SignIn
Kerala Kaumudi Online
Saturday, 25 April 2026 4.57 AM IST

ഡോ. വന്ദനാ ദാസ് വധക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ, ശിക്ഷാവിധി മറ്റന്നാൾ

Increase Font Size Decrease Font Size Print Page
vandana

കൊല്ലം: കോളിളക്കം സൃഷ്ടിച്ച ഡോ. വന്ദനാ ദാസ് വധക്കേസിൽ പ്രതി സന്ദീപിന് കുറ്റക്കാരനെന്ന് കോടതി. ശിക്ഷ മറ്റന്നാൾ പ്രഖ്യാപിക്കും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് സന്ദീപ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസിൽ പൊലീസ് ഉദ്യോഗസ്ഥർ, ഫോറൻസിക് വിദഗ്ദ്ധർ, ചികിത്സിച്ച ഡോക്ടർമാർ തുടങ്ങി എഴുപതിലധികം സാക്ഷികളെയാണ് വിസ്തരിച്ചത്. 22 തൊണ്ടിമുതലുകളും 207 രേഖകളും ഹാജരാക്കുകയും ചെയ്തു. കേസിലെ ഏക പ്രതിയാണ് സന്ദീപ്.

സംസ്ഥാനത്ത് ആദ്യമായി ഒരു ഡോക്ടർ ആശുപത്രിയിൽ കൊല്ലപ്പെട്ട സംഭവമാണ് ഡോ. വന്ദനാദാസിന്റെ നിഷ്ഠൂര കൊലപാതകം.നെടുമ്പനയിലെ എയ്ഡഡ് സ്കൂൾ അദ്ധ്യാപകനായിരുന്ന കുടവട്ടൂർ സ്വദേശി സന്ദീപാണ് ഡോ.വന്ദനയെ മദ്യലഹരിയിൽ കതിക്ര ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയത്. 2023 മേയ് 10ന് പുലർച്ചെ 4.35ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. നെഞ്ചത്തും തലയിലും ആഴത്തിലുണ്ടായ മുറിവുകളായിരുന്ന മരണ കാരണം. കോട്ടയം കടുത്തുരുത്തി കുറ്റിച്ചിറ നമ്പിച്ചിറകാലയിൽ വീട്ടിൽ കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ്. മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജിൽ നിന്ന് എം ബി ബി എസ് പൂർത്തിയാക്കി. ഹൗസ് സർജൻസിക്കാണ് താലൂക്ക് ആശുപത്രിയിൽ എത്തിയത്.

സന്ദീപ് മേയ് 10ന് പുലർച്ചെ മൂന്നോടെ കൊല്ലം റൂറൽ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് താൻ അപകടത്തിൽപ്പെട്ടെന്നും രക്ഷിക്കണമെന്നും അഭ്യർത്ഥിച്ചു. പൊലീസ് എത്തിയപ്പോൾ കാലിൽ പരിക്കേറ്റ് അയൽവാസിയുടെ പറമ്പിൽ നിൽക്കുകയായിരുന്നു. അയൽവാസികളെയും കൂട്ടി സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചു. ഡ്യൂട്ടി ഡോക്ടർ മുറിവ് ഡ്രസ് ചെയ്യാൻ നിർദ്ദേശിച്ചു. ഒ പി ടിക്കറ്റുമായി സന്ദീപിനൊപ്പം ഡ്രസിംഗ് റൂമിലേക്ക് പോയ ഡോ. വന്ദന പിന്നീട് ഒബ്സർവേഷൻ റൂമിലേക്ക് പോയി. ഇതിനിടെ കാഷ്വാലിറ്റിയിൽ വച്ച് അക്രമാസക്തനായ സന്ദീപ് ഒപ്പമെത്തിയവരെ ആക്രമിച്ച ശേഷം ഒബ്സർവേഷൻ റൂമിലേക്ക് പാഞ്ഞെത്തി.

ഡ്രസിംഗ് റൂമിൽ നിന്ന് കൈക്കലാക്കിയ കത്രിക ഉപയോഗിച്ച് ഡോ. വന്ദനയെ 27 തവണ കുത്തുകയായിരുന്നു. പ്രതിക്കെതിരെ ഭാര്യയും മൊഴി നൽകിയിരുന്നു. സന്ദീപ് മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവായിരുന്നു. ഇതോടെ ഭാര്യ പിണങ്ങിപ്പോവുകയായിരുന്നു. തനിക്ക് മനോവിഭ്രാന്തിയുണ്ടെന്നായിരുന്നു പ്രതിയുടെ പ്രധാനവാദം. സുപ്രീംകോടതി ഉത്തരവ് പ്രകാരം പ്രതിയുടെ മാനസികനില വിദഗ്ദ്ധസംഘം പരിശോധിച്ചതോടെ ഈ വാദം പൊളിയുകയായിരുന്നു. സന്ദീപിനെ പിന്നീട് സർവീസിൽ നിന്ന് പുറത്താക്കി.

TAGS: VANDANA DAS MURDER CASE, VERDICT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.