
കരുനാഗപ്പള്ളി: ഗുണ്ടാ നേതാവായിരുന്ന കരുനാഗപ്പള്ളി ജിം സന്തോഷ് കൊലക്കേസിലെ രണ്ടാം പ്രതി അലുവ അതുലിനെ (31) നാലംഗ സംഘം പട്ടാപ്പകൽ നടുറോഡിലിട്ട് വടിവാളിന് വെട്ടിക്കൊലപ്പെടുത്തി. ഗുണ്ടാസംഘങ്ങളുടെ പകയാണ് ദേശീയപാതയിൽ നാടുനടുങ്ങിയ അരുംകൊലയ്ക്ക് പിന്നിൽ.
അതുലിനെ കൊലപ്പെടുത്തിയ സംഘത്തിൽ ഉൾപ്പെട്ട രണ്ടുപേർ ഉൾപ്പടെ നാലുപേർ അറസ്റ്റിലായി. കൊലയാളി സംഘത്തിൽ ഉൾപ്പെട്ട നൗഫൽ, ജിനു എന്നിവരും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച രണ്ടുപേരുമാണ് പിടിയിലായത്. അതുൽ സഞ്ചരിച്ച സ്വഫ്ട് കാറിൽ ഇന്നോവ കൊണ്ടിടിച്ച് കുഴിയിലേക്ക് വീഴ്ത്തിയ ശേഷമായിരുന്നു ആക്രമണം. അതുലിനൊപ്പമുണ്ടായിരുന്ന ഓച്ചിറ സ്വദേശി മനുവിന് ഇടത് കൈയ്ക്ക് വെട്ടേറ്റെങ്കിലും ഓടി രക്ഷപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാവിലെ 11ന് കരുനാഗപ്പള്ളി പുതിയകാവ് കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിന് സമീപമായിരുന്നു സംഭവം.
മൂന്ന് ദിവസം മുമ്പാണ് അതുൽ ജാമ്യത്തിലിറങ്ങിയത്. എല്ലാ ശനിയാഴ്ചയും കരുനാഗപ്പള്ളി സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇന്നലെ ഒപ്പിട്ട ശേഷം മടങ്ങുകയായിരുന്നു. ഇതിനിടെ ഇന്നോവ അതുലിന്റെ സ്വിഫ്ട് കാറിനെ പിന്തുടർന്നു. അതുലാണ് കാർ ഓടിച്ചിരുന്നത്. പുതിയകാവിലെത്തിയപ്പോൾ ഇന്നോവ സ്വിഫ്ടിന്റെ പിന്നിലിടിച്ചു. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി മണ്ണ് നീക്കി രൂപപ്പെട്ട കുഴിയിലേക്ക് കാർ വീണു. ഇതോടെ ഇന്നോവയിൽ നിന്നിറങ്ങിയ സംഘം ജനങ്ങൾ നോക്കിനിൽക്കെ കാറിന്റെ ചില്ല് തകർത്ത് അതുലിനെ തലങ്ങും വിലങ്ങും വെട്ടി. തടയാൻ ശ്രമിക്കുന്നതിനിടെയാണ് മനുവിന് വെട്ടേറ്റത്. ശരീരമാസകലം വെട്ടേറ്റ അതുലിനെ കാറിൽ നിന്ന് റോഡിലേക്ക് വലിച്ചിട്ട് വീണ്ടും പലതവണ വെട്ടിയ ശേഷം ഓച്ചിറ ഭാഗത്തേക്ക് വാഹനത്തിൽ രക്ഷപ്പെട്ടു. വൈകാതെ ആംബുലൻസ് എത്തിയെങ്കിലും സ്ഥലത്തുണ്ടായിരുന്നവർ അതുലിനെ എടുത്ത് കയറ്റാൻ തയ്യാറായില്ല. കരുനാഗപ്പള്ളി പൊലീസെത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.
ജിം സന്തോഷിനെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുന്നതിനിടെ അലുവ അതുൽ ഉൾപ്പെട്ട സംഘം വവ്വാക്കാവിൽ വച്ച് സന്തോഷിന്റെ സുഹൃത്തായ ഓച്ചിറ കടത്തൂർ കണ്ണമ്പള്ളിൽ അനീറിനെയും വെട്ടിയിരുന്നു.
പ്രതികൾ സഞ്ചരിച്ച സ്വിഫ്ട് കാറും പൊലീസ് പിടിച്ചെടുത്തു. കൊലയാളി സംഘം സഞ്ചരിച്ചിരുന്ന ഇന്നോവ കാറിനൊപ്പം ഒരു സ്വിഫ്ട് കാറുമുണ്ടായിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അതുലിന്റെ അച്ഛൻ അശോകന് പലഹാര നിർമ്മാണമായിരുന്നു ഉപജീവനം. ഇങ്ങനെയാണ് മകന് അലുവ അതുലെന്ന പേരുവീണത്. നേരത്തെ കൽപ്പണിക്കാരനായിരുന്നു അതുൽ. പ്രതീക്ഷയാണ് ഭാര്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |