
തൃശൂർ: 1938 ജൂലായ് 14. 88 വർഷം മുമ്പ് കൊച്ചി നിയമസഭയിൽ ഒരു ചരിത്രം പിറന്നു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഭാര്യയും ഭർത്താവും ഒരുമിച്ച് മത്സരിച്ച്,ജയിച്ച് നിയമസഭയിലെത്തി. തൃശൂർകാരായ സി.ആർ. ഇയ്യുണ്ണിയും ഭാര്യ ആനിയും. 1938ലാണ് തൃശൂർ,എറണാകുളം എന്നിവിടങ്ങളിൽ നിന്ന് ഓരോ വനിതകളെ തിരഞ്ഞെടുക്കാനുള്ള പരിഷ്‌കാരം അന്നത്തെ ജനാധിപത്യ ഭരണക്രമത്തിൽ ആദ്യമായി കൊച്ചിരാജാവ് പ്രഖ്യാപിച്ചത്.
രാമവർമ്മ മഹാരാജാവിന്റെ 73-ാം ജന്മദിനത്തോടനുബന്ധിച്ച് 1938 ജനുവരി നാലിനായിരുന്നു. അന്ന്,കൊച്ചിൻ കോൺഗ്രസിനെ പ്രതിനിധീകരിച്ച് തൃശൂർ പൊതുസീറ്റിൽ മത്സരിച്ചത് സി.ആർ. ഇയ്യുണ്ണി. വനിത സീറ്റിൽ മിസിസ് ഇയ്യുണ്ണി എന്ന ആനി. അധികം വൈകാതെ കൊച്ചിൻ കോൺഗ്രസ് പാർട്ടി കൊച്ചി രാജ്യ പ്രജാമണ്ഡലമായി. 1921 മുതൽ 1936 വരെ തൃശൂർ മുനിസിപ്പൽ കൗൺസിലറും 1926ലും 33ലും ചെയർമാനുമായിരുന്നു ഇയ്യുണ്ണി. 1935ൽ അദ്ദേഹം ആദ്യമായി തൃശൂരിൽ നിന്ന് എതിരില്ലാതെ നിയമസഭയിലെത്തി. അതിനുശേഷമാണ് 1938ൽ ഭാര്യാസമേതം തൃശൂരിൽ നിന്ന് വിജയിച്ചത്.
1950ൽ ആദ്യത്തെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇയ്യുണ്ണി തൃശൂരിന്റെ പ്രതിനിധിയായി. 1957 വരെ അദ്ദേഹമായിരുന്നു പാർലമെന്റിൽ പ്രതിനിധീകരിച്ചത്. 1961 ജനുവരി 21നാണ് അദ്ദേഹം അന്തരിച്ചത്. മിസിസ് ഇയ്യുണ്ണി കുറച്ചുകാലം മജിസ്‌ട്രേട്ടായും സേവനമനുഷ്ഠിച്ചു. 1982 ഡിസംബർ 27നായിരുന്നു മിസിസ് ഇയ്യുണ്ണിയുടെ അന്ത്യം.
പ്രക്ഷോഭത്തിലൂടെ
താരങ്ങളായി
തിരഞ്ഞെടുപ്പിനു മുമ്പ് നടന്ന ഇലക്ട്രിസിറ്റി പ്രക്ഷോഭത്തിലൂടെയാണ് ഇയ്യുണ്ണിവക്കീലും ഭാര്യയും ശ്രദ്ധേയരായത്. അറസ്റ്റിലായ ഇയ്യുണ്ണിക്ക് മജിസ്‌ട്രേറ്റ് ജാമ്യം നിഷേധിച്ചു. സമരവേദിയിൽ പാഞ്ഞെത്തി തന്നെയും അറസ്റ്റ് ചെയ്യണമെന്ന് ആനി ആവശ്യപ്പെട്ടു. അങ്ങനെ അവർ താരങ്ങളായി. പിന്നീട് സ്ഥാനാർത്ഥികളും. 1942 ആഗസ്റ്റിൽ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ആവേശം ഉൾക്കൊണ്ട് നിയമസഭാംഗത്വം രാജിവയ്ക്കാൻ പ്രജാമണ്ഡലം ആഹ്വാനം ചെയ്തപ്പോൾ ഇരുവരും രാജി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |