
വളരെ നാളുകളായി കാത്തിരുന്ന ജോലിയ്ക്കുള്ള ഇന്റർവ്യൂവിന് പങ്കെടുക്കാനുള്ള കത്ത് ഒരാൾക്ക് കിട്ടി. ഇന്റർവ്യൂ നടക്കുന്ന നഗരത്തിലെത്തുന്നതിനായി ഒരിടത്ത് വിമാനം മാറി യാത്രചെയ്യണമായിരുന്നു. ആദ്യത്തെ വിമാനത്തിൽ നിന്ന് ഇറങ്ങിയശേഷം അടുത്ത വിമാനം പുറപ്പെടാൻ അര മണിക്കൂർ സമയമുണ്ടായിരുന്നു. അതിനുള്ളിൽ അയാൾ വിമാനത്താവളത്തിലെ ഒരു ഹോട്ടലിൽ നിന്ന് ലഘുഭക്ഷണം കഴിച്ചു. ബിൽ തുക 500 രൂപയായിരുന്നു. ഇതു കണ്ട് അയാൾ കാഷ്യറോട് ചോദിച്ചു. 'ഹേ, ഇത് വളരെ കൂടുതലാണല്ലോ. ഞാൻ അത്രയ്ക്കൊന്നും കഴിച്ചില്ലല്ലോ." അയാളുടെ ദേഷ്യം കണ്ടപ്പോൾ കാഷ്യർ 100 രൂപ കുറച്ചു. 300 രൂപയിൽക്കൂടുതൽ ഈടാക്കരുത് എന്ന് അയാൾ നിർബന്ധം പിടിച്ചു. അവസാനം നിവൃത്തിയില്ലാതെ കാഷ്യർ സമ്മതിച്ചു. തർക്കിച്ച് ജയിച്ചതിന്റെ അഹങ്കാരത്തോടെ, പുഞ്ചിരിച്ചുകൊണ്ട് അയാൾ ഗേറ്റിലേക്കു നടന്നു. അവിടെ എത്തിയപ്പോൾ തനിക്ക് യാത്ര ചെയ്യണമായിരുന്ന വിമാനം പറന്നുയരുന്നതാണ് അയാൾ കണ്ടത്.
ലക്ഷ്യം മറന്ന് നിസ്സാര ലാഭത്തിനുവേണ്ടി വിലപേശി നിന്നതുകാരണം വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വന്നുചേർന്ന സുവർണാവസരം അയാൾക്ക് കൈവിട്ടുപോയി. സമയത്തിന്റെ വില പലർക്കും അറിയില്ല. ജീവിതത്തിലെ വിലപ്പെട്ട ബാല്യവും കൗമാരവും ഒക്കെ പാഴാക്കി കഴിഞ്ഞ ശേഷം ആയിരിക്കും പലരും നഷ്ടപ്പെട്ട സമയത്തിന്റെ മൂല്യം തിരിച്ചറിയുന്നത്. അപ്പോഴേക്കും തീരെ വൈകി പോയിരിക്കും. സമയത്തിന്റെ മൂല്യം ശരിയായി മനസ്സിലാക്കിയാൽ നമ്മൾ ഓരോ നിമിഷവും അമൂല്യനിധി പോലെ സൂക്ഷിച്ചു ചെലവഴിക്കും.
വിശ്വവിജയിയായ അലക്സാണ്ടർ ചക്രവർത്തി സമയത്തിന്റെ മൂല്യത്തിനെക്കുറിച്ച് ബോധവാനായത് മരണശയ്യയിൽവെച്ചാണ്. ഏതു നിമിഷവും മരണം തന്നെ കീഴടക്കുമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം തനിക്കു ചുറ്റുമുള്ളവരോടു പറഞ്ഞു, 'എനിക്ക് ഒരു ശ്വാസമെങ്കിലും കടമായി നല്കാൻ ആരെങ്കിലും തയ്യാറുള്ളപക്ഷം, എന്റെ രാജ്യത്തിന്റെ പാതി അയാൾക്കു നല്കാൻ ഞാൻ തയ്യാറാണ്." ആരും ഒന്നും മിണ്ടാതിരുന്നപ്പോൾ അദ്ദേഹം വീണ്ടും പറഞ്ഞു. ' രാജ്യങ്ങളും സമ്പത്തും വെട്ടിപ്പിടിക്കാനായി ഞാൻ വിലയേറിയ സമയവും ആരോഗ്യവും പാഴാക്കി. എന്നാൽ എന്റെ സകല സ്വത്തും ചെലവഴിച്ചാലും മരണത്തെ ഒരു നിമിഷത്തേയ്ക്ക് മാറ്റിവെയ്ക്കാൻ കഴിയില്ല എന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു."
സമയം അനുകൂലമല്ലെന്ന് പലരും പരാതി പറയാറുണ്ട്. സമയം എപ്പോഴും അനുകൂലം തന്നെയാണ്. നമ്മൾ സമയത്തോട് അനുകൂലിക്കുന്നില്ല എന്നേയുള്ളൂ. അനുകൂലവും പ്രതികൂലവും നമ്മിൽത്തന്നെയാണ്. അതറിയാതെയാണ് മനുഷ്യൻ സാഹചര്യങ്ങൾക്ക് അടിമപ്പെടുന്നത്. നല്ലകാലം വരട്ടെ എന്നു പറഞ്ഞിരുന്നാൽ നല്ലതു പലതും കൈവിട്ടുപോകും. നല്ല കാര്യത്തിനു നേരം നോക്കിയിരിക്കരുത്. നല്ലതാണെങ്കിൽ അതുടനെ ചെയ്യണം. അന്നന്ന് ചെയ്യേണ്ടത് അന്നന്ന് ചെയ്യുന്നവരിൽ അധികം പേരും ജീവിതത്തിൽ ഉയരങ്ങളിൽ പ്രാപിക്കുന്നു എന്നത് ഒരു ചരിത്ര സത്യമാണ്. സമയമാണ് മനുഷ്യന്റെ ഏറ്റവും വിലയേറിയ സ്വത്ത്. കോടി രൂപ നഷ്ടമായാലും അത് വീണ്ടെടുക്കാൻ കഴിഞ്ഞെന്നിരിക്കാം. എന്നാൽ നഷ്ടമായ സമയം ഒരിക്കലും തിരിച്ചു കിട്ടില്ല. അതിനാൽ നമ്മൾ ജാഗ്രതയോടെ വർത്തമാനകാലത്തിലെ ഓരോ നിമിഷവും ചെലവഴിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |