കൊച്ചി: അഞ്ചുവർഷത്തെ സംയോജിത ബിരുദ-ബിരുദാനന്തര കോഴ്‌സുകൾ തുടങ്ങുന്നത് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് പ്രത്യേക ഊന്നൽനൽകി കേരള ഫിഷറീസ് ആൻഡ് സമുദ്ര പഠന സർവകലാശാലയ്ക്ക് (കുഫോസ്) 75.5 കോടിയുടെ ബഡ്ജറ്റ്. പദ്ധതികൾക്ക് 37.50 കോടി രൂപയും പദ്ധതിയേതരത്തിന് 33.51 കോടിയും ബാഹ്യസഹായത്തോടെയുള്ള പദ്ധതികൾക്ക് 4.52 കോടിയും അനുവദിച്ചു.
പുതുവയ്പ് കാമ്പസിലെ ഫാമുകൾ, നീന്തൽക്കുളം സമുച്ചയം, ഫാംടൂറിസം സംരംഭങ്ങൾ എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങളും ആസ്തികളും പരമാവധി പ്രയോജനപ്പെടുത്തും.
മറൈൻബയോളജി, ഓഷ്യൻ സയൻസ്, ക്ലൈമറ്റ് ആൻഡ് ഡേറ്റ അനലിറ്റിക്‌സ്, ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി എന്നിവയിൽ അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളും ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ നാലുവർഷത്തെ ബിരുദപ്രോഗ്രാമും ജൂണിൽ തുടങ്ങും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യൻ ടെക്‌നോളജി, ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് , കെ.എസ്.സി.എസ്.ടി.ഇ ഇൻസ്റ്റിറ്റിയൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് തുടങ്ങിയവയുമായി സഹകരിച്ചാണിത്. ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ഡീപ് ഓഷ്യൻ മിഷന്റെ പിന്തുണയോടെയാണ് എം.എസ്‌സി മറൈൻ ബയോളജി പ്രോഗ്രാം തുടങ്ങുക. വിദ്യാഭ്യാസം, ആഗോള പങ്കാളിത്തം, വ്യവസായ സംയോജനം എന്നിവയ്ക്ക് ഊന്നൽനൽകുമെന്ന് വൈസ് ചാൻസലർ പ്രൊഫ. എ. ബിജുകുമാർ പറഞ്ഞു.
ലക്ഷ്യം നൂതന
സാങ്കേതികവിദ്യകൾ
മത്സ്യത്തൊഴിലാളികളെയും കർഷകരെയും തീരദേശ സമൂഹങ്ങളെയും സഹായിക്കാൻ പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കും. ഒരു തീരദേശഗ്രാമം ദത്തെടുക്കാനും ആലോചിക്കുന്നുണ്ട്. പ്രമുഖ വിദേശസർവകലാശാലകളിലെ വിദ്യാഭ്യാസ വിദഗ്ദ്ധരുടെ സേവനം ഉപയോഗപ്പെടുത്തും. മാരിടൈം സ്‌കിൽസ്, ബ്ലൂ ഇക്കണോമി, കടൽപ്പായലുമായി ബന്ധപ്പെട്ട് മോഡൽഫാം തുടങ്ങിയവയും പരിഗണനയിലുണ്ട്. മികച്ച അദ്ധ്യാപകർക്കായി 'കുഫോസ് ഫിഷറീസ് ഗുരു അവാർഡ്' ഏർപ്പെടുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |