
തിരുവനന്തപുരം: കുടുംബ ആരോഗ്യ കേന്ദ്രങ്ങളിൽ 152 പുതിയ തസ്തികകളും സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 1857 അദ്ധ്യാപക അധിക തസ്തികകളും അനുവദിക്കാൻ മന്ത്രിസഭ തീരുമാനം.
കുടുംബ ആരോഗ്യ കേന്ദ്രങ്ങളിൽ മെഡിക്കൽ ഓഫീസർ, നഴ്സിംഗ് ഓഫീസർ,ലാബ് ടെക്നിഷ്യൻ ഗ്രേഡ് 2 ഫാർമസിസ്റ്റ് ഗ്രേഡ് 2 തുടങ്ങിയ തസ്തികകളാണ് സൃഷ്ടിക്കുന്നത്.
കണ്ണൂർ സർക്കാർ ആയുർവേദ കോളേജിൽ ക്രിയാശരീര വകുപ്പിൽ ഒരു പ്രൊഫസർ തസ്തികയും ഒരു അസിസ്റ്റന്റ് പ്രൊഫസർ തസ്തികയും സൃഷ്ടിക്കും.
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 2025 - 26 അദ്ധ്യയന വർഷത്തിൽ നടത്തിയ തസ്തിക നിർണയത്തിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച ശുപാർശ അംഗീകരിച്ചു കൊണ്ടാണ് 1857 അദ്ധ്യാപക അധിക തസ്തികകൾ അനുവദിക്കുന്നത്. സർക്കാർ സ്‌കൂളുകളിൽ 655 ഉം എയ്ഡഡ് സ്‌കൂളുകളിൽ 1202 ഉം അധിക തസ്തികകളാണ് സൃഷ്ടിക്കുന്നത്. തസ്തികകൾക്ക് 1.10.2025 മുതൽ പ്രാബല്യം അനുവദിക്കും.
സ്കൂൾ തസ്തിക നിർണയ നടപടികൾ പൂർത്തിയായി: മന്ത്രി ശിവൻകുട്ടി
സംസ്ഥാനത്ത് 2025-26 അദ്ധ്യയന വർഷത്തെ സ്കൂൾ തസ്തിക നിർണയ നടപടികൾ പൂർത്തിയായി. ആകെ 1857 അധിക തസ്തികകൾ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. സർക്കാർ സ്‌കൂളുകളിൽ 655-ഉം എയ്ഡഡ് മേഖലയിൽ 1202-ഉം തസ്തികകളാണ് അനുവദിച്ചത്. അധിക തസ്തികകളുടെ പ്രാബല്യ തീയതി അതത് അക്കാഡമിക വർഷം ഒക്ടോബർ 1 മുതലാണ്. പുനർവിന്യാസത്തിന് ശേഷം 500-ഓളം ഒഴിവുകൾ ഉടൻ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും.അദ്ധ്യാപകരുടെ ജോലി സുരക്ഷ ഉറപ്പാക്കാൻ സുപ്രധാന ഇളവുകളുമുണ്ട്. തസ്തിക നിർണ്ണയത്തിനായി യു.ഐ.ഡി സമർപ്പിക്കാനുള്ള കാലാവധി 2026 ആഗസ്റ്റ് 20 വരെ നീട്ടി. അദ്ധ്യാപക ബാങ്ക് ആനുകൂല്യം 2022 മാർച്ച് 31 വരെ നിയമിക്കപ്പെട്ടവർക്കും ലഭ്യമാക്കും. ഈ തീരുമാനത്തിലൂടെ പുറത്തുനിൽക്കുന്ന 242 അദ്ധ്യാപകർക്ക് ജോലിയിൽ പ്രവേശിക്കാനാകും. 30,000 പേർക്ക് പരോക്ഷ ഗുണവും ലഭിക്കും. കുട്ടികളുടെ മൗലികാവകാശവും അദ്ധ്യാപകരുടെ തൊഴിൽ സംരക്ഷണവും മുൻനിറുത്തിയാണ് സർക്കാർ നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |