
മലയാളികൾക്ക് സുപരിചിതരായ ഗായകരാണ് അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ അമൃതയ്ക്കും അഭിരാമിക്കുമെതിരെ ചില വ്യാജപ്രചാരണങ്ങൾ നടന്നിരുന്നു. ഇരുവരുടെയും പിതാവായ സുരേഷ് മരിക്കുന്നതിന് മുൻപ് തന്റെ സ്ഥാപനത്തിൽ ഉണ്ടായിരുന്നുവെന്ന് എറണാകുളത്ത് പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റിലെ ഭാരവാഹി പറഞ്ഞ വാക്കുകൾ വളച്ചൊടിച്ചാണ് പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ അമൃതയും അഭിരാമിയും വ്യാജവാർത്തകളിൽ പ്രതികരിച്ചിരിക്കുകയാണ്. അമൃതയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരുടെയും പ്രതികരണം.
'ഒരു വ്യക്തി പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചാണ് പലരും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത്. സത്യം അറിയാതെ ആളുകളെ കല്ലെറിയുന്നത് നിർത്തൂ. മരിക്കുന്നതിന് കുറച്ച് കാലം മുമ്പ് വരെ ഗായിക അമൃത സുരേഷിന്റെ പിതാവ് തന്റെ സ്ഥാപനത്തിൽ ഉണ്ടായിരുന്നുവെന്ന് എറണാകുളത്ത് പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റിലെ ഭാരവാഹി പറഞ്ഞ വാക്കുകളാണ് പലരും തെറ്റായി വ്യാഖ്യാനിച്ചത്. മരിച്ചവരെയോ പ്രായമായവരെയോ പോലും സോഷ്യൽ മീഡിയ വെറുതെ വിടില്ല എന്ന കാര്യം വളരെ വേദനാജനകമാണ്. ഒരു കുടുംബം എത്രമാത്രമാണ് സൈബർ ബുള്ളിയിംഗിന് ഇരകളാകുന്നത്? ഇതിന് ഒരു പരിധിയുണ്ടാകേണ്ടതില്ലേ?
ഇത്തവണ അത് എല്ലാ പരിധികളും ലംഘിച്ചു. ഞങ്ങളുടെ ജീവിതം, കുടുംബം, മരിച്ചുപോയ എന്റെ അച്ഛനെപ്പോലും വിവാദത്തിലേക്ക് വലിച്ചിഴച്ചു. ഒരു വ്യക്തി ഒരു ടോക് ഷോയിൽ പറഞ്ഞ വാക്കുകൾ വളച്ചൊടിച്ചു. അത് തെറ്റായി വ്യാഖ്യാനിച്ചു. എല്ലായിടത്തും പ്രചരിപ്പിച്ചു. ഞങ്ങളെ പിന്തുണച്ചിരുന്നവരിൽ ചിലർപോലും ഞങ്ങൾക്കെതിരെ തിരിഞ്ഞു. അതാണ് ഏറ്റവും വേദനിപ്പിച്ചത്. ഞങ്ങളുടെ ജീവിതം ഒരിക്കലും നിങ്ങളിൽ നിന്നും മറച്ചുവച്ചിട്ടില്ല. ഒരുമിച്ച് നിന്ന ഒരു ചെറിയ കുടുംബമായിരുന്നു ഞങ്ങളുടേത്. ഒരുമിച്ച് കരഞ്ഞു, ഒരുമിച്ച് ചിരിച്ചു, ജീവിതത്തിലെ എല്ലാം ഒരുമിച്ച് നേരിട്ടു.
എന്റെ അച്ഛൻ ആശ്രമങ്ങളുടെയും ട്രസ്റ്റുകളുടെയും പ്രവർത്തനങ്ങളിലും സജീവമായിരുന്നു. സംഗീതത്തോടും കുടുംബ ജീവിതത്തോടുമൊപ്പം ആത്മീയതയോടുള്ള താത്പര്യവും മറ്റുള്ളവർക്കായി സേവനം ചെയ്യാനുള്ള മനസും അദ്ദേഹത്തിനുണ്ടായിരുന്നു. മറ്റുള്ളവരെ സഹായിക്കാൻ അവസരം കിട്ടുമ്പോൾ അദ്ദേഹം ഒരിക്കലും പിന്നോട്ടുപോയിട്ടില്ല. ഞങ്ങളുടെ കുടുംബത്തെ അടുത്തറിയുന്ന എല്ലാവർക്കും ഇതറിയാം. അച്ഛൻ ഈ ലോകം വിട്ടുപോയിട്ടും ആളുകൾ അദ്ദേഹത്തിന് സമാധാനം കൊടുക്കുന്നില്ല. സത്യം അറിയാതെ ആളുകളെ കല്ലെറിയുന്നത് നിർത്തൂ. പകുതി കഥ കേട്ട് ആരുടെയെങ്കിലും പ്രതിച്ഛായ തകർക്കരുത്. എന്റെ അമ്മയെക്കുറിച്ചെങ്കിലും ഒരിക്കലെങ്കിലും ചിന്തിക്കൂ. ഇനിയും ഇത് തുടർന്നാൽ ഞങ്ങൾ നിയമപരമായി മുന്നോട്ടുപോകും'- അമൃത സുരേഷ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |