SignIn
Kerala Kaumudi Online
Friday, 24 April 2026 6.58 PM IST

സ്വർണക്കൊള്ളയുടെ ചൂടറിയുന്ന ആറന്മുള,​ ബിജെപിക്ക് വേരോട്ടമുള്ള നേമം,​ ആര് ജയിക്കും ഈ മണ്ഡലങ്ങളിൽ?​

Increase Font Size Decrease Font Size Print Page
nemom

'മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ' എന്ന വാചകവുമായി മൂന്നാം തവണയും മുന്നണിയുടെ സർക്കാരിനെ അധികാരത്തിലെത്തിക്കാനുള്ള പ്രവ‌ർത്തനത്തിലാണ് എൽഡിഎഫ് പ്രവർത്തകർ. നൂറിലേറെ സീറ്റുകൾ നേടി ഒരു ദശാബ്‌ദത്തിന് ശേഷം ഭരണത്തിൽ വരുന്നതിനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നത്. 'മതിയായി..മാറ്റം തുടങ്ങാം' എന്ന വാചകം മുന്നോട്ടുവച്ച് സംസ്ഥാന നിയമസഭയിൽ സാന്നിദ്ധ്യമാകാൻ പരിശ്രമത്തിലാണ് ബിജെപിയും എൻഡിഎയും. ഇതിനിടെ പാർട്ടികളും മുന്നണികളും മാറി സ്ഥാനാർത്ഥികളാകുന്നവരുടെ 'വിസ്‌മയവും' ഇത്തവണ തിരഞ്ഞെടുപ്പിന് മുൻപായി സംസ്ഥാനത്ത് തകൃതിയിൽ നടക്കുന്നുണ്ട്.

കേവലം 17 ദിവസം മാത്രമാണ് കേരളം ഇനി പോളിംഗ് സ്റ്റേഷനിലെത്താൻ അവശേഷിക്കുന്നത്. ഈ സമയം രാഷ്‌ട്രീയ കേരളം ഏറെ ചർച്ച ചെയ്യുന്ന രണ്ട് മണ്ഡലങ്ങളിൽ സ്ഥിതി ഇത്തവണ എങ്ങനെയെന്ന് പരിശോധിക്കുകയാണ്. ബിജെപിയുടെ എ പ്ളസ് മണ്ഡലവും അവരുടെ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ജനവിധി തേടുന്നതുമാണ് തിരുവനന്തപുരം നഗരത്തിനുള്ളിലുള്ള നേമം മണ്ഡലം.

ഗ്രാസ്‌റൂട്ട് ലെവലിൽ ആർഎസ്‌എസ് പ്രവർത്തനമുള്ള മണ്ഡലമാണ് നേമം. മോദി പ്രഭാവം ഉണ്ടാകും മുൻപുതന്നെ ബിജെപിയ്‌ക്ക് വേരോട്ടം ലഭിച്ച മണ്ഡലമാണിവിടം. അന്നുവരെ കോൺഗ്രസിന് കരുത്തുണ്ടായിരുന്ന നേമത്ത് മണ്ഡല പുനർനിർണയത്തോടെയാണ് ബിജെപിക്ക് ശക്തി വർദ്ധിച്ചത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ഏത് തിരഞ്ഞെടുപ്പിലും യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. അവസാനമായി യുഡിഎഫിനായി ഇവിടെ വിജയിച്ച എൻ ശക്തൻ ഇത്തവണ തൊട്ടടുത്തുള്ള കാട്ടാക്കട മണ്ഡലത്തിലാണ് ജനവിധി തേടുന്നത്.

80 ശതമാനത്തോളം ഹിന്ദു വോട്ടുകളും 30000ലധികം ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകളും ചേർന്ന മണ്ഡലമാണ് നേമം. 2011 മുതൽ 2021 വരെ രണ്ട് തിരഞ്ഞെടുപ്പിലും യുഡിഎഫ് ഘടകകക്ഷികളായ ജെഡിയുവിനും സോഷ്യലിസ്റ്റ് ജനതാദളിനുമാണ് ഇവിടെ സീറ്റ് നൽകിയത്. 2011 മുതൽ ഇന്നുവരെ രണ്ട് തവണ ഇടതുപക്ഷത്തെയും ഒരിക്കൽ ബിജെപിയെയും നേമം സഭയിൽ പിന്തുണച്ചു.

2011 മുതൽ ഇടതുപക്ഷത്തിനായി നേമത്ത് മത്സരിക്കുന്നത് ഇപ്പോൾ വിദ്യാഭ്യാസ മന്ത്രിയായ ശിവൻകുട്ടിയാണ്. ഇടതുപക്ഷം വിജയിക്കും എന്ന കാര്യത്തിൽ അദ്ദേഹം തികഞ്ഞ ആത്മവിശ്വാസം പുലർത്തുന്നു. വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് അദ്ദേഹം കുട്ടികളുടെ മന്ത്രി അപ്പൂപ്പൻ ആയിരുന്നു. മണ്ഡലത്തിൽ 23 സർക്കാർ സ്‌കൂളുകളുള്ളതിൽ 17ഉം മികവുറ്റതാക്കിയതും നഗരത്തിലെ മുടവൻമുകൾ പാലമടക്കം പണിതതും ഉയർത്തിക്കാട്ടി തന്റെ ആത്മവിശ്വാസം മന്ത്രി പ്രകടിപ്പിക്കുന്നു. ആദ്യം മത്സരത്തിനില്ല എന്ന് പ്രഖ്യാപിച്ചിരുന്ന ശിവൻകുട്ടി പിന്നീട് മത്സരത്തിനിറങ്ങുകയായിരുന്നു.

2020 തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് നേമത്ത് എൽഡിഎഫിന് 400 വോട്ടിന്റെ മുന്നേറ്റമുണ്ടായിരുന്നു. തൊട്ടടുത്ത വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെ 3949 വോട്ടിന് തോൽപ്പിച്ച് ശിവൻകുട്ടി നിയമസഭയിലെത്തി. പിന്നീട് മന്ത്രിയുമായി. അന്ന് അവസാന നിമിഷം സീറ്റ് കോൺഗ്രസ് ഏറ്റെടുത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായെത്തിയ കെ മുരളീധരൻ നിർണായകമായി. ഇത്തവണ അരുവിക്കര മുൻ എംഎൽഎയും നിലവിൽ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ കെ എസ് ശബരീനാഥനെയാണ് കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത് . അന്തരിച്ച ജി കാർത്തികേയന്റെ മകനായ ശബരീനാഥനെ നേമത്ത് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മണ്ഡലത്തിൽ നഷ്‌ടമായ പ്രതാപം തിരികെ പിടിച്ച് വിജയിച്ചുകയറാം എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.

യുഡിഎഫ് ആത്മവിശ്വാസത്തിന് ശക്തിയേകാൻ പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉയർത്തിയ സംസ്ഥാനത്തെ സിപിഎം-ബിജെപി ഡീൽ വിവാദത്തിലെ പ്രധാനകേന്ദ്രം തന്നെയാണ് നേമം. പത്ത് മണ്ഡലങ്ങളിൽ സിപിഎമ്മിനെ ജയിപ്പിക്കാൻ സിപിഎം-ബിജെപി ഡീലുണ്ട് എന്നാണ് പ്രതിപക്ഷ നേതാവ് ആദ്യം ആരോപിച്ചത്. റാന്നിയും കോന്നിയുമടക്കം വിവിധ മണ്ഡലങ്ങളിലും ഡീലുണ്ടെന്ന് അദ്ദേഹം ഇന്നും ആരോപിച്ചു. ഈ ആരോപണങ്ങൾക്ക് ശക്തമായ മറുപടി നൽകാൻ ബിജെപി അദ്ധ്യക്ഷൻ ബാദ്ധ്യസ്ഥനാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജീവ് ചന്ദ്രശേഖർ മത്സരിച്ചപ്പോൾ 22,​000ലധികം വോട്ടുകളുടെ ലീഡും പോൾ ചെയ്‌തതിൽ 45 ശതമാനവും അദ്ദേഹം നേടി. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും അത് മൂന്നിലൊന്നായി കുറഞ്ഞെങ്കിലും ലീഡ് ഇപ്പോഴും ബിജെപിക്കാണ്. ഈ കരുത്ത് ചോർന്നില്ലെന്ന് അദ്ദേഹത്തിന് തെളിയിച്ചേ മതിയാകൂ. ശക്തി ബിജെപിക്കെങ്കിലും സ്ഥാനാർത്ഥി കരുത്തുകൊണ്ട് പ്രവചനാതീതം തന്നെയാണ് ഇത്തവണ നേമത്തെ മത്സരം.

ആരോഗ്യമന്ത്രി വീണാ ജോർജ് മൂന്നാം തവണയും ജനവിധി തേടുന്നു എന്നനിലയിൽ പ്രത്യേകതയുള്ളതാണ് ആറന്മുള മണ്ഡലം. ഓർത്തഡോക്‌സ് വിഭാഗത്തിനും ഹിന്ദു വിഭാഗത്തിനും ഏറെ പ്രാധാന്യമുള്ള മണ്ഡലത്തിൽ കോൺഗ്രസിനായി അബിൻ വർക്കിയാണ് രംഗത്ത്. മുതിർന്ന ബിജെപി നേതാവും മുൻ അദ്ധ്യക്ഷനുമായ കുമ്മനം രാജശേഖരൻ ഇത്തവണ മത്സരിക്കുന്നത് അവരുടെ എ ക്ളാസ് മണ്ഡലമായ ആറന്മുളയിലാണ്.

aranmula

ക്ഷേത്ര പൈതൃക ഗ്രാമമായ ആറന്മുളയുടെ പേരിലുള്ള മണ്ഡലത്തിലാണ് പത്തനംതിട്ട നഗരവും ഉൾപ്പെടുന്നത്. എൺപതുകൾ മുതൽ തൊണ്ണൂറുകളുടെ മദ്ധ്യം വരെ കോൺഗ്രസ് കോട്ട തന്നെയായിരുന്നു ആറന്മുള. 1996ൽ അതികായനായ എം വി രാഘവനെ ഇടതുപക്ഷത്തിന് വേണ്ടി മത്സരിച്ച കവി കടമ്മനിട്ട രാമകൃഷ്‌ണൻ തോൽപ്പിച്ചതോടെ ആ കോട്ട തകർന്നു. പിന്നീട് ഇടവിട്ടുള്ള തിരഞ്ഞെടുപ്പുകളിൽ ഇരുമുന്നണികളും ജയിച്ചു.

2016ൽ പക്ഷെ സ്ഥിതി മാറി. ഇടത് സ്ഥാനാർത്ഥിയായി മാദ്ധ്യമ പ്രവർത്തകയായ വീണാ ജോർജ് എത്തി. കഴിഞ്ഞ രണ്ട് തവണയും കെ ശിവദാസൻ നായരെ തോൽപ്പിച്ച്‌ വീണ സഭയിലെത്തി. ഇത്തവണ ആരോഗ്യ മന്ത്രിയുമായി. വിവാദങ്ങൾ ഒന്നിനുപിറകെ ഒന്നായി ഇക്കാലത്തുണ്ടായി.പലതിലും സർക്കാർ പ്രതികൂട്ടിലാകുകയും ചെയ്‌തു. ഏറ്റവുമൊടുവിൽ മന്ത്രിക്കെതിരെ കണ്ണൂർ റെയിൽവെസ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയതും പിന്നാലെ മന്ത്രിക്ക് പരിക്കേറ്റ സംഭവവും ഏറെ ചർച്ചയായി. ഈ വിവാദത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിയെയാണ് കോൺഗ്രസ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കിയത്.

കോൺഗ്രസിന്റെ പഴയ പ്രതാപം മടക്കികൊണ്ടുവരികയെന്ന വലിയ ബാദ്ധ്യത അബിനുണ്ട്. കോൺഗ്രസ് ഗ്രൂപ്പ് പോരുകൾ കാരണം വശംകെട്ട ജില്ലയിൽ ശബരിമല സ്വർണക്കൊള്ള ഉയർത്തി പ്രതിഷേധിച്ച കോൺഗ്രസിന് വിജയിക്കാൻ മികച്ച അവസരമാണ് ഇത്തവണ.

ബിജെപി ആറന്മുളയിൽ ഏറ്റവും മികവാർന്ന സ്ഥാനാർത്ഥിയെ തന്നെയാണ് കുമ്മനത്തിലൂടെ രംഗത്തിറക്കിയത്. ആറന്മുളയ്‌ക്കും പത്തനംതിട്ടയ്‌ക്കും ഒട്ടും അപരിചിതനല്ല കുമ്മനം. യുപിഎ ഭരണകാലത്തെ ഏറെ വിവാദമായ ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നാളുകൾ നീണ്ടുനിന്ന സമരം നടത്തിയയാളാണ് കുമ്മനം രാജശേഖരൻ. ആറന്മുള പൈതൃക ഗ്രാമ കർമ്മസമിതി അദ്ധ്യക്ഷനായി അദ്ദേഹം നടത്തിയ സമരം ഏറെ ശ്രദ്ധനേടി. സർക്കാരിന് പദ്ധതിയിൽ നിന്ന് പിൻവാങ്ങേണ്ടി വന്നത് അദ്ദേഹത്തിന്റെ ഇടപെടലിന്റെ വിജയമായാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കെ സുരേന്ദ്രൻ പത്തനംതിട്ട മണ്ഡലത്തിൽ നടത്തിയ ശക്തമായ പ്രകടനമാണ് നാളിതുവരെ ബിജെപിയുടെ മണ്ഡലത്തിലെ മികച്ച പ്രകടനം. ശബരിമല യുവതീ പ്രശ്‌ന പ്രക്ഷോഭത്തിൽ മുഖ്യ പങ്കുവഹിച്ച സുരേന്ദ്രൻ അന്ന് പത്തനംതിട്ടയിൽ 28 ശതമാനം വോട്ട് നേടി. നാളുകൾക്കിപ്പുറം ശബരിമല സ്വർണക്കൊള്ളയടക്കം ശ്രദ്ധേയമായ വിഷയങ്ങൾ ചർച്ചയാകുന്ന തിരഞ്ഞെടുപ്പിൽ കുമ്മനത്തിലൂടെ വിജയപ്രതീക്ഷയിലാണ് ബിജെപി.

TAGS: NEMOM, ARANMULA, CONSTITUANCY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.