SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.18 AM IST

മലപ്പുറമെന്ന പൊന്നാപുരം കോട്ട

Increase Font Size Decrease Font Size Print Page
ss

മലപ്പുറം ജില്ലയിലെ ലീഗിന്റെ പൊന്നാപുരം കോട്ട ഏതെന്ന ചോദ്യത്തിന് നിസ്സംശയം പറയാം മലപ്പുറം നിയോജക മണ്ഡലമെന്ന്. 1957ൽ മണ്ഡലം രൂപീകരിച്ചത് മുതൽ ഇതുവരെ നടന്ന 15 തിരഞ്ഞെടുപ്പുകളിലും പാറിയത് ഹരിത പതാകയാണ്. മണ്ഡലം രൂപീകരണ ശേഷം ഒരുപാർട്ടി മാത്രം വിജയിക്കുന്ന സംസ്ഥാനത്തെ അപൂർവ്വം മണ്ഡലമെന്ന പ്രത്യേകത കൂടിയുണ്ട് മലപ്പുറത്തിന്. ഇക്കാരണം കൊണ്ടുതന്നെ മലപ്പുറത്തെ മത്സരത്തിന് വീറും വാശിയും പൊതുവെ കുറവാണ്. മലപ്പുറത്തെ പോരാട്ടത്തിന് മുന്നണികളോ,​ മാദ്ധ്യമങ്ങളോ കാര്യമായ ശ്രദ്ധ നൽകാറുമില്ല. എന്നാൽ ഇത്തവണ ചിത്രം വ്യത്യസ്തമാണ്. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്ന് മലപ്പുറത്തേക്ക് ചുവടുമാറ്റിയതോടെ മലപ്പുറം ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ജീവിതത്തിലെ അവസാന മത്സരമെന്ന പ്രചാരണം ഒരുവശത്തുണ്ട്. ഇതുകൂടി മുൻനിറുത്തി കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം അരലക്ഷമാക്കി ഉയർത്തി സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുകയെന്ന ലക്ഷ്യവും ലീഗിനുണ്ട്. മലപ്പുറം നിയോജക മണ്ഡലത്തിന്റെ ചരിത്രമെടുത്താൽ ഇത് അസാദ്ധ്യവുമല്ല. കഴിഞ്ഞ തവണ സി.പി.എം മത്സരിച്ച സീറ്റിൽ എൻ.സി.പിയുടെ കെ.ടി. മുജീബ് ആണ് എൽ.‌ഡി.എഫിന്റെ സ്ഥാനാർത്ഥി.

മലപ്പുറം നഗരസഭ ചെയർമാനായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്നാണ് നിയമസഭാ തിരഞ്ഞെടുപ്പിന് തുടക്കം കുറിക്കുന്നത്. 1982ൽ കുഞ്ഞാലിക്കുട്ടി ആദ്യമായി നിയമസഭയിലേക്ക് എത്തിയത് മലപ്പുറത്ത് നിന്നാണ്. 87ലും മലപ്പുറത്തിന്റെ പ്രതിനിധിയായി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് തുടക്കമിട്ട മലപ്പുറത്തേക്ക് തിരിച്ചുവരണമെന്ന ആഗ്രഹം കുഞ്ഞാലിക്കുട്ടിക്ക് ഉണ്ടായിരുന്നു. മുസ്‌ലിം ലീഗിന് മലപ്പുറം ജില്ലയിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം ലഭിക്കുന്നത് മലപ്പുറം നിയോജക മണ്ഡലത്തിലാണ്. സിറ്റിംഗ് എം.എൽ.എ പി. ഉബൈദുള്ളയ്ക്ക് 35,208 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. 2011ൽ അരലക്ഷത്തോളമായിരുന്നു ഭൂരിപക്ഷം. വേങ്ങരയിൽ 30,596 വോട്ടിന്റെ ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടിക്ക്.

തുടർച്ചയായി മൂന്ന് തവണ മലപ്പുറം മണ്ഡലത്തെ പ്രതിനിധീകരിച്ചത് മുസ്ലിം ലീഗിന്റെ പി.ഉബൈദുള്ളയാണ്. 2011ലെ കന്നിയങ്കത്തിൽ തന്നെ സംസ്ഥാനത്തെ അന്നത്തെ ഏറ്റവും വലിയ ഭൂരിപക്ഷമായ 44,508 വോട്ട് നേടിയായിരുന്നു ഉബൈദുള്ളയുടെ വിജയം. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത് ജെ.ഡി.എസിലെ മഠത്തിൽ സാദിഖലി ആയിരുന്നു. ഉബൈദുള്ള നേടിയതിന്റെ പകുതി വോട്ടുകളെ സാദിഖലിയ്ക്ക് നേടാനായുള്ളൂ. ഉബൈദുള്ളയ്ക്ക് 77,928 വോട്ടും (63.75%), സാദിഖലിക്ക് 33,420 (27.34%) വോട്ടുമാണ് ലഭിച്ചത്. 2021ലെ തിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥിയായ പാലോളി അബ്ദുറഹ്മാന് വോട്ടുനില മെച്ചപ്പെടുത്താൻ കഴിഞ്ഞെങ്കിലും ലീഗിന്റെ മൂന്നാം പ്രയാണത്തിൽ തടസ്സമുണ്ടാക്കാനായില്ല. 35,208 വോട്ടിനായിരുന്നു യു.ഡി.എഫിന്റെ വിജയം. മലപ്പുറം നഗരസഭയും ആനക്കയം, കോഡൂർ, പുൽപ്പറ്റ, പൂക്കോട്ടൂർ, മൊറയൂർ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് മലപ്പുറം മണ്ഡലം. ആറിടത്തും ഭരിക്കുന്നത് യു.ഡി.എഫാണ്. തദ്ദേശ സ്ഥാപനങ്ങളിലെ 160 വാർഡുകളിൽ 140 ഇടത്തും യു.ഡി.എഫാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ 41,838 വോട്ടുകളുടെ ഭൂരിപക്ഷമാണ് യു.ഡി.എഫിനുള്ളത്.

പ്രമുഖരുടെ മണ്ഡലം
മുസ്ലിം ലീഗിന്റെ ഏക മുഖ്യമന്ത്രിയായ സി.എച്ച്. മുഹമ്മദ് കോയ മത്സരിച്ച മണ്ഡലമാണ് മലപ്പുറം നിയമസഭാമണ്ഡലം. 1977 മുതൽ 1980 വരെയാണ് അദ്ദേഹം മലപ്പുറത്തെ പ്രതിനിധീകരിച്ചത്. സി.എച്ചിന്റെ മകൻ എം.കെ. മുനീർ രണ്ട് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചെന്ന പ്രത്യേകതയുമുണ്ട്. 1996 മുതൽ 2006 വരെ എം.കെ. മുനീറായിരുന്നു എം.എൽ.എ. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിയമസഭ രാഷ്ട്രീയത്തിന് തുടക്കമിട്ട മണ്ണും മലപ്പുറമാണ്. മലപ്പുറം നഗരസഭ ചെയർമാനായ ശേഷമാണ് ഈ കടന്നുവരവ്. 1982 മുതൽ 1991 വരെ മണ്ഡലത്തെ പി.കെ. കുഞ്ഞാലിക്കുട്ടി പ്രതിനിധീകരിച്ചു. രണ്ടുതവണ മന്ത്രിയായ യു.എ. ബീരാൻ, കെ. ഹസ്സൻ ഗനി, യൂനുസ് കുഞ്ഞ് ഉൾപ്പെടെ ലീഗിന്റെ പ്രധാന നേതാക്കൾ വിജയിച്ച മണ്ഡലമാണിത്. എം. ഉമ്മറിന്റെ പിൻഗാമിയായാണ് 2006ൽ പി. ഉബൈദുള്ള എം.എൽ.എയുടെ കടന്നുവരവ്.

വേങ്ങരയിൽ മത്സരം കടുപ്പം

കുഞ്ഞാലിക്കുട്ടിയുടെ സിറ്റിംഗ് സീറ്റായ വേങ്ങരയിൽ കെ.പി. സബാഹ് ഇടതുസ്വതന്ത്ര സ്ഥാനാർത്ഥിയായതോടെ ഇവിടെ മത്സരം കനത്തിട്ടുണ്ട്. കഴിഞ്ഞ തവണ ഒറ്റയ്ക്ക് മത്സരിച്ച് 11,​255ത്തോളം വോട്ട് നേടിയിട്ടുണ്ട് സബാഹ്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന പി. ജിജി 39,785 വോട്ട് നേടിയപ്പോൾ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത് 70,381 വോട്ടാണ്. ഇടതുസ്ഥാനാർത്ഥിക്കും തനിക്കും ലഭിച്ച വോട്ട് പരിഗണിച്ചാൽ 20,000ത്തോളം വോട്ടിന്റെ മേൽക്കോയ്മയാണ് മണ്ഡലത്തിൽ ഉള്ളതെന്നും ഇത്തവണ കാര്യങ്ങൾ അനുകൂലമാവുമെന്നാണ് സബാഹിന്റെ വിലയിരുത്തൽ. കാലങ്ങളായി മണ്ഡലത്തിൽ മത്സരിക്കുന്നവരോടുള്ള അസംതൃപ്തിയും വികസനപ്രവർത്തനങ്ങളെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങളും മുന്നിൽ കണ്ടാണ് കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലം മാറ്റമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രചാരണം.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.