
സിദ്ധാർത്ഥനിൽ നിന്ന് ശ്രീബുദ്ധനിലേക്കുള്ള ദൂരം അശാന്തിയിൽനിന്ന് ശാന്തിയിലേക്കും, കാലുഷ്യത്തിൽ നിന്ന് കാറ്റൊതുങ്ങിയ കടലിലേക്കുമുള്ള ദൂരമാണ്! ജീവിതദു:ഖങ്ങൾക്ക് കാരണം തിരയുകയല്ല, അതിന് പരിഹാരം തേടുകയാണ് അദ്ദേഹം ചെയ്തത്. ബുദ്ധന്റെ സ്മാരകങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലായി ധാരാളമുണ്ടെങ്കിലും, ബി.സി മൂന്നാം നൂറ്റാണ്ടിൽ മൗര്യചക്രവർത്തിയായ അശോകൻ നിർമ്മിച്ച സാഞ്ചിയിലെ (ഭോപ്പാൽ, മദ്ധ്യപ്രദേശ്) സ്മാരകമാണ് ഏറ്റവും പ്രാചീനം. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച, ഇന്ത്യയിലെ പ്രധാന ചരിത്ര കേന്ദ്രങ്ങളിലൊന്നുകൂടിയാണ് സാഞ്ചി.
ഇതേ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ശ്രീലങ്കയിലെ അനുരാധപുരയിലെയും, ഉത്തർപ്രദേശിലെ സാരനാഥിലെയും സ്തൂപങ്ങളെക്കാൾ ശില്പഭംഗി കൊണ്ടും വാസ്തുവിദ്യാ മികവുകൊണ്ടും മികച്ചു നിൽക്കുന്നതാണ് സാഞ്ചിയിലെ സ്മാരകം. പ്രാചീന ഭാരതത്തിന്റെ ഹൃദയഭൂമികയായ മദ്ധ്യപ്രദേശിലെ റിവാ ജില്ലയിൽ, ഭാരതീയ കലകളുടെയും വാസ്തുശില്പ ഭംഗിയുടെയും ഉത്തമോദാഹരണമായി, ബുദ്ധന്റെ ജ്ഞാനോദയത്തിന്റെയും ധർമ്മ പ്രചാരണത്തിന്റെയും സ്മരണാർത്ഥം നിർമ്മിക്കപ്പെട്ട നിത്യവിസ്മയം!
ശ്രീബുദ്ധന്റെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഇവിടേക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും ബുദ്ധമത വിശ്വാസികളും ചരിത്രകുതുകികളും വിനോദയാത്രാ സംഘങ്ങളും ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു. ഓരോ വർഷവും ശരാശരി പതിനഞ്ച് ലക്ഷത്തിലധികം ആളുകൾ ഇവിടം സന്ദർശിക്കുന്നുവെന്നാണ് കണക്ക്. കഴിഞ്ഞവർഷം ഇത് ഇരുപതു ലക്ഷമായിരുന്നു. വസന്തപഞ്ചമി , ബുദ്ധപൂർണിമ തുടങ്ങിയ ഉത്സവകാലങ്ങളിൽ സാഞ്ചിയിൽ ജനത്തിരക്കേറുന്നു. സാമ്രാജ്യത്വ കാലഘട്ടത്തിന്റെ സാംസ്കാരിക മഹത്വം വിളിച്ചോതുന്ന ഈ സ്മാരകം 1989 മുതൽ യുനെസ്കോ ലോക പൈതൃക പട്ടികയിലുണ്ട്.
ധർമ്മങ്ങളുടെ
സാഞ്ചി സ്തൂപം
മോക്ഷത്തിലേക്കുള്ള യാത്രയിൽ ധ്യാനനിരതനായിരിക്കുന്ന ശ്രീബുദ്ധന്റെ പ്രതീകമായ, 120 അടി വ്യാസമുള്ള സാഞ്ചി സ്തൂപം 52 അടി ഉയരത്തിൽ ആകാശത്തിന്റെ വിസ്തൃതിയിലേക്ക് ശിരസുയർത്തി നിൽക്കുന്നു. സ്തൂപത്തിന്റെ മുകളിൽ 50 അടി വ്യാസത്തിൽ ചതുരക്കൂട് പോലെ ഹാർമിക. അതിനു മുകളിൽ കൊടിമരം. കൊടിമരത്തിൽ ബുദ്ധനെയും ധർമ്മത്തെയും സംഘത്തെയും പ്രതിനിധീകരിക്കുന്ന ഛത്രാവലി എന്നു വിളിക്കുന്ന മൂന്നു സത്യക്കുടകൾ!
സ്തൂപത്തിനകത്തേക്ക് പ്രവേശനാനുമതിയില്ല. ബുദ്ധന്റെ ആത്മീയ സാന്നിദ്ധ്യത്തിൽ നിന്ന് നിർഗമിക്കുന്ന ആദ്ധ്യാത്മിക തരംഗങ്ങൾ അനുഭവിച്ചുകൊണ്ട്, പുറത്തുനിന്ന് ഘടികാര ദിശയിൽ സ്തൂപത്തിനു ചുറ്റും പ്രദക്ഷിണം വയ്ക്കുമ്പോഴാണ് ഇവിടെ ആരാധന പൂർത്തിയാവുന്നത്. ഇതിനായി കവാടം കടന്ന് സ്തൂപത്തിനടുത്തേക്ക് പോകാനായി പതിനാറടി ഉയരത്തിൽ ഒരു നടപ്പാത ഒരുക്കിയിട്ടുണ്ട്. സ്തൂപത്തിനു ചുറ്റും വടക്കും തെക്കും കിഴക്കും പടിഞ്ഞാറുമായി തോരണങ്ങൾ എന്ന് അറിയപ്പെടുന്ന നാല് കവാടങ്ങൾ. വാസ്തുവിദ്യയിലും ശില്പഘടനയിലും മികച്ചുനിൽക്കുന്ന ശില്പങ്ങൾ തന്നെയാണിത്.
ജാതക കഥകളിലെയും ഗൗതമ ബുദ്ധന്റെ ജീവിതത്തിലെയും അദ്ധ്യായങ്ങളാണ് അതിൽ കൊത്തിവച്ചിട്ടുള്ളത്. വ്യക്തിരൂപങ്ങൾ , അവയുടെ ഘടനാരീതി, ആവിഷ്കരണ മാതൃക, അലങ്കാരവസ്തുക്കൾ എന്നിവയൊക്കെ ഉന്നതമായ സാങ്കേതിക വൈദഗ്ദ്ധ്യവും കലാമഹിമയും ഉൾച്ചേർന്നവയാണ്. അമൂർത്തമായ മനുഷ്യ ഭാവങ്ങളെ വളരെ മൂർത്തമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. ജാതക കഥയിലെ സങ്കീർണമായ പല രംഗങ്ങളെയും വളരെ നൈസർഗികമായ രീതിയിലാണ് ഇവിടെ കല്ലിൽ പുനരാവിഷ്കരിച്ചിരിക്കുന്നത്. ദൈനംദിന ജീവിതത്തിലെ അമൂർത്തമായ അത്ഭുത നിമിഷങ്ങൾ, വിശ്വാസം, പ്രതീക്ഷ, ആശങ്കകൾ എന്നിവയൊക്കെ വളരെ തന്മയത്വത്തോടെ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ബുദ്ധമത തത്വങ്ങൾ പ്രചരിപ്പിക്കാനും ബുദ്ധമതം അനുശാസിക്കുന്ന രീതിയിലുള്ള ഒരു ജീവിതശൈലി പിന്തുടരാൻ ലോകജനതയെ പ്രേരിപ്പിക്കാനുമായി അശോക ചക്രവർത്തി ഏഷ്യയുടെ പല ഭാഗങ്ങളിലായി 84.000 ബുദ്ധസ്തൂപങ്ങൾ പണിതുയർത്തിയതായി പറയപ്പെടുന്നു. അവയിൽ പ്രധാനപ്പെട്ടതാണ് സാഞ്ചിയിലേത്.
അശോകനും
സാഞ്ചിയും
ബുദ്ധമതത്തെ എതിർത്തിരുന്ന രാജാക്കന്മാരാലും ജനങ്ങളാലും പിൽക്കാലത്ത് അവയിൽ മിക്കതും തകർക്കപ്പെട്ടതായി കണക്കാക്കുന്നു. തലസ്ഥാനം പാടലീപുത്രമായിരുന്നിട്ടും ബുദ്ധസ്തൂപം പണിയാൻ മൗര്യ ചക്രവർത്തിയായ അശോകൻ സാഞ്ചി തന്നെ തിരഞ്ഞെടുക്കാൻ കാരണമെന്താണ്? സാഞ്ചിയുമായുള്ള അശോകന്റെ ചില വൈകാരിക ബന്ധങ്ങളാണ് അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു.
സാഞ്ചിയ്ക്കടുത്തുള്ള വിദിഷയിലെ സമ്പന്നനായ ഒരു വ്യാപാരിയുടെ മകളായ ദേവിയെയാണ് അശോകൻ വിവാഹം കഴിച്ചത്. ദേവിയുടെ ജന്മസ്ഥലമായ സാഞ്ചിയിൽ വച്ചുതന്നെയാണ് അശോകനുമായുള്ള അവരുടെ വിവാഹം ആർഭാടപൂർവം നടന്നത്. പിൽക്കാലത്ത് ഈ ദമ്പതികൾക്ക് പിറന്ന രണ്ടു മക്കളായ സംഘമിത്രയേയും മഹേന്ദ്രനെയും ബുദ്ധമത പ്രചരണത്തിനായി അശോകൻ ശ്രീലങ്കയിലേക്ക് അയച്ചതും സാഞ്ചിയിൽ വച്ചു തന്നെയാണ്. അശോകന്റെ ധർമ്മപ്രചാരണ കാലത്ത് ഒരു പ്രധാന തീർത്ഥാടന കേന്ദ്രമായിരുന്നു സാഞ്ചി.
സാരനാഥിലെയും മധുരയിലെയും സ്തൂപങ്ങളെപ്പോലെ സാഞ്ചിയിലെ സ്തൂപത്തിനും ബി.സി മൂന്നാം നൂറ്റാണ്ട് മുതൽ ക്രിസ്തുവർഷം പതിനൊന്നാം നൂറ്റാണ്ടു വരെ ദീർഘിച്ച ഒരു ശില്പകലാ ചരിത്രമുണ്ട് . ഇന്ന് കാണപ്പെടുന്നതിന്റെ പകുതി മാത്രം വലിപ്പമുള്ള, ഇഷ്ടികയിൽ നിർമ്മിച്ച സ്തൂപമായിരുന്നു ആദ്യകാലത്ത് നിലവിലുണ്ടായിരുന്നത്. മൗര്യസാമ്രാജ്യത്തിന്റെ തകർച്ചയ്ക്കുശേഷം അധികാരത്തിൽ വന്ന സുംഗവംശ രാജാക്കന്മാരാണ് ബി.സി ഒന്നാം നൂറ്റാണ്ടിൽ സാഞ്ചിയിലെ പ്രധാന സ്തൂപത്തിന്റെ വലിപ്പം ഇരട്ടിയാക്കി, ഇഷ്ടികയ്ക്കു പകരം കല്ലുകൾ ഉപയോഗിച്ച് സ്തൂപത്തെ ബലപ്പെടുത്തിയത്.
ആദര നിർമ്മിതികൾ,
അധിനിവേശം
മുകളിൽ ഇന്ന് കാണപ്പെടുന്ന ഹാർമികയും സുംഗവംശ രാജാക്കന്മാരുടെ സംഭാവനയാണ്. ഒന്നാം സ്തൂപത്തിന് സമാനമായ മറ്റ് രണ്ട് സ്തൂപങ്ങൾ കൂടി ഇക്കാലത്ത് നിർമ്മിക്കപ്പെട്ടു. സുംഗവംശത്തിന്റെ പതനത്തിനുശേഷം അധികാരം കയ്യടക്കിയ ശതവാഹന വംശത്തിൽപ്പെട്ട രാജാക്കന്മാരാണ് ശില്പചാതുര്യത്തിൽ മികവു പുലർത്തുന്ന ചുറ്റുമുള്ള നാല് കവാടങ്ങൾ പണിതത്. മൂന്നാമത്തെ സ്തൂപത്തിനു സമീപം ഇന്ന് കാണപ്പെടുന്ന കവാടവും ശതവാഹനന്മാരുടെ സംഭാവനയാണ്.
പ്രധാനപ്പെട്ട മൂന്ന് സ്തൂപങ്ങൾക്കു പുറമേ, വിശാലമായ ഈ സ്മാരക ഭൂമിയിൽ തകർക്കപ്പെട്ടതും ഭാഗികമായി തകർക്കപ്പെട്ടതും ഇപ്പോഴും നിലനിൽക്കുന്നതുമായ ഒട്ടേറെ നിർമ്മിതികൾ കാണപ്പെടുന്നുണ്ട്. ബുദ്ധമത ക്ഷേത്രങ്ങൾ, ചെറിയ ചെറിയ സ്തൂപങ്ങൾ, ധ്യാനമന്ദിരം, അശോകന്റെ ശാസനങ്ങൾ എഴുതിയ സ്തൂപം, സന്യാസീ മഠങ്ങൾ, ശ്രീബുദ്ധന്റെ പ്രതിമകൾ തുടങ്ങി ബുദ്ധമതവുമായി ബന്ധപ്പെട്ട ഒട്ടേറെ ചരിത്ര ശേഷിപ്പുകളാണ് ഇവ. ഇവയിൽ പലതും ക്രിസ്തുവർഷം നാലാം നൂറ്റാണ്ടോടെ അധികാരം കയ്യാളിയ ഗുപ്തരാജാക്കന്മാരുടെ നിർമ്മിതികളാണ്. അതിനു ശേഷം പതിനൊന്നാം നൂറ്റാണ്ടു വരെ നീണ്ട കാലത്തുണ്ടായ നിർമ്മിതികളും ഇക്കൂട്ടത്തിലുണ്ട്.
പന്ത്രണ്ടാം നൂറ്റാണ്ടോടെ വിസ്മൃതിയിലേക്ക് മറഞ്ഞുപോയ ഈ ചരിത്ര സ്മാരകങ്ങൾ ആറേഴ് നൂറ്റാണ്ടു കാലം വിധിഷ മലനിരകളിലെ വനനിബിഡതകളിൽ മറഞ്ഞുതന്നെ കിടന്നു. കേവലം അഞ്ച് കിലോമീറ്റർ മാത്രം അകലമുള്ള വിദിഷ നഗരംപോലും മുസ്ലിം ഭരണാധികാരികൾ കൊള്ളചെയ്ത് നശിപ്പിച്ചപ്പോൾ വലിയ പോറലൊന്നുമേൽക്കാതെ ഈ ചരിത്ര സ്മാരകങ്ങൾക്ക് ഇന്നും നിലനിൽക്കാനായത് പ്രകൃതി കനിഞ്ഞരുളിയ ഈ തമസ്കരണിയുടെ ശീതളച്ഛായയിൽ മയങ്ങിക്കിടന്നതു കൊണ്ടാവാം!
കണ്ടെത്തിയത്
ബ്രിട്ടീഷ് ജനറൽ
1818- ൽ അന്നത്തെ ബ്രിട്ടീഷ് പട്ടാളത്തിലെ ഒരു ജനറൽ ആയിരുന്ന ഹെൻറി ടെയിലർ ആണ് ഈ ചരിത്രശേഷിപ്പുകൾ കണ്ടെത്തിയതും ഇവിടേക്ക് ജനശ്രദ്ധയാകർഷിച്ചതും. 1912-നും 1919-നും ഇടയിൽ അന്നത്തെ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ ഡയറക്ടർ ആയിരുന്ന ജോൺ മാർഷൽ ആണ് ഈ ചരിത്രസ്മാരകങ്ങളെ വ്യവസ്ഥാപിതമായി ക്രമീകരിക്കുകയും, ഇന്ന് കാണുന്ന രീതിയിൽ സുരക്ഷിതമാക്കുകയും ചെയ്തത്.
തകർന്നുവീണ മേൽക്കൂരകളും തൂണുകളും പ്രതിമാ ശില്പങ്ങളുമൊക്കെ നമ്പറിട്ട് പരിസരത്തു തന്നെ സൂക്ഷിച്ചിട്ടുണ്ട്. നശിച്ചുപോയ ബുദ്ധമത ക്ഷേത്രങ്ങളുടെയും മൊണാസ്ട്രികളുടെയുമെല്ലാം ശേഷിപ്പുകളും ഇതേ രീതിയിൽ അക്കം രേഖപ്പെടുത്തി സംരക്ഷിച്ചിട്ടുണ്ട്. സാഞ്ചി സ്തൂപങ്ങൾ സ്ഥിതി ചെയ്യുന്ന വിദിഷാ ഗിരിയിൽ നിന്ന് അര കിലോമീറ്റർ മാത്രം താഴെയായി 1919-ൽ ജോൺ മാർഷലിന്റെ നേതൃത്വത്തിൽ ഒരു ആർക്കിയോളജിക്കൽ മ്യൂസിയം സ്ഥാപിക്കപ്പെട്ടു. സാഞ്ചിയിലെ ബുദ്ധിസ്റ്റ് പാരമ്പര്യത്തിന്റെ അവശിഷ്ടങ്ങളായ ശില്പങ്ങളും പ്രതിമകളുമൊക്കെ നാല് ഗ്യാലറികളിലായി ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.
സാഞ്ചിയിലെ മുഖ്യ കവാടത്തിൽ സ്ഥാപിച്ചിരുന്ന, അശോക ശാസനങ്ങൾ എഴുതിയ സ്തൂപത്തിന്റെ പൊട്ടിപ്പോയ മുകൾഭാഗം ഇപ്പോൾ ഈ മ്യൂസിയത്തിലാണ് ഉള്ളത്. സാഞ്ചിയിൽ വിവിധ കാലഘട്ടങ്ങളിൽ നടന്ന ഗവേഷണങ്ങളുടെ രേഖകളും നവീകരിക്കപ്പെടുന്നതിനു മുമ്പും പിമ്പുമുള്ള സാഞ്ചിയുടെ ദൃശ്യങ്ങളുമൊക്കെ ഈ മ്യൂസിയത്തിൽ ചില്ലിട്ട് പ്രദർശിപ്പിച്ചിരിക്കുന്നു. ഇന്ന്, ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ കൈവശമാണ് ഈ സ്മാരകം. 2020 മുതൽ ഡ്രോൺ ഉപയോഗിച്ച് ഇവിടെ നിരീക്ഷണം നടന്നുവരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളും നഗരവത്കരണവും സഞ്ചാരികളുടെ പെരുപ്പവുമൊക്കെ ഈ സ്മാരകത്തിന് ഭീഷണി ഉയർത്തുന്നുണ്ട്. സാഞ്ചിയിൽ തകർന്നു പോയതും തകർക്കപ്പെട്ടതുമായ ശ്രീബുദ്ധന്റെ വിവിധ ഭാവങ്ങളിലുള്ള പ്രതിമകളും ശില്പങ്ങളും ഗൃഹാതുര സ്മരണകളോടെ മാത്രമേ നമുക്ക് ഈ മ്യൂസിയത്തിൽ വീക്ഷിക്കാനാവൂ.
(ലേഖകന്റെ മൊബൈൽ: 94460 97241)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |