
കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഇന്ധന ടാങ്കിന് തീപിടിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തീയണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കുവൈറ്റ് സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു.
വ്യോമ പ്രതിരോധ വകുപ്പ് ശത്രുക്കളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ നേരിടുകയാണെന്ന് കുവൈറ്റ് സൈന്യം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആക്രമണങ്ങളെ തടയുന്നതിന്റെ ഫലമായാണ് സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നതെന്നും സൈന്യം സ്ഥിരീകരിച്ചു.
അതിനിടെ ഇറാന്റെ ആക്രമണത്തിൽ ബഹ്‌റൈനിലെ ഒരു കമ്പനിക്ക് തീപിടിച്ചു. സിവിൽ ഡിഫൻസ് അംഗങ്ങൾ തീ അണച്ചതായും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കിഴക്കൻ മേഖലയിൽ എട്ട് ഡ്രോണുകൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നശിപ്പിച്ചതായി സൗദി പ്രതിരോധ മന്ത്രാലയവും അറിയിച്ചു.
ഏഴ് ബാലിസ്റ്റിക് മിസൈലുകളും 16 യുഎവികളും വെടിവച്ചിട്ടതായി യുഎഇ പറയുന്നു. മാർച്ച് 23ന് ഇറാനിൽ നിന്ന് വിക്ഷേപിച്ച ഏഴ് ബാലിസ്റ്റിക് മിസൈലുകളും 16 യുഎവികളും യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തു. ഇറാനിയൻ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം യുഎഇ വ്യോമ പ്രതിരോധം സംവിധാനം 352 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1789 യുഎവികളും തകർത്തതായും അധികൃതർ വ്യക്തമാക്കുന്നു. ആക്രമണങ്ങളിൽ രണ്ട് സായുധ സേനാംഗങ്ങൾ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെടുകയും ചെയ്തു. ആകെ 161 പേർക്ക് പരിക്കേറ്റതായും യുഎഇയിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |