
വാക്കിന്റെ ലാവണ്യം നുണഞ്ഞു നടന്നിരുന്ന മലയാളിയെ വാക്കിന്റെ ചൂടും ചൂരും മലയാള ഭാഷയുടെ പ്രഹരശക്തിയും അനുഭവിപ്പിച്ച കവിയാണ് കടമ്മനിട്ട രാമകൃഷ്ണൻ കരൾ കത്തുന്ന 'കുറത്തി"യും, 'കാട്ടാളനും", 'ശാന്ത'യും സമ്മാനിച്ച കവി. യാത്രപിരിഞ്ഞു പോയിട്ട് 18 വർഷം കഴിഞ്ഞിട്ടും ഇന്നും അദ്ദേഹത്തിന്റെ കാവ്യസൃഷ്ടികൾ മാനവികതയുടെ മുഴക്കമുള്ള ചോദ്യങ്ങൾ ഉയർത്തുന്നു.
നിശബ്ദരാക്കപ്പെട്ട ബഹുഭൂരിപക്ഷമായ മനുഷ്യരാശിയുടെ ഭാവിയും ഭാഗധേയവും വട്ടമേശകൾക്കു ചുറ്റുമിരുന്ന് ചില 'പരിഷ്കൃത കിരാതന്മാർ" നിർണയിക്കുന്ന ഈ കാലത്ത്, ഹിംസാത്മകതയുടെ അധികാരി വർഗത്തോട് കവി പറഞ്ഞേക്കും: 'എന്റെ ശവമെങ്കിലും എന്റേതായിരിക്കണം!" അധീശ വർഗത്തെ നിങ്ങളെന്നും അവരെന്നും വിളിച്ച് വിചാരണ ചെയ്യുന്ന, അവരോട് വിലക്കപ്പെട്ട ചോദ്യങ്ങൾ ചോദിച്ച കടമ്മനിട്ടയുടെ കവിതകളിൽ കീഴാള ജനവിഭാഗത്തിന്റെ, അടിസ്ഥാന വർഗത്തിന്റെ ആത്മസ്പന്ദനങ്ങളും ചുടുനിശ്വാസങ്ങളുമുണ്ട്. ഭൂതകാലത്തിന്റെ തടവറയിൽ നിന്ന് ആദിമവും പ്രാകൃതവുമായ ജനവിഭാഗത്തിന്റെ ശബ്ദം ഇടിമുഴക്കമായി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇരച്ചുവരുന്നത് കവി അവതരിപ്പിക്കുന്നത് നോക്കുക:
'പാതാളപ്പടവുകൾ കയറി
പറയപ്പട തുള്ളിവരുന്നു
പറയറയും താളം തുള്ളി
പറയപ്പട പാടി വരുന്നു" (ശാന്ത)
കവിത മൗനത്തിന്റെ പുറന്തോടു പൊട്ടിച്ച് പുറത്തുവന്ന എഴുപതുകളിൽ കടമ്മനിട്ടയ്ക്കു കൂട്ടായി സച്ചിദാനന്ദനും കാവാലവും അയ്യപ്പപ്പണിക്കരുമൊക്കെ ഉണ്ടായിരുന്നു. കവിയരങ്ങുകളിലൂടെയും ചൊൽക്കാഴ്ചകളിലൂടെയും കാവ്യസദസുകളിലൂടെയും താളാത്മകവും ചലനാത്മകവുമായി വാമൊഴികളും നാടൻശീലുകളും നാടൻപാട്ടുകളും വിരുദ്ധോക്തികളും ചരിത്രവ്യാഖ്യാനങ്ങളും മറയ്ക്കപ്പെട്ട യാഥാർത്ഥ്യങ്ങളും ആസ്വാദക മനുകളിലേക്ക് പ്രവഹിച്ചു.
മറച്ചുവയ്ക്കപ്പെട്ട ഭൂതകാലവും ജനതയും ചരിത്രവും 'ദേവീസ്തവ"മായും 'ഇരുട്ടാ"യും 'ഞാനാ"യും 'കോഴി"യായും 'കടിഞ്ഞൂൽപൊട്ടനാ"യും 'മത്തങ്ങ"യായും 'മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു' ആയും അവരുടെ ഹൃദയത്തിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. പരുക്കൻ ഗ്രാമീണ ഭാവവും മിത്തിക്കൽ സ്വഭാവവും സർഗാതുരമായ ആസുരഭാവവും പച്ചയായ ജീവിത യാഥാർത്ഥ്യവും കടമ്മനിട്ടക്കവിതകളെ വേർതിരിച്ചു നിർത്തി. കീഴടങ്ങാത്ത ആദിമ പൗരുഷത്തിന്റെ പ്രതീകമായുള്ള ശരീരഭാഷയിൽ, ചുരുണ്ട അളകങ്ങൾ കാറ്റിൽ പറത്തി, ഒരു കാവ്യസൂര്യനെപ്പോലെ കടൽമുഴക്കമുള്ള ശബ്ദത്തിൽ കാലഘട്ടത്തിന്റെ കവി പാടുകയായിരുന്നു.
'നിങ്ങളെന്റെ കറുത്ത മക്കളെ
ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകൾ
ചൂഴന്നെടുക്കുന്നോ?" (കുറത്തി)
ചങ്ങമ്പുഴയ്ക്കു ശേഷം കേരളം കവിതകേട്ടു നടുങ്ങിയ നാളുകൾ എന്ന് ഒ.വി. വിജയൻ പറഞ്ഞു. വ്യവഹാര ഭാഷയോടുള്ള മല്ലിടലാണ് കടമ്മനിട്ടക്കവിതയെന്നും, അത് ധീരനും തന്റേടിയും സ്വതന്ത്രനുമായ മനുഷ്യന്റെ കവിതയാണെന്നും കടമ്മനിട്ടക്കവിതയുടെ ആത്മാവു കണ്ടെത്തിയ നിരൂപകൻ നരേന്ദ്രപ്രസാദ് നിരീക്ഷിച്ചു. മനുഷ്യവംശചരിത്രവും ആത്മാംശവും സംലയിക്കുന്ന അഗാധ മാനങ്ങളുള്ള, അഞ്ചുഖണ്ഡങ്ങളുള്ള കവിതയാണ് 'പുരുഷസൂക്തം." ദാരുണവും ദയനീയവും ഹൃദയഭേദകവുമായ എത്രയെത്ര മനുഷ്യാവസ്ഥകളാണ് കടമ്മനിട്ട കവിതയിലൂടെ ദൃശ്യവൽക്കരിച്ചിരിക്കുന്നത്.
'കോഴി"യും 'ചാക്കാല"യും 'മത്തങ്ങ"യുമൊക്കെ തനിക്കു ചുറ്റുമുള്ള ഗ്രാമ്യവും പരുക്കനുമായ ജീവിതാവസ്ഥകളുടെ പൊള്ളുന്ന വാങ്മയചിത്രങ്ങളാണ്. 1975-ൽ അടിയന്തരാവസ്ഥക്കാലത്ത് എഴുതപ്പെട്ട 'ശാന്ത" ആത്മാനുഭവത്തിന്റെ ചൂടുള്ള, സ്ഫോടനാത്മകമായ ക്ലാസിക് കാവ്യസൃഷ്ടിയാണ്. വൈലോപ്പിള്ളിയുടെ 'കണ്ണീർപ്പാട"ത്തെ ഓർമ്മിപ്പിക്കുന്ന മാനവഹൃദയ സൗന്ദര്യാവിഷ്കാരമാണ് ഈ രചന . അടിയന്തരാവസ്ഥയിൽ സ്വന്തം ജീവിതപങ്കാളിയുടെ ഉള്ളിൽ നിറഞ്ഞുനിന്നിരുന്ന ഭീതികലർന്ന വേപഥുവിന്റെ സംവാദാത്മകമായ കാവ്യമാണ് അത്.
അഭിജാത വർഗത്തിന്റെ മുറുക്കിച്ചുവപ്പിച്ച കോലായ ചർച്ചകളിൽ നിന്ന് കാവ്യാസ്വാദനത്തെ വർത്തമാനകാല യാഥാർത്ഥ്യങ്ങളുടെ, തിരസ്കൃത ജീവിതങ്ങളുടെ കത്തുന്ന ഭൂമികയിലേക്കു വലിച്ചിട്ട, കവിതയിലെ പ്രത്യക്ഷ ശിവനായിരുന്നു കടമ്മനിട്ട രാമകൃഷ്ണൻ. മൗനം ഘനീഭവിച്ച എഴുപതുകളിലെ യുവത്വത്തെ സർഗാത്മക ചേതനയുടെ അവിസ്മരണീയാനുഭൂതിയാക്കി മാറ്റിയ കാവ്യ തേജസിന് മഹാപ്രണാമം!
(ലേഖകന്റെ ഫോൺ: 98476 29326)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |