
വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷം കാലങ്ങളായി നിലനിൽക്കുന്ന ചർച്ചാവിഷയമാണ്. പാലക്കാട്ടെ വിവിധ ജനവാസ മേഖലകളിൽ നിന്ന് നിരന്തരമായി വരുന്ന വാർത്തകൾ മനുഷ്യ - വന്യജീവി സംഘർഷങ്ങൾ പരിഹരിക്കപ്പെടുന്നില്ല എന്ന് വ്യക്തമാക്കുന്നു. മാർച്ച് 10ന് പാലക്കാട് മണ്ണാർക്കാട് കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ അതിദാരുണമായി കൊല്ലപ്പെട്ടിരുന്നു. കച്ചേരിപ്പറമ്പ് കരടിയോട് ഫോറസ്റ്റ് വാച്ചർ ഷൈജുവാണ് മരിച്ചത്. ജനവാസ മേഖലയിലിറങ്ങിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇതിന് തലേന്നാണ് അട്ടപ്പാടി ഷോളയൂരിൽ കാട്ടാന ആക്രമണത്തിൽ 58 കാരന് ഗുരുതര പരുക്കേറ്റത്. ഷോളയൂർ വടക്കേ കടമ്പാറ ഉന്നതിയിലെ പരേതനായ കാളിയുടെ മകൻ രങ്കസ്വാമി എന്ന ബാബു(58)വിനാണ് പരിക്കേറ്റത്. കടംപാറ ഉന്നതിയിൽ നിന്നും മൂലക്കടയിലേക്ക് നടന്നു വരികയായിരുന്ന ബാബുവിനെ ഇടവഴിയിൽ കാട്ടാന എടുത്തെറിയുകയായിരുന്നു.
വന്യമൃഗങ്ങളുടെ ജനവാസ മേഖലയിലേക്കുള്ള കടന്നുകയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങൾ പ്രതിഷേധങ്ങളും ധർണയുമായി ഉദ്യോഗസ്ഥർക്ക് മുന്നിൽ മാറി മാറി ഇരുന്നിട്ടും ആവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് നാളിതുവരെ ശാശ്വത പരിഹാരം കാണാനായിട്ടില്ല. കാടിറങ്ങിവരുന്ന വന്യമൃഗങ്ങൾ കർഷകരുടെ കൃഷി നശിപ്പിക്കുന്നത് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കുന്നു. ലോണെടുത്തും മറ്റും കൃഷി ചെയ്യുന്ന കർഷകരെയാണ് ഇത് ഏറ്റവുമധികം ബാധിക്കുന്നത്. കർഷകരുടെ മാത്രമല്ല, മലയോര - തോട്ടം തൊഴിലാളികളുടെയും സ്ഥിതി സമാനമാണ്.
2016 മുതൽ 2025 വരെയുള്ള കാലയളവിൽ കേരളത്തിൽ വന്യജീവികളുടെ ആക്രമണത്തിൽ 904 ആളുകൾ മരണപ്പെട്ടതായാണ് മനുഷ്യ വന്യജീവി സംഘർഷ നിവാരണവുമായി ബന്ധപ്പെട്ട് വനം വകുപ്പ് തയ്യാറാക്കിയ നയരേഖ കരട് വ്യക്തമാക്കുന്നത്. അതിൽ 209 പേരും മരണപ്പെട്ടിട്ടുള്ളത് കാട്ടാനയുടെ ആക്രമണത്തിലാണ്. 600 പേർ പാമ്പുകടിയേറ്റ് മരണപ്പെട്ടിരിക്കുന്നു ഇതിൽ ഭൂരിഭാഗം പേർക്കും വനത്തിന് പുറത്തുനിന്നാണ് കടിയേറ്റിട്ടുള്ളത്. 100 പേർ കടുവയുടെയും 60 പേർ കാട്ടുപന്നിയുടേയും 10 പേർ കാട്ടുപോത്തിന്റെയും 15 പേർ മറ്റ് മൃഗങ്ങളുടെയും ആക്രമണത്തിൽ മരണപ്പെട്ടിരിക്കുന്നു.
വന്യജീവി സംഘർഷങ്ങളുടെ വ്യാപ്തി, നാശ നഷ്ടങ്ങൾ, ആളപായം, സംഘർഷ സാധ്യത തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ 75 നിയമസഭമണ്ഡലങ്ങളിലെ 273 പഞ്ചായത്തുകളെ മനുഷ്യ വന്യജീവി സംഘർഷ ബാധിത പ്രദേശമായും 30 പഞ്ചായത്തുകളെ ഹോട്ട്സ്‌പോട്ടുകളായും കണക്കാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറേ മാസങ്ങളായി പാലക്കാട്ടെ മലയോര മേഖലകൾ കാട്ടാനഭീതിയിലാണ്. മലമ്പുഴ, മണ്ണാർക്കാട്, അട്ടപ്പാടി മേഖലകളോട് ചേർന്ന ഗ്രാമങ്ങളിലാണ് കാട്ടാനകളുടെ സാന്നിധ്യം കൂടുതലായി റിപോർട്ട് ചെയ്യുന്നത്. രാത്രിയോടെ കാട്ടാനകൾ കൃഷിയിടങ്ങളിലേക്കും ജനവാസ മേഖലകളിലേക്കും കടന്നുവരും. കൊയ്ത്തിനും പാകമായ നെൽവയലുകൾ, വാഴത്തോട്ടങ്ങൾ, തെങ്ങുകൾ എന്നിവ വ്യാപകമായി നശിപ്പിക്കും. ചില പ്രദേശങ്ങളിൽ വീടുകൾക്ക് സമീപം വരെ കാട്ടാനകൾ എത്തിയിരുന്നു. ഇതോടെ രാത്രിയിൽ കാവൽ നിന്നാണ് പലരും വീടും കൃഷിയിടങ്ങളും സംരക്ഷിക്കുന്നത്. കാട്ടാന ഇറങ്ങിയാൽ പടക്കംപൊട്ടിച്ചും തപ്പട്ട കൊട്ടിയും വനംവകുപ്പ് ആനകളെ കാട് കയറ്റുമെങ്കിലും പുലർച്ചെ ഇവ വീണ്ടും ഇറങ്ങിവരും. വേനൽക്കാലത്ത് കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നതോടെ കാട്ടാനകൾ കാടിറങ്ങുന്നത് പതിവാകും. ഈ സാഹചര്യത്തിൽ കാട്ടാനകളിറങ്ങുന്നതിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യം ശക്തമായിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനവും മനുഷ്യ വന്യജീവി സംഘർഷങ്ങളും
കാലം തെറ്റി നിർത്താതെ പെയ്യുന്ന മഴയും അസഹനീയമായ ചൂടും കലണ്ടർ തെറ്റിച്ചുവരുന്ന ഋതുക്കളുമെല്ലാം മലയാളിക്ക് പരിചിതമായിട്ട് നാളുകളേറെയാകുന്നു. കാലാവസ്ഥയിലുണ്ടാകുന്ന ഈ വ്യതിയാനം മനുഷ്യനെ മാത്രമല്ല ഭൂമിയിലെ ജീവനുള്ള എല്ലാ വസ്തുക്കളേയും ഒരേ തോതിൽ ബാധിക്കുന്നുണ്ട്. ന്യൂനമർദ്ദങ്ങളുടേയും മറ്റും ഭാഗമായി ഇടയ്ക്കിടെയുണ്ടാകുന്ന മഴയും അതിന്റെ അളവും കാടിന്റെ സ്വഭാവത്തിൽ മാറ്റം വരുത്തുകയും കാടിന്റെ ആവാസവ്യവസ്ഥയെ കാര്യമായി ബാധിക്കുകയും ചെയ്യുമ്പോൾ സ്വാഭാവികമായും മൃഗങ്ങൾ കാടിറങ്ങുമെന്നും മാറുന്ന കാലാവസ്ഥയോട് പൊരുത്തപ്പെട്ട് മനുഷ്യൻ ജീവിക്കാൻ തയ്യാറാവുകയേ നിവർത്തിയുള്ളുവെന്നുമാണ് കേരള വന ഗവേഷണ പഠനകേന്ദ്രത്തിന്റെ ശാസ്ത്രജ്ഞർ പറയുന്നത്.
ആനകൾ കാലങ്ങളായി വെള്ളവും ഭക്ഷണവും തേടി സഞ്ചരിക്കുന്ന വഴികളാണ് സ്വാഭാവിക വഴിത്താരകൾ അല്ലെങ്കിൽ ആനത്താരകൾ. ഈ സഞ്ചാരപാദകൾ തടസപ്പെടുന്നതോടെ അവ തകർക്കുന്നതിനോ അല്ലെങ്കിൽ മറ്റ് വഴികളിലൂടെ സഞ്ചരിക്കുന്നതിനോ തയ്യാറാകും. അത്തരത്തിൽ തിരഞ്ഞെടുക്കുന്ന വഴികൾ ആദിവാസി ഉന്നതികളാകുന്നതാണ് മനുഷ്യ വന്യജീവി സംഘർഷങ്ങളുടെ ആക്കം കൂട്ടുന്നത്. സ്വാഭാവിക വഴിത്താരകളും ഒപ്പം കൃഷി വിഭവങ്ങളിൽ വന്നിട്ടുള്ള മാറ്റങ്ങളും ആനകളുടെ വരവിനെ സ്വാധീനിക്കുന്നുണ്ട്. എത്രകാലമെടുത്താലും ആനകൾ അവരുടെ മെമ്മറി കണക്ഷനിലൂടെ വഴിത്താരകൾ താണ്ടി പരിചിതമായ പ്രദേശങ്ങളിലേക്ക് എത്തിച്ചേരും. മനുഷ്യനായാലും മൃഗങ്ങളായാലും മറ്റൊരാളുടെ ഭൂമിയിലേക്ക് കടന്നുചെല്ലാൻ ഭയക്കും. എന്നാൽ അത്തരത്തിലുള്ള എല്ലാ ഭീതികളെയും മറന്ന് വന്യജീവികൾ കാടിറങ്ങുമ്പോൾ കാലാവസ്ഥമാറ്റങ്ങളും മറ്റും ഇവരിലുണ്ടാക്കുന്ന സമ്മർദ്ദം എന്തെല്ലാമാണെന്നും അതിനെ എങ്ങനെയെല്ലാം പരിഹരിക്കാമെന്നും പരിശോധിക്കേണ്ടത് അനിവാര്യമാണ്.
സുരക്ഷാ നടപടികളും പ്രശ്ന പരിഹാരവും
മനുഷ്യ വന്യജീവി സംഘർഷങ്ങൾ വളരെ പെട്ടെന്ന് ഉടലെടുത്ത പ്രശ്നമല്ല. അത് കാലങ്ങളായുള്ള മനുഷ്യന്റെ ഇടപെടലുകളുടെ പരിണിതഫലമാണ്. ഇത്തരം സംഘർഷങ്ങൾക്ക് ഇതുവരെയും കൈക്കൊണ്ട് പോന്നിട്ടുള്ള ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള പരിഹാര പ്രക്രിയകളും പ്രശ്നങ്ങളോട് അധികാരികൾ സ്വീകരിക്കുന്ന സമീപനവും പ്രശ്നപരിഹാരം വൈകിപ്പിക്കുകയും അപകടസാധ്യതകൾ ഉയർത്തുകയും ചെയ്യുന്നു. വന്യജീവി മനുഷ്യ സംഘർഷങ്ങളോടുള്ള നമ്മുടെ സമീപനത്തിൽ മാറ്റം വരുത്തണം. പലപ്പോഴും പ്രശ്നങ്ങളെ നേരിടുന്നതിൽ അധികാരികൾക്ക് പോരായ്മകൾ സംഭവിക്കുന്നു. മാനേജ്‌മെന്റ് തലത്തിൽ കോ മാനേജ്‌മെന്റ് മാതൃകകൾ വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭൂമിയുടെ ഹൃദയഭാഗം എന്നെല്ലാം സൂചിപ്പിക്കാനാകുന്ന ഒന്നാണ് കാട്. എന്നാൽ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ മൂലം കാടിന്റെ ആരോഗ്യം നല്ല രീതിയിൽ ശോഷിച്ചു. കാലാവസ്ഥവ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ അധികരിക്കുമ്പോഴും അതിനോടുള്ള നമ്മുടെ സമീപനത്തിലും മാനേജ്‌മെന്റ് സിസ്റ്റത്തിൽ അതിനനുസരിച്ച് അജൈൽ ആകുന്നതിനുള്ള പ്രവണതയുമെല്ലാം ഇപ്പോഴും വളരെ സാവധാനത്തിലാണ്.
ഗ്രൗണ്ട് ബ്രേക്കിങ്ങ് ആയിട്ടുള്ള ചിന്തകളുണ്ടാകേണ്ട സമയത്തും പ്ലാന്റേഷനുകൾ ചിലതെല്ലാം മാറ്റികാണുമെന്നതൊഴിച്ചാൽ മറ്റൊരു പ്രവർത്തനവും നടക്കുന്നില്ല . സോഷ്യൽ ഫോറസ്ട്രിയോ പ്ലാന്റേഷൻ ഫോറസ്ട്രിയോ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതോടൊപ്പം മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ മുതലുള്ള ഘടകങ്ങളെ കാടിന് താങ്ങാനുള്ള ശേഷി കിട്ടുമാറ് എങ്ങനെ മാറ്റാൻ സാധിക്കുമെന്ന് ചിന്തിച്ച് പരിഹാരം കണ്ടെത്തുക തന്നെ വേണം. കാടിറങ്ങുന്ന എല്ലാ വന്യമൃഗങ്ങളേയും കൊന്നൊടുക്കലാണ് പരിഹാരമായി കാണുന്നതെങ്കിൽ അതും കോൺഫ്ളിക്ടിൽത്തന്നെയാണ് അവസാനിക്കുക. ഭക്ഷണത്തിന്റെ ദൗർബല്യം സംഘർഷങ്ങളിലേക്ക് നയിക്കുകയും ഇതുമൂലം മൃഗങ്ങൾ കാടിറങ്ങുകയും ചെയ്യാം. ഇത്തരത്തിൽ നാട്ടിലിറങ്ങിയ മൃഗങ്ങളെ പരിശോധിച്ചാൽ എല്ലാം ആഹാരശൃംഖലയുടെ ഏതെങ്കിലുമൊരു ക്ലസ്റ്ററിലുൾപ്പെടുന്നുവെന്ന് കണ്ടെത്താനാകും. ഇവയെ കൊന്നൊടുക്കുമ്പോൾ വീണ്ടും ഇതേ ആഹാരശൃംഖലയെത്തന്നെയാണ് ബാധിക്കുന്നതെന്ന് ചിന്തിക്കാതെ പോകരുത്. അത് വീണ്ടും പുതിയ കോൺഫ്ളിക്ടുകൾ സൃഷ്ടിക്കും.
ഒരു നാണയത്തിന്റെ ഇരുപുറം പോലെ മനുഷ്യനും വന്യമൃഗങ്ങളും നിൽക്കുമ്പോൾ ഇരുവംശത്തേയും അധികരിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥ മാറ്റങ്ങൾക്കിടയിലും സംരക്ഷിച്ചു നിർത്താൻ സാധിക്കുന്ന തരത്തിലേക്കുള്ള വഴികൾ തേടുകയെന്നത് വളരെ ശ്രമകരമാണ്. എന്നാൽ അവയെ ഇല്ലാതാക്കുവാനായി നായാട്ടിന് അനുമതി നൽകുന്ന തീരുമാനം കൊളോണിയൽ സംസ്‌കാരത്തിന്റെ പ്രതിഫലനമാണെന്ന് പറയാതെ വയ്യ. മനുഷ്യ വന്യജീവി സംഘർഷങ്ങളിൽ എപ്പോഴും മൃഗങ്ങളെ ശത്രുപക്ഷത്ത് നിർത്തിക്കൊണ്ടുള്ള പരിഹാരക്രിയകളിൽ എവിടെയാണ് മൃഗാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതെന്ന് ചിന്തിച്ചു നോക്കൂ. മനുഷ്യപക്ഷത്ത് നിന്നുകൊണ്ട് മൃഗഹത്യയ്‌ക്കൊരുങ്ങുമ്പോൾ മനുഷ്യൻ മാത്രം ഉൾപ്പെടുന്നതല്ല ഭൂമിയെന്നും ഇവിടെ മറ്റ് ജീവിവർഗങ്ങൾക്കു കൂടി അവരുടേതായ പരിസ്ഥിതിയുണ്ടെന്നും അവർ നമ്മുടെ ജീവിതവുമായി ഒത്തുചേർന്ന് ജീവിക്കുന്നവരാണെന്നും തിരിച്ചറിയണമെന്ന് ഓർമ്മപ്പെടുത്തുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |