
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ചിഹ്നം ഉപയോഗിക്കുന്നത് സംബന്ധിച്ച അവ്യക്തതകൾ നീക്കാൻ ഇറക്കിയ പുതിയ ഉത്തരവ് അബദ്ധ പഞ്ചാംഗമായെന്ന് ആക്ഷേപം. ഔദ്യോഗിക ചിഹ്നം ഉപയോഗിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ 13നാണ് പൊതുഭരണ (പ്രോട്ടോക്കോൾ) വകുപ്പ് ഉത്തരവിറക്കിയത്. ചിഹ്നത്തിന്റെ ഉപയോഗവും ദുരുപയോഗം തടയലും സംബന്ധിച്ച മാർഗ്ഗനിർദ്ദേശം എന്ന നിലയിലാണ് ഉത്തരവിറക്കിയത്.
ഭരണഘടന സ്ഥാപനമായ അഡ്വക്കറ്റ് ജനറൽ മാർഗ്ഗനിർദ്ദേശ പട്ടികയിൽ ഇടംപിടിച്ചിട്ടില്ലെന്നതാണ് ഒന്നാമത്തെ വീഴ്ച. അഡ്വക്കറ്റ് ജനറൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ചാൽ അത് നിയമവിരുദ്ധ പ്രവൃത്തിയായി മാറുമത്രെ! നിലവിൽ എ.ജിക്ക് ഔദ്യോഗിക ചിഹ്നം ഉപയോഗിക്കാമായിരുന്നു. ഹൈക്കോടതിയിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിഹ്നം പ്രദർശിപ്പിക്കേണ്ടതാണെന്ന നിർദ്ദേശമാണ് രണ്ടാമത്തെ വീഴ്ച. ഹൈക്കോടതികളിൽ പ്രദർശിപ്പിക്കേണ്ടത് ഭാരതത്തിന്റെ ഔദ്യോഗിക മുദ്രയാണ്. കെ.എ.എസ് ഉദ്യോഗസ്ഥരെ, തങ്ങൾ പുറപ്പെടുവിക്കുന്ന ഉത്തരവുകളിലോ ഉപയോഗിക്കുന്ന ലെറ്റർപാഡുകളിലോ കേരളത്തിന്റെ ഔദ്യോഗിക മുദ്ര ഉപയോഗിക്കുന്നതിൽ നിന്നു വിലക്കിയിട്ടുണ്ടെന്നതാണ് മറ്റൊരു വികൃതി. സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി ഇല്ലാതെ ഒരു വ്യക്തിയും സംസ്ഥാന ചിഹ്നത്തെയോ അതുമായി സാദൃശ്യമുള്ള ചിഹ്നങ്ങളോ ഉപയോഗിക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.
ഔദ്യോഗിക ചിഹ്നം ഉപയോഗിക്കാവുന്നിടം
1.ഗവർണർ, മുഖ്യമന്ത്രി, സ്പീക്കർ, സംസ്ഥാന മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ഡെപ്യൂട്ടി സ്പീക്കർ, ഗവൺമെന്റ് ചീഫ് വിപ്പ് /ക്യാബിനറ്റ് പദവി ലഭിച്ചിട്ടുള്ള വിശിഷ്ട വ്യക്തികൾ.
2. കേരള ലോക് ഭവനിലെയും കേരള നിയമസഭയിലെയും ഓഫീസുകൾ, അവിടത്തെ ഗസറ്റഡ് ഓഫീസർമാർ.
3. പ്ളാനിംഗ് ബോർഡ് ഓഫീസ്, അവിടത്തെ ഗസറ്റഡ് ഓഫീസർമാർ. (സ്വന്തമായി മുദ്ര സ്വീകരിച്ചിട്ടില്ലെങ്കിൽ)
4. ചീഫ് ഇലക്ടറൽ ഓഫീസർ, കാര്യാലയം, ഗസറ്റഡ് ഓഫീസർമാർ.
5. കേരള പബ്ളിക് സർവീസ് കമ്മീഷൻ (സ്വന്തമായി മുദ്ര സ്വീകരിച്ചിട്ടില്ലെങ്കിൽ)
6. നിയമസഭ പാസാക്കിയ ആക്ട് പ്രകാരമോ സംസ്ഥാന സർക്കാർ രൂപവത്കരിച്ചതോ സ്ഥാപിച്ചതോ ആയ കമ്മിഷനും അധികാര സ്ഥാപനങ്ങളും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |