
ന്യൂഡൽഹി: തമിഴ് കവിയും നോവലിസ്റ്റും ഗാനരചയിതാവുമായ ആർ.വൈരമുത്തുവിന് (72) 2025ലെ ജ്ഞാനപീഠ പുരസ്കാരം. 11 ലക്ഷം രൂപയും വാഗ്‌ദേവതയുടെ ശില്പവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. തമിഴ്‌നാട്ടിൽ നിന്നു ജ്ഞാനപീഠ പുരസ്കാരം നേടുന്ന മൂന്നാമത്തെ വ്യക്തിയാണ്. രാജ്യം പദ്മശ്രീ, പദ്മഭൂഷൺ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.
'കള്ളിക്കാട്ടു ഇതിഹാസം" എന്ന കൃതിക്കു കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചിട്ടുണ്ട്. കവിതകളും നോവലുകളും അടക്കം 37 കൃതികളുടെ സ്രഷ്ടാവാണ്. ഏഴുതവണ ഗാനരചയിതാവിനുള്ള ദേശീയ അവാർഡും ആറു സംസ്ഥാന അവാർഡുകളും ലഭിച്ചു. 7,500ലധികം ഗാനങ്ങളും കവിതകളും രചിച്ചിട്ടുണ്ട്.
ചെന്നൈയിലെ പച്ചയ്യപ്പാസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം പരിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വിദ്യാഭ്യാസ കാലം മുതൽ കവിതകൾ എഴുതിത്തുടങ്ങി. 1980ൽ ഭാരതിരാജയുടെ നിഴൽഗൾ എന്ന ചിത്രത്തിലൂടെ ഗാനരചയിതാവായി അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ 'ഇതു ഒരു പൊൻ മാളി പോഡു" എന്ന ഗാനം ഹിറ്റായി. ഇളയരാജ, എ.ആർ.റഹ്മാൻ തുടങ്ങിയ പ്രമുഖ സംഗീതസംവിധായകർക്കൊപ്പം നിരവധി ഹിറ്റ് ഗാനങ്ങൾ ചെയ്തിട്ടുണ്ട്. ചില സിനിമകൾക്ക് തിരക്കഥയും സംഭാഷണവും എഴുതി. അവാർഡ് തമിഴ് നാടിനും ജനങ്ങൾക്കും സമർപ്പിക്കുന്നുവെന്ന് വൈരമുത്തു പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |