SignIn
Kerala Kaumudi Online
Tuesday, 21 April 2026 6.44 AM IST

പ്രതീക്ഷയുടെ മധുരം മങ്ങി കുറ്റ്യാട്ടൂർ മാങ്ങകൾ

Increase Font Size Decrease Font Size Print Page
ph-1-

മാമ്പഴക്കാലമായാൽ പഴവിപണിയിലെ താരമാണ് കണ്ണൂരിന്റെ സ്വന്തം കുറ്റ്യാട്ടൂർ മാങ്ങകൾ. കണ്ണൂർ ജില്ലയിലെ കുറ്റിയാട്ടൂർ ഗ്രാമത്തിൽ ഉത്പാദിപ്പിക്കുന്ന, അത്യപൂർവ്വ രുചിയും മണവുമുള്ള ഈ നാടൻ മാമ്പഴത്തിന് (നമ്പ്യാർ മാങ്ങ) ഭൗമസൂചികാ പദവി ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്.എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉത്പ്പാദനം ഇടിഞ്ഞു കൊണ്ടിരിക്കുന്ന കുറ്റ്യാട്ടൂർ മാങ്ങ ഇത്തണവയും കർഷകർക്ക് നിരാശയാണ് നൽകുന്നത്. ഈ മാങ്ങ ഓറഞ്ച്-മഞ്ഞ നിറമുള്ളതും, നാരുകൾ കുറഞ്ഞതും, കൂടുതൽ മധുരമുള്ളതുമാണ്. കാലാവസ്ഥ വ്യതിയാനത്തിൽ ഇത്തവണയും മാവുകൾ വലിയ രീതിയിൽ കായ്ച്ചിട്ടില്ല.

കർഷകർക്ക് പ്രതീക്ഷ നൽകി മാവുകൾ നിറയെ പൂത്തുവെങ്കിലും എല്ലാം കൊഴിഞ്ഞുപോകുകയാണ് ചെയ്തത്. എന്നാൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ചെറിയ രീതിയിൽ മാത്രം ഉത്പ്പാദനം വർദ്ധിക്കുമെന്ന് കർഷകർ പറയുന്നു. എന്നാൽ ഇത് വലിയ ലാഭവുമുണ്ടാക്കില്ല. കഴിഞ്ഞവർഷം 20 ശതമാനം മാത്രമാണ് ഉത്പ്പാദനമുണ്ടായതെങ്കിൽ ഇത്തവണ അത് 30 മുതൽ 40 ശതമാനം വരെ വർദ്ധിക്കും. സാധാരണ മാവ് പൂക്കുന്ന സമയത്ത് മഴ പെയ്യുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഈ സമയം പൂത്തമാവുകളെല്ലാം കൊഴിഞ്ഞു പോകും. എന്നാൽ പതിവിൽ നിന്നും വ്യത്യസ്മായി ഇത്തവണ മാവ് പൂക്കുന്ന സമയത്ത് മഴ പെയ്തിരുന്നില്ല. ഇതോടെ അന്തരീക്ഷത്തിൽ ഈർപ്പം കുറയുകയും ഫംഗസ് ബാധ കുറഞ്ഞ് മാമ്പൂക്കൾ കായ്കളായി മാറുന്നതിനും അനുയോജ്യ കാലാവസ്ഥയായിരുന്നു. എന്നാൽ ഈ അനുകൂല്യ സാഹചര്യങ്ങൾ കുറ്റിയാട്ടൂർ മാവുകൾക്ക് ഗുണകരമായില്ല. കാലാവസ്ഥ വ്യതിയാനത്തിൽ കായ്ക്കുന്നതിലേക്കാൾ കൂടുതൽ തളിർക്കുകയാണ് ചെയ്തത്.

മറ്റ് മാങ്ങകളിൽ നിന്നും വ്യത്യസ്തമായി നവംബറിൽ പൂത്ത് ജനുവരി അവസാനം അല്ലെങ്കിൽ ഫെബ്രുവരി ആദ്യമാകുമ്പോഴേക്കും മാങ്ങ വിപണിയിലെത്തുന്നതാണ് കുറ്റ്യാട്ടൂർ മാങ്ങ. എന്നാൽ പൂക്കാൻ വൈകിയതിനാൽ മാർച്ച് മാസം പകുതിയാകുമ്പോഴേ മാങ്ങകൾ വിപണിയിലെത്തുകയുള്ളു. കഴിഞ്ഞ അഞ്ച് വർഷമായി ഇതേ അവസ്ഥ തന്നെയാണ്. 2016-2017 വർഷമാണ് അവസാനമായി വലിയ രീതിയിൽ ഇവിടെ മാവുകൾ പൂക്കുകയും കൂടുതൽ ഉത്പ്പാദനം ലഭിക്കുകയും ചെയ്തത്. 3000 മുതൽ 6000 ടൺ വരെ മാങ്ങ ആ സമയത്ത് ലഭിച്ചിരുന്നു. 2024ൽ 2000 ടൺ മാങ്ങയും കഴിഞ്ഞവർഷം അതിൽ താഴെയും മാങ്ങകൾ മാത്രം ലഭിച്ചു. തുടർച്ചയായി ഉത്പ്പാദനം കുറയുന്നത് കർഷകരെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട് . ഉത്പാദനം കുറഞ്ഞുവരുന്നതിനാൽ ലാഭകരമാകില്ലെന്നു കണ്ടു പുതിയ കർഷകർ വർഷങ്ങളായി മാവ് കൃഷിരംഗത്തില്ല. വളർന്നു പന്തലിക്കുന്ന മാവായതിനാൽ കൃഷി ചെയ്യാൻ കൂടുതൽ സ്ഥലം ആവശ്യമാണ്. അതനുസരിച്ചുള്ള ലാഭമില്ലാത്തതിനാൽ മാവിനു പകരം, കൃഷിഭൂമി മറ്റു കൃഷിക്കായി കർഷകർ ഉപയോഗിക്കുകയാണ്. ഇതും ഉത്പാദന ഇടിവിനു കാരണമായി തീരുന്നു.

ഭൗമസൂചികാ പദവി ലഭിച്ച മാങ്ങയുടെ പ്രതാപം തന്നെ ഇല്ലാതാകുന്ന അവസ്ഥയിലാണെന്ന് കർഷകർ പറയുന്നു. കണ്ണൂർ ജില്ലയിൽ മാമ്പഴത്തിന്റെ പേരിൽ കേൾവികേട്ട കുറ്റിയായാട്ടൂർ ഗ്രാമത്തിൽ മൂവായിരത്തിലേറെ മാവ് കർഷകരുണ്ട്. മാമ്പഴക്കാലമായാൽ ഇവിടെ ചെറുതും വലുതുമായി റോഡരികിൽ നിറയെ മാങ്ങാവില്പനക്കാരാണ്. ഇടനിലക്കാരില്ലാത്ത വിഷാംശമൊട്ടും കലർത്താത്ത ഈ മാങ്ങ വാങ്ങാൻ നിരവധി ആളുകളും എത്താറുണ്ട്. എന്നാൽ ഇപ്പോൾ ഇതൊന്നും കാണാനേയില്ല. മാമ്പഴ കയറ്റുമതിയേക്കാൾ മൂല്യവർദ്ധിത ഉത്പ്പന്ന നിർമ്മാണത്തിലാണ് കുറ്റിയാട്ടൂർ മാങ്ങകൾ കൂടുതലായി ഉപയോഗിക്കുന്നത്. മാമ്പഴത്തിൽ നിന്നും ഉരുത്തിരിഞ്ഞ പൾപ്പ്, ജ്യൂസ്, സിറപ്പ്, സ്‌ക്വാഷ്, അച്ചാറുകൾ തുടങ്ങിയ ഉത്പ്പന്നങ്ങൾക്ക് വിപണിയിൽ ആവശ്യക്കാരേറെയാണ്. മാമ്പഴത്തിന്റെ ഉത്പ്പാദന കുറവ് മൂല്യവർദ്ധിത വിപണിയെയും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവർഷമായി മാങ്ങയുടെ ഉത്പ്പാദനത്തിൽ വലിയ ഇടിവാണുണ്ടായതെന്നും ഇത്തവണ 30-40 ശതമാനം മാത്രമേ ഉത്പ്പാദനം പ്രതീക്ഷിക്കുന്നുള്ളുവെന്നും കാലാവസ്ഥ വ്യതിയാനം കഴിഞ്ഞ കുറച്ച് വർഷമായി മാങ്ങയുടെ ഉത്പ്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും കുറ്റിയാട്ടൂർ മാംഗോ പ്രൊഡ്യൂസേഴ്സ് കമ്പനി ചെയർമാൻ വി.ഒ. പ്രഭാകരൻ പറഞ്ഞു. കമ്പനി വഴി ഹോൾസെയിൽ ആയും റീട്ടെയിൽ ആയും മാങ്ങ ലഭിക്കും. 2015 മുതൽ ഭൗമസൂചികാ പദവിക്കുള്ള ശ്രമങ്ങളുടെ ഭാഗമായി കുറ്റിയാട്ടൂർ മാങ്ങ ഉത്പാദക കമ്പനിയെന്ന പേരിൽ കർഷകരുടെ സംരംഭവും ഇവിടെ തുടങ്ങിയിരുന്നു. കുറ്റ്യാട്ടൂരിനു പുറമെ മയ്യിൽ, കൊളച്ചേരി, കൂടാളി എന്നീ പഞ്ചായത്തുകളിലും കുറ്റിയാട്ടൂർ മാങ്ങകൾ ഉത്പാദിപ്പിക്കുന്നുണ്ട്.

പ്രതാപമേറെയുണ്ട് പറയാൻ

നൂറ്റാണ്ടുകൾക്കു മുമ്പ് നീലേശ്വരം രാജ കുടുംബത്തിൽ നിന്ന് വേശാലയിലെ കാവില്ലത്തും, കുറ്റ്യാട്ടൂർ ചാത്തോത്ത് തറവാട്ടിലും എത്തിയതാണ് കുറ്റ്യാട്ടൂർ മാവിൻ തൈകൾ എന്നാണ് ഐതിഹ്യം. മണ്ണും കാലാവസ്ഥയും അനുകൂലമായതോടെ തൈകൾ വളർന്നു പന്തലിച്ചു. ഇപ്പോൾ മാങ്ങ പല ഭാഗങ്ങളിലും ലഭിക്കുന്നുണ്ട്. എന്നാൽ ഗുണനിലവാരവും തനിമയും കുറ്റ്യാട്ടൂരിൽ ഉണ്ടാകുന്ന മാങ്ങയ്ക്കാണ്. അതുകൊണ്ടുതന്നെ ഇവിടുത്തെ മാങ്ങയ്ക്ക് ആവശ്യക്കാർ ഏറെയാണ്. പാട്ടത്തിനെടുത്ത മാവുകളിൽ നിന്ന് ശേഖരിച്ച് പഴുപ്പിച്ചാണ് വിൽപ്പന കുറ്റ്യാട്ടൂരിന്റെ തനതു രുചി തേടി ജില്ലയ്ക്ക് പുറത്തുനിന്ന് വരെ ആളെത്താറുണ്ടീ നാട്ടിൻപുറത്ത്. 2021 സെപ്റ്റംബറിലാണ് കുറ്റിയാട്ടൂർ മാങ്ങയ്ക്ക് കേന്ദ്ര സർക്കാരിന്റെ ഭൗമസൂചിക പദവി ഔദ്യോഗികമായി ലഭിച്ചത്. കുറ്റിയാട്ടൂർ മാങ്ങയുടെ വിപണന സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി നിരവധി മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ ഇപ്പോൾ പ്രാദേശികമായി ഉത്പ്പാദിപ്പിക്കുന്നുണ്ട്. കുടുംബശ്രീ യൂണിറ്റുകൾ, കുറ്റ്യാട്ടൂർ മാംഗോ പ്രൊഡ്യൂസർ കമ്പനി, കൃഷി വിജ്ഞാന കേന്ദ്രം എന്നിവയുടെ നേതൃത്വത്തിലാണ് പ്രധാനമായും ഈ പ്രവർത്തനങ്ങൾ നടക്കുന്നത്. കണ്ണിമാങ്ങ അച്ചാർ, ഉപ്പുമാങ്ങ, മസാല ചേർത്ത മാങ്ങ അച്ചാർ എന്നിവ കുറ്റ്യാട്ടൂരിലെ പ്രോസസിംഗ് യൂണിറ്റുകളിൽ നിന്ന് ലഭിക്കും. ഉണക്കിയെടുത്ത മാമ്പഴ നീര് ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ നിർമ്മിക്കുന്ന 'തേര" കുറ്റ്യാട്ടൂരിലെ ഒരു പ്രത്യേക വിഭവമാണ്. കറികളിലും മറ്റും പുളിക്ക് പകരമായി ഉപയോഗിക്കാവുന്ന ഉണങ്ങിയ മാങ്ങയുടെ പൊടിയും ഇപ്പോൾ നിർമ്മിക്കുന്നുണ്ട്. സാധാരണയായി മാർച്ച് മുതൽ ജൂൺ വരെയാണ് വിപണിയിൽ മാങ്ങ ലഭ്യമാകുന്നത്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.