം ലഭിക്കും. സിവിൽ എഞ്ചിനീയറിംഗ്, ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗ്, ഹ്യൂമൻ റിസോഴ്‌സ് എന്നീ വിഭാഗങ്ങളിൽ ഓരോ സീനിയർ മാനേജർ തസ്‌തികകൾ വീതമാണുള്ളത്. ജൂനിയർ അസിസ്റ്റന്റ് തസ്‌തികയിലേക്ക് ആറ് ഒഴിവുകളാണുള്ളത്. സീനിയർ മാനേജർ തസ്‌തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 1,50,000 രൂപ ഏകീകൃത ശമ്പളമായി ലഭിക്കും. ജൂനിയർ അസിസ്റ്റന്റ് തസ്‌തികയിൽ പ്രതിമാസം 27,500 രൂപയായിരിക്കും ശമ്പളം.
സീനിയർ മാനേജർ തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് 52 വയസും ജൂനിയർ അസിസ്റ്റന്റ് തസ്‌തികയിലേക്ക് 27 വയസുമാണ് ഉയർന്ന പ്രായപരിധി. സീനിയർ മാനേജർ തസ്‌തികയിലേക്ക് സിവിൽ എഞ്ചിനീയറിംഗ് ബിഇ അല്ലെങ്കിൽ ബി.ടെക് ബിരുദം ആവശ്യമാണ്. യോഗ്യത നേടിയ ശേഷം കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ രൂപകൽപ്പന, നിർമാണം, പരിപാലനം എന്നിവയിലുള്ള പരിചയം പ്രത്യേകം പരിഗണിക്കും. വിമാനത്താവള റണ്‍വേകള്‍, ടാക്‌സിവേകള്‍, ടെര്‍മിനല്‍ കെട്ടിടങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളിലെ നേരിട്ടുള്ള പരിചയം അഭികാമ്യമാണ്.
അപേക്ഷകർ 500 രൂപ അപേക്ഷാ ഫീസായി അടയ്‌ക്കേണ്ടതാണ്. ഈ ഫീസ് തിരികെ ലഭിക്കില്ല. ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് ഫീസ് അടയ്‌ക്കാൻ സാധിക്കും. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |