
പുത്തൻകുരിശ് എം.ജി.എം സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ സഹപാഠികളുടെ പരിഹാസാഗ്നിയിൽ ചെറുതായൊന്ന് വാടിയിട്ടുണ്ടെന്നതൊഴിച്ചാൽ ഏത് പ്രതിസന്ധിയേയും മറികടക്കാനുള്ള ആത്മവിശ്വാസം ആർജിച്ചാണ് ജെയിന്റെ ഈ യാത്രയെന്ന് പലർക്കും അറിയില്ല. ജന്മനാ വിക്ക് (സംസാര വൈകല്യം) ബാധിച്ച കുട്ടിയായിരുന്നു ജെയിൻ. സ്കൂളിൽ എത്തിയപ്പോഴാണ് അതിന്റെ വേദന അറിയുന്നതെന്ന് മാത്രം. സഹപാഠികൾ 'വിക്കൻ" എന്ന് വിളിച്ച് കളിയാക്കിയപ്പോൾ വേറെ പോംവഴിയില്ലാതെ അവിടെ നിന്ന് വെട്ടിക്കൽ ദയറാ സ്കൂളിലേക്ക് മാറ്റിയപ്പോഴും ദുരനുഭവം ആവർത്തിച്ചു. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അമ്മയുടെ മുമ്പിൽ ആവലാതിപ്പെടാനേ അവന് നിവർത്തിയുണ്ടായിരുന്നുള്ള. ഇടവക പള്ളിയിലെ പുണ്യാളന് മുമ്പിൽ മുട്ടിപ്പായി പ്രാർത്ഥിക്കാനായിരുന്നു അമ്മയുടെ ഉപദേശം. വിങ്ങുന്ന മാതൃഹൃദയവും ഭക്തന്റെ ആത്മവിലാപവും സംഗമിച്ച പ്രാർത്ഥന അൾത്താരയിൽ പുതിയൊരത്ഭുതത്തിന് വഴിയൊരുക്കി. നിഷ്കളങ്കമായ കണ്ണീരുകണ്ട പുണ്യാളൻ, ആ അഞ്ചുവയസുകാരന്റെ വൈകല്യം സുഖപ്പെടുത്തി അനുഗ്രഹിച്ചു. പിന്നീടൊരിക്കലും ആ കണ്ഠത്തിൽ വാക്കുകൾ ഇടറിയിട്ടില്ലെന്ന് മാത്രമല്ല, സംസാരിച്ചുതുടങ്ങിയാൽ നാവിലൂടെ അനർഘനിർഗളം ഒഴുകിയെത്തുന്ന അനേകം പദസമ്പത്തുകളുടെ ഉടമയുമായി.
കുരുന്നുപ്രായത്തിൽ അനുഭവച്ചറിഞ്ഞ ആ ഈശ്വര ചൈതന്യവും മാതാപിതാക്കൾ പകർന്നുനൽകിയ സഹജീവിസ്നേഹവും ഭാവിയിലെ സാദ്ധ്യതകൾ മുൻകൂട്ടി വിലയിരുത്താനുള്ള ദീർഘവീക്ഷണവുമാണ് ഒരു സംരംഭകൻ എന്ന നിലയിൽ ജെയിൻ സി. ജേക്കബിനെ അപരാജിതനായി ഈ 51ാം വയസിലും മുന്നോട്ടുനയിക്കുന്നത്. കെ.എസ്.ആർ.ടി.സിയിൽ ചെക്കിംഗ് ഇൻസ്പെക്ടർ ആയിരുന്ന സി.വി. ജേക്കബിന്റെയും പൊതുമരാമത്ത് വകുപ്പിൽ ഓവർസീയർ ആയിരുന്ന ടി.പി. സാറാക്കുട്ടിയുടെയും രണ്ടുമക്കളിൽ മൂത്തവനാണ് ജെയിൻ. പത്താംക്ലാസ് കഴിഞ്ഞ് ഐ.ടി.ഐ ഓട്ടോമൊബൈലിനു ശേഷം മെക്കാനിക്കൽ ഡിപ്ലോമ പാസായെങ്കിലും സംരംഭകത്വത്തിലായിരുന്നു താൽപര്യം. 20-ാം വയസിൽ (1993) കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്ന് 6ലക്ഷംരൂപ വായ്പയെടുത്ത് വെൽഡിംഗ് റാഡ് മാനുഫാക്ച്വറിംഗ് യൂണിറ്റ് ആരംഭിച്ചു.
ബിസിനസിൽ യാതൊരു മുൻപരിചയവും ഇല്ലാതിരുന്ന ഞങ്ങൾ മുതൽ മുടക്കുമ്പോൾ അതിനുപിന്നിലെ വിജയപരാജയങ്ങളെക്കുറിച്ച് യാതൊന്നും ചിന്തിച്ചിരുന്നില്ലെന്നതാണ് യാഥാർത്ഥ്യം. മാർക്കറ്റിംഗിൽ നേരിട്ട പ്രതിസന്ധികൾ കാരണം 2006ൽ വെൽഡിംഗ് റാഡ് വ്യവസായം അടച്ചുപൂട്ടി. അതിൽ നിന്നുൾക്കൊണ്ട അനുഭവപാഠം പുതിയൊരു വ്യവസായത്തിന് മുതൽകൂട്ടായി. ഒറ്റത്തവണ മുതൽ മുടക്കിയാൽ നിത്യവരുമാനം ലഭിക്കുന്നൊരു സംരംഭം വേണമെന്നായിരുന്നു പിന്നീടുള്ള ചിന്ത. അങ്ങനെ കടയിരുപ്പ് എന്ന ഗ്രാമത്തിൽ ആദ്യമായി സ്വകാര്യ മേഖലയിൽ വെയർഹൗസ് ആരംഭിക്കാൻ തീരുമാനിച്ചു. ബാങ്കിൽ നിന്നും ഭാരിച്ച തുക ലോണെടുത്താണ് ഗോഡൗൺ നിർമാണം പൂർത്തിയാക്കിയത്.
സമീപ പ്രദേശത്തെ ചില മൾട്ടിനാഷണൽ കമ്പനികളുടെ സാന്നിദ്ധ്യമാണ് വെയർഹൗസ് എന്ന ആശയത്തിന് വഴിമരുന്നിട്ടത്. എന്നാൽ തുടക്കം പ്രതീക്ഷിച്ചപോലെ വിജയമായിരുന്നില്ല. കമ്പനികളൊക്കെ അവരുടെ സ്വന്തം ഗോഡൗണുകളെ മാത്രമേ അന്ന് ആശ്രയിച്ചിരുന്നുള്ളു. പിന്നീട് അതേ കമ്പനികളുടെ വളർച്ചയ്ക്കനുസരിച്ച് കൂടുതൽ സ്റ്റോറേജ് സംവിധാനം ആവശ്യമായി വന്നപ്പോൾ അവർക്കുള്ളഗോഡൗൺ ജെയിൻ പണിതിട്ടിരിക്കുന്നത് ഉപകാരപ്പെട്ടു. തുടക്കത്തിൽ ഗോഡൗണുകൾ വാടകയ്ക്ക് എടുത്തിരുന്നത് സിന്തൈറ്റ് ഗ്രൂപ്പായിരുന്നു. നിലവിൽ കിറ്റെക്സ്, ഒ.ഇ.എൻ ഉൾപ്പടെയുള്ള വൻകിട കമ്പനികളാണ്. അതുകണ്ട് മറ്റ് പലരും വെയർഹൗസുകൾ സ്ഥാപിക്കാൻ സന്നദ്ധരായെങ്കിലും ജെയിൻ സ്വന്തമായി തെളിച്ച പാതയിൽ 7 വെയർഹൗസുകളുമായി ഇന്നും മുൻനിരയിൽതന്നെയുണ്ട്.
ഒറ്റത്തവണ മുതൽ മുടക്കിൽ തടസമില്ലാത്ത നിത്യവരുമാനം എന്ന കടമ്പ വിജയകരമായി കടന്നപ്പോൾ പൊതുസമൂഹത്തിനുകൂടി നേരിട്ട് ഗുണകരമാകുന്ന എന്തെങ്കിലുമൊരു സംരംഭം തുടങ്ങണമെന്നായി അടുത്ത ചിന്ത. അതാണ് 2012ൽ അത്യാധൂനിക സംവിധാനങ്ങളോടുകൂടി മൾട്ടി ജിംനേഷ്യത്തിന്റെ പിറവിക്ക് നിതാനം. പക്ഷേ, അതിലൂടെ ജെയിൻ കണ്ട സ്വപ്നം എന്തായിരുന്നുവെന്ന് തിരിച്ചറിയാൻ മറ്റുള്ളവർ ഏറെ വൈകിയെന്ന് മാത്രം. എന്നാൽ കരാട്ടെയിൽ തേർഡ് ഡാൻ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുള്ള ജെയിന് ആയോധനകലയുടെ സാദ്ധ്യത മുൻകൂട്ടി കാണാൻ പ്രയാസമുണ്ടായിരുന്നില്ല.
യുവാക്കളുടെ കർമ്മശേഷിയെ നാടിന്റെ നന്മയിലേക്ക് തിരിച്ചുവിടുക എന്നതായിരുന്നു മൾട്ടിജിം തുടങ്ങുമ്പോഴുള്ള പ്രധാന ലക്ഷ്യം. വലമ്പൂർകുരിശിൽ ഇത്തരമൊരു മൾട്ടിജിം സ്ഥാപിക്കുന്ന സമയത്ത് എറണാകുളം നഗരത്തിന് പുറത്ത് പ്രത്യേകിച്ച് കോലഞ്ചേരിപോലുള്ള കാർഷിക മേഖലയിൽ ഇത്തരമൊരു സംവിധാനമേ ഉണ്ടായിരുന്നില്ല. ആറായിരം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ എല്ലാ ആധൂനിക സംവിധാനങ്ങളുമായിട്ടായിരുന്നു ജെ.എൻ.എസ് ജിംനേഷ്യത്തിന്റെ തുടക്കം. പ്രദേശവാസികൾ ഇതിന്റെ സാദ്ധ്യത മനസിലാക്കിയതോടെ ജിംനേഷ്യം അക്ഷരാർത്ഥത്തിൽ നാടിന്റെ വെളിച്ചമായി. കഴിഞ്ഞവർഷം അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് 10,000 അടി വിസ്തീർണ്ണവും കൂടുതൽ ഉപകരണങ്ങളും സ്ഥാപിച്ചു. നിലവിൽ 100പേർക്ക് വരെ ഒരേസമയം പ്രാക്ടീസ് ചെയ്യാം.
ഇവിടെ അംഗത്വമെടുക്കുന്നവർക്ക് ആജീവനാന്ത മെമ്പർഷിപ്പാണ്. പ്രാക്ടീസ് നിറുത്തിപോകുന്നവർക്ക് കുറച്ചുകാലം കഴിയുമ്പോൾ വീണ്ടും തുടരണമെന്ന് ആഗ്രഹിച്ചാലും അംഗത്വം പുതുക്കേണ്ടതില്ല. അതത് കാലത്ത് പരിശീലന ഫീസ് മാത്രം നൽകിയാൽമതി. കോലഞ്ചേരി, പുത്തൻകുരിശ്, കടയിരുപ്പ്, വലമ്പൂർ മേഖലകളിൽ നിന്നായി സ്ത്രീ പുരുഷ ഭേദമന്യേ 2500ൽ അധികം അംഗങ്ങൾ ഇന്ന് ജെ.എൻ.എസിന്റെ ഗുണഭോക്താക്കളാണ്. ഇവിടെ വ്യായാമത്തിനും പരിശീലനത്തിനും എത്തുന്ന എല്ലാവരെയും ഒരു കൂടുംബാഗങ്ങൾ എന്ന നിലയിലാണ് ജെയിൻ പരിഗണിക്കുന്നത്. ഓരോരുത്തരുടെയും പിറന്നാൾ ദിവസം സർപ്രൈസ് ആയി കേക്ക് മുറിക്കലും ആഘോഷങ്ങളുമുണ്ടാകും. അതുപോലെ മോട്ടിവേഷൻ ക്ലാസുകൾ, കരാട്ടെ പരിശീലനങ്ങൾ തുടങ്ങി മാനസികവും ശാരീരികവുമായ ഉണർവുണ്ടാകുന്ന പരിശീലനപരിപാടികൾക്കാണ് മുൻതൂക്കം. ശരീരസൗന്ദര്യ മത്സരത്തിൽ മിസ്റ്റർ ഏഷ്യയായും അഞ്ച് തവണ ദേശിയ തലത്തിൽ ഗോൾഡ് മെഡൽ ജേതാവുമായ ആർ.കെ.സൂരജാണ് മുഖ്യ പരിശീലകൻ. കൂടാതെ ഒരു കൂടപ്പിറപ്പിനെ പോലെ കഴിഞ്ഞ 13 വർഷമായി ജിമ്മിലെ മുഴുവൻ സമയ ഇൻസ്ട്രക്ടറായി സേവനം അനുഷ്ഠിക്കുന്ന നെൽസൺ 90 പ്ളെസ് വിഭാഗത്തിൽ നിരവധി പ്രാവശ്യം മെഡലുകൾ നേടിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ജൂനിയറായി അക്ഷയും പരിശീലകനായിട്ടുണ്ട്.
2014ൽ ഇന്ത്യൻ കരസേനാമേധാവിയിൽ നിന്ന് സ്വാഡ് ഓഫ് ഓണർ ബഹുമതിയും 2025 ൽ ഫിലിപ്പീൻസിൽ വച്ച് നടന്ന ഓണർ ഗ്രാജ്വേറ്റ് അവാർഡും മികച്ച അന്താരാഷ്ട്ര വിദ്യാർത്ഥി അവാർഡും കരസ്ഥമാക്കിയിട്ടുള്ള പ്രദേശവാസിയും ഇന്ത്യൻ പ്രതിരോധ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥനുമായ വിഷ്ണു പീതാംബരൻ ജെ.എൻ.എസ് ഫിറ്റ്നെസ് സെന്ററിലെ അംഗമാണ് എന്നുള്ളത് ഈ നാടിന് അഭിമാനിക്കാം.
ജൂനിയർ വിഭാഗത്തിൽ കേരളത്തിലെ ഏറ്റവും മികച്ച ഇടതു കൈയ്യൻ സ്പിന്നറായ തോമസ് മാത്യു ജെ.എൻ.എസ് കുടുംബാംഗമാണന്നതിൽ അഭിമാനിക്കുന്നു. അഞ്ച് വർഷങ്ങളായി തുടർച്ചയായി കേരളത്തെ പ്രതിനിധികരിച്ച് കളിക്കുന്ന തോമസ് ഓരോ വർഷവും കേരളത്തിന്റെ ടോപ്പ് വിക്കറ്റ് ടെയ്ക്കറാണ് . കൂടാതെ അണ്ടർ 16 വിഭാഗത്തിൽ ഇന്ത്യൻ ക്യാമ്പിലെത്തി നാടിന്റെ അഭിമാനമുയർത്തി.
ബോഡി ബിൽഡിംഗ് രംഗത്തെ അർപ്പണമനോഭാവത്തിനും സംരംഭത്തിനുമുള്ള അംഗീകാരമെന്ന നിലയിൽ 2025ലെ മഹാത്മാഗാന്ധി എക്സലന്റ് അവാർഡ്, 2026ലെ സുഭാഷ് ചന്ദ്രബോസ് ഐക്കൺ അവാർഡ് എന്നിവ ജെയിനെ തേടിയെത്തിയിട്ടുണ്ട്. ചെറുപ്പത്തിൽ നേരിട്ട് അനുഭവിച്ച ദൈവാനുഗ്രം ജെയിനിന്റെ ജീവിതത്തിൽ വിലയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സ്വന്തമായൊരു വ്യവസായ സംരംഭം ആരംഭിച്ചപ്പോൾ അതിന്റെ മാർഗദർശിയുടെ സ്ഥാനത്ത് യേശുക്രിസ്തുവിനെയാണ് സ്വയം പ്രതിഷ്ഠിച്ചത്. അതിനുപുറമെ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാം. ശ്രീനാരായണഗുരു, ഐൻസ്റ്റിൻ തുടങ്ങിയവരുടെ സാരോപദേശങ്ങളും ജെയിനിന്റെ ഊർജ്ജശ്രോതസുകളാണ്.
ജിമ്മിന്റെ ഗ്രൗണ്ട് ഫ്ളോറിൽ വീടുകളുടെ അകത്തളങ്ങൾക്ക് മിഴിവേകുന്ന ഇന്റീരിയൽ ഡെക്കറേഷന് ഉപയോഗിക്കുന്ന ഉത്പന്നങ്ങളോട് കൂടിയ അതിമനോഹരമായ ജെ.എൻ.എസ് ഹോം ഡെക്കർ സ്ഥാപനം ജയിനിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായിരുന്നു. അത് യാഥാർത്ഥ്യമാക്കി.
ജീവിതത്തിൽ പരിചയപ്പെടുന്ന എല്ലാവരെയും സഹോദരതുല്യം സ്നേഹിക്കുകയും അവർക്കുവേണ്ടി ദിവസവും രാവിലെ 5മണിക്ക് 15മിനിറ്റ് നേരം പ്രാർത്ഥിക്കുകയും ചെയ്യുക എന്നത് ഈ യുവസംരംഭകന്റെ മുടങ്ങാത്ത ശീലങ്ങളിലൊന്നാണ്. എന്നാൽ മാതാപിതാക്കളെ സ്നേഹിക്കാത്ത ഒരാളുമായും സൗഹൃദം സ്ഥാപിക്കുകയുമില്ല.
എത്ര തിരക്കിട്ട പരിപാടികൾ ഉണ്ടെങ്കിലും വൃദ്ധരായ സ്വന്തം മാതാപിതാക്കളുടെ പരിചരണത്തിന് സമയം കണ്ടെത്തിയിട്ടെ മറ്റ് കാര്യങ്ങളുള്ളൂ. കരാട്ടെ ബ്ലാക്ക് ബെൽറ്റ് ജേതാവും കൂടിയായ പ്ലസ് ടു വിദ്യാർത്ഥിയുമായ മകൻ നോയൽ സി. ജെയിനും പിതാവിന്റെ പാതയിൽ ആയോധന കലാപരിശീലനത്തിൽ പങ്കാളിയാണ്. ഭാര്യ. സിനി (ഷാർജ), മകൾ: നിയ സി.ജെയിൻ (ബി.ബി.എ & സൈക്കോളജി വിദ്യാർത്ഥിനി, ക്യു.യു.ടി യൂണിവേഴ്സിറ്റി, ആസ്ട്രേലിയ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |