
അമേരിക്കൻ ചാരനടക്കം ഏഴ് യുക്രെയിൻ പൗരന്മാരെ എൻ.ഐ.എ അറസ്റ്റുചെയ്ത സംഭവം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന വ്യക്തമായ സൂചന നൽകുന്നതാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിഘടനവാദികൾക്കു വേണ്ടി പ്രവർത്തിക്കുന്ന അമേരിക്കൻ പൗരൻ മാത്യു വാൻഡൈക്കിനെയും ആറ് യുക്രെയിൻ പൗരന്മാരെയും മാർച്ച് 13-ന് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. അമേരിക്കൻ പൗരൻ അറസ്റ്റിലായത് കൊൽക്കത്ത വിമാനത്താവളത്തിൽ നിന്നായിരുന്നു. മറ്റുള്ളവരിൽ മൂന്നുപേർ ഡൽഹിയിൽ നിന്നും, മൂന്നുപേർ ലക്‌നൗ വിമാനത്താവളത്തിൽ നിന്നുമാണ് പിടിയിലായത്. മ്യാൻമറിലെ വിഘടനവാദി ഗ്രൂപ്പുകൾക്ക് പരിശീലനവും ആയുധങ്ങളും സംഘടിപ്പിച്ചു നൽകിയ ഗ്രൂപ്പാണെന്നാണ് എഫ്.ഐ.ആറിൽ എൻ.ഐ.എ വ്യക്തമാക്കുന്നത്. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസി പുറത്തുവിട്ടിട്ടില്ല.
മണിപ്പൂരിൽ നടക്കുന്ന കലാപങ്ങൾക്കു പിന്നിൽ വിദേശ കരങ്ങളുണ്ടെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. കലാപകാരികളിൽ നിന്ന് ചൈനീസ് നിർമ്മിത ആയുധങ്ങളും ഇതിന് തെളിവായി കണ്ടെത്തിയിരുന്നു. ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ കലാപങ്ങൾ ആളിക്കത്തിക്കുക എന്നത് ഈ ഗൂഢസംഘത്തിന്റെ നീക്കങ്ങളിൽ ഉൾപ്പെട്ടിരുന്നോ എന്ന് അറിവായിട്ടില്ല. മ്യാൻമറിൽ നിന്ന് മിസോറം വഴിയാണ് ഇവർ ഇന്ത്യയിലേക്കു വന്നത്. പിടിയിലായ അമേരിക്കൻ ചാരൻ ദീർഘകാലം ലബനനിലും മറ്റും വിമത സംഘങ്ങൾക്കു വേണ്ടി പ്രവർത്തിച്ചിട്ടുള്ള കൂലിപ്പടയാളിയാണെന്ന് വ്യക്തമായിട്ടുണ്ട്. 2011-ലെ ആഭ്യന്തര യുദ്ധത്തിൽ കേണൽ ഗദ്ദാഫിയെ പുറത്താക്കുന്നതിനുള്ള പോരാട്ടത്തിൽ ഇയാളും പങ്കാളിയായിരുന്നു. അതിനാൽത്തന്നെ പല പശ്ചിമേഷ്യൻ രാജ്യങ്ങളിലും പ്രവർത്തിക്കുന്ന ഇസ്ളാമിക തീവ്രവാദ സംഘടനകളിലെ പ്രധാനികളുമായി ബന്ധമുള്ള വ്യക്തിയാണ് ഇയാൾ. അതിനാൽ ഇന്ത്യയിലേക്കുള്ള ഇയാളുടെ നേതൃത്വത്തിലുള്ള യുക്രെയിൻ സംഘത്തിന്റെ വരവ് നിരവധി സംശയങ്ങൾ ഉണർത്തുന്നതാണ്.
തന്ത്രപ്രധാന സ്ഥലങ്ങളായ ഡൽഹി, ലക്‌നൗ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായതെന്നതും ശ്രദ്ധേയമാണ്. തീവ്രവാദികളുമായി ചേർന്ന് ഇന്ത്യയിൽ ഏതെങ്കിലും തരത്തിലുള്ള ഭീകരാക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. റഷ്യയോട് കൂറുപുലർത്തുന്ന മ്യാൻമറിലെ പട്ടാള ഭരണകൂടത്തിനെതിരെ പ്രവർത്തിക്കുന്ന വിമത സംഘങ്ങൾക്ക് ആയുധങ്ങളും ഡ്രോണുകളും നൽകുന്നതിനു പുറമെ, അവ ഉപയോഗിക്കാനുള്ള പരിശീലനവും ഇവർ നൽകിയിരുന്നു. വിദേശ രാജ്യങ്ങളിലെ സംഘർഷങ്ങളിൽ ഇടപെട്ട് പ്രാദേശിക സൈന്യങ്ങൾക്ക് പരിശീലനം നൽകുന്ന 'സൺസ് ഒഫ് ലിബർട്ടി ഇന്റർനാഷണൽ" എന്ന സംഘടനയുടെ സ്ഥാപകൻ കൂടിയാണ് പിടിയിലായ അമേരിക്കക്കാരൻ. യൂറോപ്പിൽ നിന്ന് ഡ്രോണുകൾ എത്തിച്ച് മ്യാൻമറിലെ ക്യാമ്പുകളിൽ ഡ്രോൺ അസംബ്ളിംഗ്, ജാമിംഗ് സാങ്കേതികവിദ്യയിൽ ഇവർ വിഘടനവാദികളെ പരിശീലിപ്പിച്ചിരുന്നതായും എൻ.ഐ.എ വ്യക്തമാക്കുന്നുണ്ട്.
പാകിസ്ഥാന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ചില ഭീകരസംഘങ്ങൾ ഇന്ത്യയ്ക്കുള്ളിലും പ്രവർത്തിക്കുന്നുണ്ട്. അടുത്തിടെ ചില ഐ.എസ്.ഐ ചാരന്മാർ ഉത്തരേന്ത്യയിലെ ചില പട്ടണങ്ങളിൽ നിന്ന് പിടിയിലായിരുന്നു. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ ഇവരുടെ ഇന്ത്യയിലേക്കുള്ള വരവ് വെറും സന്ദർശത്തിനായിരുന്നെന്ന് ആർക്കും കരുതാനാവില്ല. ദേശീയ അന്വേഷണ ഏജൻസി സമഗ്രമായ അന്വേഷണം നടത്തിവരികയാണ്. ഇവരുമായി ബന്ധമുള്ള എട്ടുപേർ ഇനിയും പിടിയിലായിട്ടില്ല. കടന്നുകളഞ്ഞ അവർക്കായി തിരച്ചിൽ തുടരുകയാണ്. ഇവർ ഇന്ത്യയിൽ ഏതെങ്കിലും നിരോധിത ഗ്രൂപ്പിന് ഗറില്ലാ യുദ്ധമുറകളിൽ പരിശീലനവും ആധുനിക ഡ്രോണുകളുടെ കൈമാറ്റവും നടത്തിയിട്ടുണ്ടോ എന്നാണ് തിരിച്ചറിയേണ്ടത്. അതേസമയം, അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച ഇവരുടെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന യുക്രെയിൻ എംബസിയുടെ ആരോപണം കണക്കിലെടുക്കേണ്ടതില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |