
രാജ്യത്തെ സ്ത്രീ -പുരുഷ സമത്വ സങ്കല്പങ്ങളിൽ പുതിയൊരു അദ്ധ്യായം എഴുതിച്ചേർത്താണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ സവിശേഷ നിരീക്ഷണം ഉണ്ടായത്. വീട്ടുജോലികളിൽ ഭാര്യയ്ക്കൊപ്പം തന്നെ ഭർത്താവിനും തുല്യ ബാദ്ധ്യതയുണ്ടെന്നും, ഭാര്യ വീട്ടുജോലിക്കാരിയല്ലെന്നും ജീവിത പങ്കാളിയാണെന്നുമാണ് കോടതി അടിവരയിട്ടു പറഞ്ഞിരിക്കുന്നത്. പാചകവും തുണികഴുകലുമെല്ലാം ഭർത്താവും ചെയ്യണമെന്നും കാലം മാറിയെന്നും കോടതി പറഞ്ഞു. ഒരു ദാമ്പത്യ തർക്ക കേസ് പരിഗണിക്കുമ്പോഴായിരുന്നു ഈ പരാമർശം. വീട്ടുജോലിയുടെ പശ്ചാത്തലത്തിലാണ് ഇതു പറഞ്ഞതെങ്കിലും, നമ്മുടെ ഭരണ- രാഷ്ട്രീയ-സാമൂഹ്യ മണ്ഡലങ്ങളിലെല്ലാം സ്ത്രീയുടെ പദവി പുരുഷനൊപ്പം തന്നെയാണെന്ന് കോടതി പറയാതെ പറഞ്ഞിരിക്കുകയാണ്. അഥവാ കുടുംബവും സമൂഹവും രാഷ്ട്രവുമൊക്കെ കെട്ടിപ്പടുക്കുന്നതിൽ പുരുഷനൊപ്പം സ്ത്രീക്കും പങ്കുണ്ടെന്നും, ഇതിൽ പുരുഷന് മേധാവിത്വമോ മേൽക്കൈയോ ഉണ്ടാകാൻ പാടില്ലെന്നുമാണ്. നമ്മുടെ മഹത്തായ ഭരണഘടനയുടെ ആമുഖത്തിൽ വെളിച്ചം വിതറി നിൽക്കുന്ന 'സാമൂഹ്യ പദവിയിലെയും അവസര ലഭ്യതയിലെയും തുല്യത" എന്ന സങ്കല്പനത്തിന്റെ സാർത്ഥകതയിലേക്കും വിരൽചൂണ്ടുന്നതാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണം.
രണ്ടു വ്യത്യസ്ത ലിംഗങ്ങളുടെ സംയോജനത്തിലൂടെ മാത്രമേ മനുഷ്യരാശിക്ക് മുന്നോട്ടു പോകാനാവൂ എന്നത് പ്രാപഞ്ചിക സത്യമാണ്. ഇതിലാകട്ടെ സ്ത്രീക്കും പുരുഷനും തുല്യ ചുമതല നിർവഹിക്കാനുണ്ടുതാനും. ഇരുകൂട്ടരും അത് ഉത്തരവാദിത്വത്തോടെ നിർവഹിച്ചു മുന്നോട്ടു പോകേണ്ടത് അനിവാര്യമായ കാര്യമാണ്. നിർഭാഗ്യവശാൽ, സാമൂഹ്യ ചിന്തകന്മാരൊക്കെ ചുണ്ടിക്കാട്ടുന്നതു പോലെ, നമ്മുടേത് കാലങ്ങളായി ഒരു പുരുഷാധിപത്യ സമൂഹമായി നിലനിൽക്കുന്നതു കൊണ്ടാണ് വീട്ടുജോലികൾ മുഴുവൻ സ്ത്രീയുടെ മാത്രം ചുമതലയാണെന്ന കീഴ് വഴക്കം ഉണ്ടാകാൻ ഇടയായിട്ടുള്ളത്. പരിഷ്കൃത സമൂഹം അംഗീകരിച്ചു കൊടുക്കാൻ പാടില്ലാത്ത ഈ പുരുഷാധിപത്യ സമീപനത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്നതാണ് സുപ്രീം കോടതിയുടെ നിലപാട്.
നമ്മുടെ ഭരണഘടനാ അസംബ്ലിയിൽ സ്ത്രീപ്രാതിനിധ്യം തുലോം പരിമിതമായിരുന്നു. ആകെയുണ്ടായിരുന്ന 389 അംഗങ്ങളിൽ 15 പേർ മാത്രമേ വനിതകളായുണ്ടായിരുന്നുള്ളൂ. എങ്കിലും വനിതകളുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള നിബന്ധനകൾ കൃത്യമായി ഭരണഘടനയിൽ ഉൾപ്പെടുത്തുകയുണ്ടായി. സ്ത്രീയുടെ അന്തസ്സും സ്വയം നിർണയാവകാശവും ഉയർത്തിപ്പിടിക്കുന്ന മഹാഭാരതത്തിലെ അംബയുടെയും രാമായണത്തിലെ സീതയുടെയുമൊക്കെ ചരിത്രം സ്ത്രീപദവി സംബന്ധിച്ച ആലോചനകൾക്ക് ഇട നൽകുന്നതാണ്. എന്നാൽ അധികാരം, വിശേഷിച്ച്, രാഷ്ട്രീയ- ഭരണ രംഗങ്ങളിലെ അധികാരസ്ഥാനങ്ങൾ പുരുഷന്മാർ കൈയ്യടക്കുന്ന സ്ഥിതിയാണെന്നതിനാൽ , നാം കേട്ടു പഴകിയ 'ന: സ്ത്രീ സ്വാതന്ത്ര്യമർഹതി" മാറ്റമില്ലാതെ തുടരുകയാണ്.
പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണ ബിൽ ( നാരീ ശക്തി വന്ദൻ അഭിയാൻ) 2023 സെപ്തംബറിൽ പാർലമെന്റിന്റെ ഇരു സഭകളും ഏകകണ്ഠമായി പാസ്സാക്കിയിട്ടും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ഇനി 2029 ലെ സെൻസസിനു ശേഷം നടപ്പാക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 1996 ൽ തുടങ്ങിയ ഭേദഗതിയാണ് മൂന്നു പതിറ്റാണ്ടു പിന്നിടുമ്പോഴും യാഥാർത്ഥ്യമാക്കാൻ കഴിയാത്തതെന്ന് ഓർക്കണം. ഇത്തരമൊരു പശ്ചാത്തലത്തിൽ ഗാർഹിക ജോലികളിൽ സ്ത്രീക്കൊപ്പം സമാനമായ ചുമതല പുരുഷനുമുണ്ട് എന്ന സുപ്രീം കോടതി നിരീക്ഷണം തീർച്ചയായും നമ്മുടെ കുടുംബങ്ങളിൽ പുതിയൊരു ജനാധിപത്യ ജീവിതത്തിനും സംസ്കാരത്തിനും സഹായകമാവും എന്നതിൽ സംശയമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |