
ലോകത്തെ പല പരിവർത്തനങ്ങൾക്കും പരിഷ്കരണങ്ങൾക്കും എല്ലാക്കാലവും മുന്നിൽ നിന്നിട്ടുള്ളത് വിദ്യാർത്ഥി സമൂഹമാണ്. പ്രത്യേകിച്ച് കോളേജ് വിദ്യാർത്ഥികൾ. മാറ്റങ്ങളുടെയെല്ലാം പതാകവാഹകരാണ് ഈ വിഭാഗം. ചരിത്രഗതിയെ നയിക്കുന്നതും നിയന്ത്രിക്കുന്നതും വിദ്യാർത്ഥി സമൂഹം തന്നെ. അവരുടെ അതിരുവിട്ട ആശങ്കകളും നിരാശകളും അസ്വസ്ഥതകളും കലാപങ്ങളും ഉണ്ടാക്കിയിട്ടുണ്ടെന്നതും വസ്തുതയാണ്. വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം അവരുടെ ചിന്തകളെയും തീരുമാനങ്ങളെയും ഗണ്യമായി സ്വാധീനിക്കുന്നു. ഭരണാധികാരികളും പ്രസ്ഥാനങ്ങളും വിദ്യാർത്ഥികളുടെ മനസ് വായിക്കുന്നതിൽ പലപ്പോഴും പരാജയപ്പെടാറുണ്ട്. അതാണ് വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ഉടലെടുക്കാൻ കാരണം. വിദ്യാർത്ഥികളുടെ ശാരീരിക - മാനസികാരോഗ്യ സംരക്ഷണത്തിനായി കോളേജുകളിൽ വിദ്യാർത്ഥി സേവനകേന്ദ്രം വേണമെന്ന യു.ജി.സി നിർദ്ദേശം തികച്ചും സ്വാഗതാർഹമാണ്.
എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർത്ഥി സേവന കേന്ദ്രങ്ങൾ (സ്റ്റുഡന്റ്‌സ് സർവീസ് സെന്റർ) ആരംഭിക്കണമെന്നാണ് നിർദ്ദേശം. മാനസിക പിരിമുറുക്കവും വൈകാരിക പ്രശ്നങ്ങളുമടക്കം വിദ്യാർത്ഥികളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനുള്ള ഏകജാലക സംവിധാനമാണിത്. ജീവിതശൈലിയിലും ഭൗതിക സാഹചര്യങ്ങളിലും വന്ന വലിയ മാറ്റങ്ങൾ വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം ഉയർത്തുന്നു എന്നത് യാഥാർത്ഥ്യമാണ്. വീട്ടുകാരോ അദ്ധ്യാപകരോ അതിന്റെ ഭവിഷ്യത്തുകൾ വേണ്ട രീതിയിൽ മനസിലാക്കുന്നില്ല. തങ്ങൾ എല്ലാ രീതിയിലും അവഗണിക്കപ്പെടുന്നു എന്ന തോന്നൽ പലരെയും വഴിതെറ്റിക്കുന്നു. ചതിക്കുഴികളിലും കെണികളിലും ഇതുമൂലം ചെന്നുപെടുന്നവരും കുറവല്ല. ആ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ യു.ജി.സി നിർദ്ദേശം സഹായിക്കും.
ഗ്രാമീണ മേഖലയിലുള്ളവർ, വിദ്യാർത്ഥിനികൾ, ഭിന്നശേഷിക്കാർ, വ്യത്യസ്ത സാംസ്കാരിക ചുറ്റുപാടുകളിൽ നിന്നുള്ളവർ എന്നിവരുടെ പ്രശ്നങ്ങൾ മുൻഗണനയോടെ പരിഗണിക്കണം. സേവനം തേടുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം. മാനസികാരോഗ്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പാഠങ്ങൾ സിലബസിലുൾപ്പെടുത്തണമെന്നും നിർദ്ദേശങ്ങളിലുണ്ട്. വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിന് ഗുണകരമാകുന്ന നിരവധി നിർദ്ദേശങ്ങൾ യു.ജി.സി പുറപ്പെടുവിച്ചിട്ടുണ്ട്.
സേവന കേന്ദ്രങ്ങളിൽ ശാരീരിക - മാനസിക ആരോഗ്യകേന്ദ്രങ്ങളിൽ നിന്നുള്ള പുരുഷ - വനിതാ കൗൺസിലർമാരും വിദഗ്ദ്ധരുമുണ്ടാകണം. മനഃശാസ്ത്രം, ഫിസിക്കൽ എഡ്യൂക്കേഷൻ, സോഷ്യൽ വർക്ക്, സോഷ്യോളജി വിഷയങ്ങളിലെ ഡീൻ / ഡയറക്ടർ പദവിയിലുള്ളയാളാകണം കേന്ദ്രത്തിന്റെ തലവൻ. കോളേജുകളിൽ ഈ വകുപ്പുകളില്ലെങ്കിൽ മറ്റു കോളേജുകളിൽ നിന്നോ സാർവകലാശാലാ വകുപ്പുകളിൽ നിന്നോ നിയമിക്കാം. കൗൺസലിംഗ്, ഗൈഡൻസ്, ഓൺലൈൻ സേവനങ്ങൾ, ഹെൽപ്പ് ലൈൻ നമ്പർ എന്നിവ സേവന കേന്ദ്രത്തിലുണ്ടാകണം.
കോളേജ് പ്രവേശന സമയത്ത് വിദ്യാർത്ഥികളിൽ നിന്ന് സ്പോർട്സ് ഫീസ് ഈടാക്കുന്നുണ്ട്. പക്ഷെ ഒന്നോ രണ്ടോ ശതമാനം കുട്ടികളേ കായിക പരിശീലന സൗകര്യങ്ങൾ ഉപയോഗിക്കുന്നുള്ളൂ. ക്യാമ്പസിൽ ഔട്ട് ഡോർ, ഇൻഡോർ സ്‌പോർട്സ് പരിശീലന സൗകര്യങ്ങളൊരുക്കണമെന്നും യു.ജി.സി നിർദ്ദേശിച്ചിട്ടുണ്ട്. പരീക്ഷക്കാലത്തും മറ്റും കൗൺസലർമാരുടെ പ്രത്യേക ശ്രദ്ധയുണ്ടാകണമെന്നതാണ് മറ്റൊരു വിലപ്പെട്ട നിർദ്ദേശം. സേവനകേന്ദ്രങ്ങളെ ആരോഗ്യകേന്ദ്രങ്ങളുമായും ബന്ധിപ്പിക്കണം. ആവശ്യമെങ്കിൽ മനോവിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കുകയും വേണം.
നിർദ്ദേശങ്ങൾക്കും ശുപാർശകൾക്കുമൊന്നും ഒരുകാലത്തും നമ്മുടെ നാട്ടിൽ ക്ഷാമമുണ്ടാകാറില്ല. എന്നാൽ അവയിൽ ക്രിയാത്മകവും ഗുണപരവുമായ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കുന്നതിലാണ് യഥാർത്ഥ വിജയം. പല ശുപാർശകൾക്കും അങ്ങനെയൊരു വിജയം പലപ്പോഴും വിധിച്ചിട്ടില്ല. വിദ്യാർത്ഥി സമൂഹത്തിനാകെ ഗുണകരമായ ഈ നിർദ്ദേശങ്ങൾക്ക് അങ്ങനെയൊരു വിധി വരാതിരിക്കട്ടെ. നാളത്തെ ഉത്തമ പൗരന്മാരായി മാറാനും രാജ്യത്തെ നയിക്കാനും വിദ്യാർത്ഥികളെ പാകപ്പെടുത്താൻ യു.ജി.സി നിർദ്ദേശങ്ങൾക്ക് കഴിയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |