
ന്യൂഡൽഹി: രാജ്യത്തെ പ്രതിരോധ മേഖലയിലും കയറ്റുമതിയിലും നിർണായക ചുവടുവയ്‌പ്പുമായി കേന്ദ്ര സർക്കാർ. ചൈനയും റഷ്യയുമടക്കം ഡ്രോൺ നിർമ്മാണത്തിൽ ഇന്ത്യ ആശ്രയിക്കുന്ന വിദേശരാജ്യങ്ങളുടെ സ്വാധീനം കുറയ്‌ക്കാനാണ് 1800 കോടി രൂപയുടെ ഡ്രോൺ പദ്ധതി കേന്ദ്രം കൊണ്ടുവരുന്നത്. ഡ്രോണുകളുടെ നിർണായകമായ ഘടകങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നതിന് സാദ്ധ്യതകൾ തേടുന്നതിനാണ് വൻ പദ്ധതിയൊരുങ്ങുന്നത്. ഡ്രോൺ വികസനത്തിനും ഗവേഷണത്തിനും പിന്തുണയ്‌ക്കായി 600 കോടി രൂപയും നിർമ്മാണം, എയർഫ്രെയ്‌മുകൾ, മോട്ടറുകൾ എന്നീ ഭാഗങ്ങളുടെ നിർമ്മാണം, വിൽപന എന്നിവയ്‌ക്കും 1200 കോടി രൂപ എന്നിങ്ങനെയാണ് നീക്കി വയ്‌ക്കുക. 2030ഓടെ ഡ്രോൺ നിർമ്മാണത്തിലും അവയുടെ സർവീസിലും ലോകശക്തിയായി മാറാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ഇപ്പോൾ 4500 കോടിരൂപയുടെ മൂല്യമാണ് ഇന്ത്യൻ ഡ്രോൺ വിപണിക്കുള്ളത്. ഇത് വരുന്ന രണ്ട് വർഷംകൊണ്ട് 1.66 ലക്ഷം കോടിയായി ഉയർത്താനാണ് ശ്രമം. ഇതിനായി അദാനി ഡിഫൻസ്, ടാറ്റ അഡ്വാൻസ്‌ഡ് സിസ്‌റ്റംസ്, ന്യൂ സ്‌പേസ് റിസർച്ച് ആൻഡ് ടെക്‌നോളജീസ്, ഐഡിയഫോർജ് എന്നിങ്ങനെ വമ്പൻമാർ മുൻപന്തിയിലുണ്ട്. എന്നാൽ വലിയ കമ്പനികൾക്ക് മാത്രം സർക്കാരിന്റെ സഹായം ലഭിക്കുന്നത് ഈ മേഖലയിൽ വളർച്ചയുണ്ടാകാൻ സഹായിക്കില്ല എന്നാണ് വിദഗ്ദ്ധർ വ്യക്തമാക്കുന്നത്.
നിലവിൽ ചെറുകിട ഡ്രോൺ നിർമ്മാണ കമ്പനികൾ അതിന്റെ ഘടകങ്ങൾ പകുതിയിലേറെയും ചൈനയിൽ നിന്നാണ് വരുത്തുന്നത്. ഇത് രാജ്യസുരക്ഷയ്‌ക്ക് എന്നപോലെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്‌ക്കും ദോഷമാണ് ചെയ്യുന്നത്. ഇക്കാര്യങ്ങളിൽ ചൈനയെ ആശ്രയിക്കുന്നത് ഒഴിവാക്കാനാണ് ശ്രമം, ഇതിനായി ഡ്രോണിന്റെ വിവിധ ഭാഗങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കണം.
ഡ്രോണിന്റെ രൂപഘടനയിലെ പ്രധാനമായ എയഫ്രെയിം, അതിന്റെ നീക്കം നിയന്ത്രിക്കുന്ന പ്രൊപ്പല്ലറുകൾ, വൈദ്യുത മോട്ടോറുകൾ, സ്ഥാനനിർണയത്തിന് ആധുനിക ജിപിഎസ് മോഡ്യൂളുകൾ, വിവരശേഖരം നടത്തുന്ന സെൻസറുകൾ, ഫ്‌ളൈറ്റ് കൺട്രോളറുകൾ, ചാർജ് ചെയ്യുന്നതിന് ആവശ്യമായ ലിഥിയം പോളിമർ ബാറ്ററികൾ എന്നിവയാണ് ഇന്ത്യയിൽ തന്നെ നിർമ്മിക്കേണ്ടത്. ഡ്രോൺ സാങ്കേതിക വിദ്യ വികസനം കേവലം പ്രതിരോധത്തിനും കയറ്റുമതിക്കും മാത്രമല്ല രാജ്യാതിർത്തി നിരീക്ഷണം, കാർഷിക മേഖലയിൽ ഓരോ വിളകളുടെയും നിരീക്ഷണം, കീടനാശിനികളടക്കം മരുന്നുകൾ തളിക്കുന്നതും ലോജിസ്‌റ്റിക്, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി മേഖലകളിലും ഡ്രോണുകളെ ഉപയോഗിക്കുന്നതും ആലോചനയിലുണ്ട്. ഏറെ പ്രയാസകരമായ മേഖലയിൽ മരുന്നുകളും അവശ്യവസ്‌തുക്കളും എത്തിക്കുന്നതിനും ഡ്രോണുകളെ ഉപയോഗിക്കാം. നിലവിൽ ഭാരത് ഡ്രോൺ സ്റ്റാക്ക് ആണ് രാജ്യത്തെ ഡ്രോൺ വ്യവസായത്തെ മുന്നിലെത്തിക്കുന്നതിന് കാരണമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |