
1982 മുതൽ ലോകമെങ്ങും മാർച്ച് 15 ഉപഭോക്തൃ ദിനമായി ആചരിച്ചു വരുന്നു. അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡി, ഉപഭോക്താക്കളുടെ മൗലിക അവകാശങ്ങളെ സംബന്ധിച്ച് യു.എസ്. കോൺഗ്രസ്സിൽ പ്രസംഗിച്ചത് 1962 മാർച്ച് 15 നായിരുന്നു. പ്രസിദ്ധമായ ആ പ്രസംഗമാണ് ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾക്ക് തുടക്കം. ഇക്കാരണത്താലാണ് മാർച്ച് 15 ഉപഭോക്തൃ അവകാശ ദിനമായത്. സുരക്ഷയ്ക്കുള്ള അവകാശം, അറിയാനുള്ള അവകാശം, തെരഞ്ഞെടുക്കാനുള്ള അവകാശം, പരാതിപ്പെടാനുള്ള അവകാശം, ഉപഭോക്തൃ വിദ്യാഭ്യാസത്തിനുള്ള അവകാശം, പരാതികൾക്ക് പരിഹാരം കിട്ടാനുള്ള അവകാശം, അടിസ്ഥാന സാധനങ്ങളും സേവനങ്ങളും ലഭിക്കാനുള്ള അവകാശം, ആരോഗ്യകരമായ പരിസരത്തിനുള്ള അവകാശം എന്നിവയാണ് ഉപഭോക്താക്കളുടെ മൗലിക അവകാശങ്ങളായി ലോകമെങ്ങും ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുള്ളത്.
1986 ഡിസംബറിലാണ് ഇന്ത്യൻ പാർലമെന്റ് ഉപഭോക്തൃ സംരക്ഷണ നിയമം പാസാക്കിയത്. താരതമ്യേന കുറഞ്ഞ പണച്ചെലവിലും എന്നാൽ വേഗതയിലും ഉപഭോക്താവിന്റെ പ്രശ്നങ്ങൾക്ക് തീർപ്പു കല്പിക്കാൻ ഈ നിയമം മൂലം സാധിക്കുന്നു. വ്യാപാരിക്കോ വ്യവസായിക്കോ ദോഷം ചെയ്യുന്ന ഒരു നിയമമല്ല ഇത്. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം സംസ്ഥാനതലങ്ങളിലും ജില്ലാതലങ്ങളിലും ഉപഭോക്തൃ തർക്ക പരിഹാര കോടതികൾ സ്ഥാപിച്ചിട്ടുണ്ട്. ഉപഭോക്താവിന്റെ ഏതു പരാതിയും ഈ സഭയിൽ സമർപ്പിക്കാം. നഷ്ടപരിഹാരത്തുക ഒരു ലക്ഷം രൂപയിൽ കവിയാത്ത പക്ഷം അത് സംബന്ധിച്ചുളള പരാതികളിൽ തീർപ്പുകൽപ്പിക്കാൻ ജില്ലാ ന്യായ സഭയ്ക്ക് അധികാരമുണ്ട്. ജില്ലാ ന്യായ സഭയുടെ തീരുമാനം നീതിയുക്തമല്ലെന്ന് ചിന്തിക്കുന്ന ഏതൊരാൾക്കും സംസ്ഥാന ന്യായ സഭ മുമ്പാകെ നിർദ്ദിഷ്ട വ്യവസ്ഥ പ്രകാരം അപ്പീൽ സമർപ്പിക്കാം.
സംസ്ഥാനത്തിനകത്തുള്ള ഏതു ജില്ലാ ന്യായ സഭയുടെയും കൽപ്പനകൾക്കെതിരായുള്ള അപ്പീലുകൾ സ്വീകരിക്കാനും തീർപ്പ് കൽപ്പിക്കാനും സംസ്ഥാന ന്യായ സഭയ്ക്ക് അധികാരമുണ്ട്. ഈ സഭയുടെ ഉത്തരവ് തൃപ്തികരമോ നീതിയുക്തമോ അല്ലെന്ന് കരുതുന്ന ഏതൊരാൾക്കും ഉത്തരവ് പുറപ്പെടുവിച്ച് 30 ദിവസത്തിനകം ദേശീയ സഭക്ക് മുമ്പാകെ അപ്പീൽ സമർപ്പിക്കാം. ഉപഭോക്താവിന്റെ പരാതി നേരിട്ടോ അയാളുടെ പ്രതിനിധി മുഖേനയോ രജിസ്റ്റർ ചെയ്ത കത്തു മുഖേനയോ ന്യായ സഭകൾക്ക് സമർപ്പിക്കാം. പരാതിക്കാരന്റെ പേരും മേൽവിലാസവും പൂർണ വിവരങ്ങളും പരാതിയിൽ ഉണ്ടായിരിക്കണം. എതിർ കക്ഷിയുടെ പേരും മേൽവിലാസവും ലഭ്യമാകുന്നിടത്തോളം പൂർണ വിവരങ്ങളും പരാതിയിൽ കാണിച്ചിരിക്കണം. പരാതിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾക്ക് ആവശ്യമായ രേഖകളും പരാതിക്കാരൻ അവകാശപ്പെടുന്ന പ്രതിവിധിയും വ്യക്തമായി എഴുതിയിരിക്കണം.
സിനിമ കാണാൻ ടിക്കറ്റ് എടുത്തയാൾക്ക് തിയ്യേറ്ററിൽ സീറ്റു ലഭിക്കാതെ പോയ സംഭവത്തിൽ തിയ്യേറ്റർ ഉടമ നഷ്ടപരിഹാരം നൽകിയതും യാത്രക്കിടയിൽ ബസിന്റെ യന്ത്രഭാഗങ്ങളിലുടക്കി സാരി കീറിയതിന് ബസുടമ യാത്രക്കാരിക്ക് നഷ്ടപരിഹാരം നൽകിയതും സമീപകാല സംഭവങ്ങളാണ്. ഉപഭോക്തൃ നിയമങ്ങൾ ജനങ്ങൾ നന്നായി മനസിലാക്കിത്തുടങ്ങി എന്നുള്ളതിന്റെ തെളിവാണ് ഇതൊക്കെ. സാധനങ്ങൾക്ക് അമിതമായ വില ഈടാക്കിയാലോ അർഹതപ്പെട്ട സേവനമോ സാധനമോ മോശമായാലോ, അളവിലും തൂക്കത്തിലും കൃത്രിമം കാട്ടിയാലോ, റേഷൻ, തപാൽ, വൈദ്യുതി വിതരണ മേഖലകളിലെ സേവനവും വിതരണവും മോശമായാലോ ജനങ്ങൾക്ക് ഉപഭോക്തൃ കോടതിയെ സമീപിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |