SignIn
Kerala Kaumudi Online
Tuesday, 21 April 2026 3.58 PM IST

മൂന്ന് മക്കളെ കൊലപ്പെടുത്തി യുവതിയും അമ്മയും ജീവനൊടുക്കി

Increase Font Size Decrease Font Size Print Page
dd

കൊച്ചിയിൽ മരിച്ചത് തിരുവനന്തപുരം സ്വദേശികൾ

കൊച്ചി: എറണാകുളം വടുതലയിൽ മൂന്ന് മക്കളെ വിഷം കലർത്തിയ ജ്യൂസ് നൽകി കൊലപ്പെടുത്തിയ ശേഷം യുവതിയും അമ്മയും തൂങ്ങി മരിച്ചതിന് കാരണം ഒറ്റപ്പെടലെന്ന് ആത്മഹത്യാക്കുറിപ്പ്. കർഷകറോഡ് ഗ്രീൻ ഗാർഡൻ ലെയ്‌നിൽ വാടകയ്‌ക്ക് താമസിച്ചിരുന്ന തിരുവനന്തപുരം വിളപ്പിൽശാല കാരോട് കനകവിഹാറിൽ അശ്വതി എസ്.നായർ (37), അമ്മ വൈ.ശ്രീകുമാരി (59), അശ്വതിയുടെ മക്കളായ കീർത്തിവൻ (14), കാർണിവൻ (4), അക്ഷിത (2) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാവിലെ 8.30 ഓടെ കണ്ടെത്തിയ മൃതദേഹങ്ങൾക്ക് രണ്ടുദിവസത്തെ പഴക്കമുണ്ട്. അശ്വതിയുടെ ഭർത്താവ് അക്ഷതിന്റെ ആത്മഹത്യയെത്തുടർന്നുള്ള ഒറ്റപ്പെടലും അയൽവാസികളുടെ കുറ്റപ്പെടുത്തലുമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആത്മഹത്യാക്കുറിപ്പി​ലെ സൂചന.

സമീപത്ത് താമസിക്കുന്ന വീട്ടുടമയുടെ സഹോദരനും മകനുമാണ് ആദ്യം മൃതദേഹം കണ്ടത്. ഇന്നലെ രാവിലെ കാളിംഗ് ബെൽ അടിച്ചിട്ടും അനക്കമില്ലാത്തതിനെത്തുടർന്ന് ഡ്യൂപ്ലിക്കേറ്റ് താക്കോലുമായെത്തി വാതിൽ തുറന്നപ്പോഴാണ് ഹാളിനോട് ചേർന്ന് ഫാനിൽ അശ്വതി തൂങ്ങി നിൽക്കുന്നതായി കണ്ടത്. കൗൺസിലറെ വിളിച്ചുവരുത്തി നടത്തിയ പരിശോധനയിൽ അല്പം മാറി ശ്രീകുമാരിയെയും തൂങ്ങിയ നിലയിൽ കണ്ടെത്തി. കീർത്തിവനെ ഒരു കിടപ്പുമുറിയിലും കാർണിവൻ, അക്ഷിത എന്നിവരെ മറ്റൊരു മുറിയിലും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൂളിംഗ് ഗ്ലാസും നല്ല വസ്ത്രങ്ങളും ധരിപ്പിച്ച് പുതപ്പിച്ചു കിടത്തിയ നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹങ്ങൾ.

മാനസിക വൈകല്യമുള്ള കീർത്തിവന്റെ ചികിത്സയ്‌ക്കായി കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവർ കൊച്ചിയിലെത്തിയത്. ജൂലായ് 13നാണ് അശ്വതിയുടെ ഭർത്താവ് പൂവച്ചൽ വലിയവിള പൂജനിലയത്തിൽ അക്ഷത് ആത്മഹത്യ ചെയ്തത്. പ്രവാസി കുടുംബത്തിന്റെ വീട് വാടകയ്‌ക്കെടുത്ത് താമസിച്ച ഇവർ ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്.

ഹാളിൽ നിന്ന് ആത്മഹത്യാക്കുറിപ്പും ജ്യൂസ് കുപ്പികളും ലഭിച്ചു. പൊലീസും ഫോറൻസിക് സംഘവും നടത്തിയ പ്രാഥമിക പരിശോധനയിൽ ജ്യൂസിൽ വിഷാംശം സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രി മരണം സംഭവിച്ചെന്നാണ് നിഗമനം. വാതിലും ജനലുകളെല്ലാം അടച്ചിട്ട് എ.സി ഓൺ ചെയ്തിരുന്നതിനാൽ ദുർഗന്ധം പുറത്തേക്ക് വമിച്ചിരുന്നില്ല. അശ്വതിയുടെയും ശ്രീകുമാരിയുടെയും ഫോണുകൾ കസ്റ്റഡിയിലെടുത്തു. കളമശേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി​യ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. പരേതനായ ജി.സുരേന്ദ്രൻ നായരാണ് ശ്രീകുമാരിയുടെ ഭർത്താവ്.

ചാരിറ്റബി​ൾ ട്രസ്റ്റിന്

സ്വത്ത് എഴുതിവച്ചു

ബിസിനസുകാരനായിരുന്ന അക്ഷത് മദ്യപാനിയായിരുന്നെന്നും കരൾ രോഗം സ്ഥിരീകരിച്ചി​ട്ടും മദ്യപാനം തുടർന്നപ്പോൾ വഴക്ക് പതിവായെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. അങ്ങനെയാണ് അശ്വതി ഭർത്താവുമായി​ അകന്നത്. ഡിസംബറിൽ തന്നെ സ്വത്തുക്കൾ ചാരിറ്റബി​ൾ ട്രസ്റ്റിന് വിൽപ്പത്രം എഴുതിവച്ചതിനാൽ ജീവനൊടുക്കാൻ മുൻകൂട്ടി തീരുമാനിച്ചതായി പൊലീസ് സംശയിക്കുന്നു. സഹോദരന്മാരുമായും ഭർത്താവിന്റെ കുടുംബവുമായും അശ്വതിയും കുടുംബവും അകൽച്ചയിലായിരുന്നു.

 അശ്വതിക്കെതിരെ ഭർതൃമാതാവ്

അക്ഷതിന്റെ ആത്മഹത്യയ്ക്ക് കാരണം കുടുംബ പ്രശ്നങ്ങളായിരുന്നെന്ന് അമ്മ ഉഷ ആരോപിച്ചു. ഇരുവരും സ്വരച്ചേർച്ചയിലായിരുന്നില്ല. അക്ഷതിന് ബിസിനസിൽ ശ്രദ്ധിക്കാൻ കഴിയാത്ത വിധം കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ഉഷ പറയുന്നു. അക്ഷതിന്റെ മരണശേഷം അശ്വതിയും ഉഷയും തമ്മിൽ സ്വത്തിന്റെ പേരിൽ തർക്കങ്ങളുണ്ടായിരുന്നു. മരണശേഷം അശ്വതിയും മക്കളും വീടുവിട്ടിറങ്ങിയെന്നും ഉഷ പറഞ്ഞു.

വീട്ടിലെ ഒരു മുറിയൊഴികെ മറ്റുള്ളവയെല്ലാം പൂട്ടിയിട്ടെന്നും അക്ഷതിന്റെ പേരിലുള്ള വാഹനങ്ങളുടെ താക്കോലുമായാണ് അശ്വതി പോയതെന്നും കാട്ടി ഉഷ കാട്ടാക്കട പൊലീസിൽ പരാതി നൽകിയിരുന്നു. അക്ഷതിന്റെ പേരിലുള്ള ആർ.ഡി ഡെപ്പോസിറ്റുകൾ, സ്വർണം എന്നിവ അശ്വതി കൊണ്ടുപോയെന്നും ഉഷ പറയുന്നു. ഉഷയുടെ പേരിലുണ്ടായിരുന്ന വസ്തു വിവാഹസമയത്ത് അക്ഷതിന്റെ പേരിലേക്കും പിന്നീട് അശ്വതിയുടെ പേരിലേക്കും മാറ്റിയിരുന്നു.

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.