
ചുട്ടുപൊള്ളുന്ന വേനൽ ചൂടിനെ കടത്തി വെട്ടിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് ചൂട്. ഡീൽ ഓർ നോ ഡീൽ വിവാദം കൊഴുക്കുന്നു. പണ്ട് സി.പി.എം കോൺഗ്രസിനും ബി.ജെ.പിക്കുമെതിരെ ഉന്നയിച്ച ആരോപണമാണ് കോലീബി സഖ്യം. ഇപ്പോൾ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഡീൽ ആരോപണവുമായി തിരിച്ചടിക്കുകയാണ് കോൺഗ്രസ്. പാലക്കാട് ഉൾപ്പെടെ പത്ത് മണ്ഡലങ്ങളിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ഡീൽ ഉണ്ടെന്ന കോൺഗ്രസ് ആരോപണം മുഖ്യമന്ത്രിയെ ഉൾപ്പെടെ ചൊടിപ്പിച്ചിരിക്കുന്നു. മണ്ഡല പര്യടനം തുടങ്ങിയ പത്തനംതിട്ട ജില്ലയിൽ നിന്ന് മുഖ്യമന്ത്രി നേരിട്ട പ്രധാന ചോദ്യവും ഡീൽ സംബന്ധിച്ചാണ്. തിരഞ്ഞെടുപ്പ് വേദികളിൽ എല്ലാം കോൺഗ്രസ് നേതാക്കൾ സി.പി.എമ്മിനും ബി.ജെ.പിക്കുമെതിരെ ഡീൽ ഉന്നയിക്കുന്നു. ഡീലിൽ കേന്ദ്രീകരിച്ച് പ്രചാരണം കൊഴുപ്പിക്കാനാണ് യു.ഡി.എഫ് നീക്കം. ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് ദുർബല സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നുവെന്നാണ് ഡീൽ ആരോപണത്തിനുള്ള ന്യായീകരണമായി യു.ഡി.എഫ് നേതാക്കളായ വി.ഡി. സതീശനും കെ.സി വേണുഗോപാലും പറയുന്നത്.
സി.പി.എമ്മിനെതിരെ ഉയർന്ന ബി.ജെ.പി ഡീൽ ആരോപണത്തെ പഴയ കോലീബി സഖ്യം ഓർമ്മിപ്പിച്ച് പ്രത്യാക്രമണം നടത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പി, ലീഗ് കൂട്ടുകെട്ടുകൾക്ക് ഒരു ജാള്യതയുമില്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്ന് പിണറായി പറഞ്ഞു. 2016ൽ നേമത്ത് ബി.ജെ.പി അക്കൗണ്ട് തുറക്കാൻ കാരണം കോൺഗ്രസ് – ബി.ജെ.പി ഡീലാണ്. നേമത്തെ ജയത്തിനു പകരം മറ്റൊരു മണ്ഡലത്തിൽ കോൺഗ്രസിനെ ബി.ജെ.പി സഹായിച്ചിട്ടുണ്ട്.
പണ്ട് വടകര പാർലമെന്റ് സീറ്റിലും ബേപ്പൂർ നിയമസഭാ സീറ്റിലുമാണ് കോലീബി സഖ്യം ബി.ജെ.പിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. വിവരം പുറത്തായതോടെ വോട്ടർമാർ എൽ.ഡി.എഫിനെ വിജയിപ്പിച്ചു. നാൽപ്പത്തൊന്ന് മണ്ഡലങ്ങളിൽ ആർ.എസ്.എസ് കോൺഗ്രസിനെ പിന്തുണച്ചെന്ന് അവർ പരസ്യമായി പറഞ്ഞെന്ന് പിണറായി ചൂണ്ടിക്കാട്ടി.
ആർ.എസ്.എസിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിട്ടുള്ളത്. നേമത്തെ ബി.ജെ.പി അക്കൗണ്ട് പൂട്ടിക്കുമെന്നത് എൽ.ഡി.എഫ് നിലപാടാണ്. അത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ചു. എന്നാൽ, കോൺഗ്രസ് ഒത്തുതീർപ്പുണ്ടാക്കിയെന്നാണ് പിണറായി വിജയൻ പറഞ്ഞത്. പക്ഷെ, ഡീൽ അങ്ങനെ വിട്ടുകളയാൻ യു.ഡി.എഫ് ഒരുക്കമല്ല. തിരഞ്ഞെടുപ്പ് ദിവസം വരെ ഡീൽ ആരോപണം കത്തിച്ചു നിർത്തും. അടുത്തകാലം വരെ നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്, ബി.ജെ.പി രഹസ്യ ബാന്ധവം ഉയർത്തി സി.പി.എം പയറ്റിയ അതേ തന്ത്രം ഇപ്പോൾ കോൺഗ്രസ് ഏറ്റെടുത്തിരിക്കുകയാണ്. ദേശീയ തലത്തിൽ മാത്രമല്ല, സംസ്ഥാനത്തും ബി.ജെ.പിയെ തടുത്തു നിർത്തുന്ന പാർട്ടി കോൺഗ്രസ് ആണെന്നു സ്ഥാപിക്കുകയാണ് ലക്ഷ്യം.
പത്തനംതിട്ട ജില്ലയിൽ കോന്നിയിലും റാന്നിയിലും സി.പി.എം ബി.ജെ.പി ഡീൽ ഉണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണം. ഡീൽ എങ്ങനെയെന്നു വ്യക്തമാക്കിയിട്ടില്ല.
♦ കോലീബി ഓർമ്മിപ്പിച്ച് പിണറായി
സതീശന്റെ ഡീൽ ആരോപണത്തെ മുഖ്യമന്ത്രി നേരിട്ടതും പത്തനംതിട്ടയിലാണ്. വാർത്താസമ്മേളനത്തിൽ പഴയ കോലീബി സഖ്യം ഓർമിപ്പിച്ച് അദ്ദേഹം ചരിത്രത്തിലേക്ക് കടന്നു. ബി.ജെ.പി ബാന്ധവത്തിൽ കോൺഗ്രസിന്റെ പാരമ്പര്യം മറ്റാർക്കുമില്ലെന്നാണ് മുഖ്യമന്ത്രി ഓർമിപ്പിക്കുന്നത്. മലബാറിലെ കോലീബി സഖ്യം പത്തു വർഷം മുൻപ് തിരുവനന്തപുരത്തേക്കും പിന്നീട് സംസ്ഥാനം ഒട്ടാകെയും വ്യാപിപ്പിച്ചുവെന്നാണ് പിണറായി വിജയൻ പറയുന്നത്.
കോൺഗ്രസ് - ബി.ജെ.പി ബാന്ധവം എന്ന പിണറായിയുടെ ആരോപണം തള്ളുകയാണ് ഇരുപാർട്ടികളുടെയും ജില്ലയിലെ നേതൃത്വം. അഞ്ച് മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരം നടക്കുന്നുമെന്നാണ് കോൺഗ്രസും ബി.ജെ.പയും പറയുന്നത്. ജില്ലയിൽ ശക്തമായ ത്രികോണ മത്സരം ആറൻമുളയിലും തിരുവല്ലയിലുമാണ്. ബി.ജെ.പിയുടെ പ്രഗൽഭൻമാരായ കുമ്മനം രാജശേഖരൻ ആറൻമുളയിലും അനൂപ് ആന്റണി തിരുവല്ലയിലും സ്ഥാനാർത്ഥികളാണ്.
ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും നിലവിൽ എൽ.ഡി.എഫ് എം.എൽ.എമാരാണ്. അഞ്ചും തിരിച്ചുപിടിക്കുമെന്നാണ് യു.ഡി.എഫ് പ്രഖ്യാപനം. സീറ്റുകൾ നഷ്ടപ്പെട്ടാൽ കോൺഗ്രസ്, ബി.ജെ.പി ഡീൽ എന്ന ആരോപണവുമായി എൽ.ഡി.എഫ് രംഗത്തുവരും.
കത്തുന്ന ചൂടിൽ പോരാട്ടവും കനക്കുകയാണ്. ഇനി പന്ത്രണ്ട് ദിവസം മാത്രമാണ് പരസ്യപ്രചരണത്തിനുള്ളത്.
പ്രചാരണ വിഷയങ്ങൾക്കും ക്ഷാമമില്ല. സംസ്ഥാനത്തെമ്പാടും ശബരിമല സ്വർണക്കൊള്ള പ്രചരണ വിഷയമാണ്. ശബരിമല പത്തനംതിട്ട ജില്ലയിൽ ആയതുകൊണ്ട് ഇവിടുത്തെ പ്രചാരണത്തിന് കടുപ്പമേറും. ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിലാണ് പോരാട്ടം തീപാറുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാലും സച്ചിൻ പൈലറ്റും ഉൾപ്പെടെ പ്രമുഖർ ജില്ലയിൽ പ്രചാരണ പരിപാടികളിൽ പങ്കെടുത്തു. എൽ.ഡി.എഫ് സർക്കാരിന്റെ ഭരണ നേട്ടങ്ങൾ പറഞ്ഞ മുഖ്യമന്ത്രി യു.ഡി.എഫിനെയും എൻ.ഡി.എയെയും കടന്നാക്രമിച്ചു. ഡീൽ ആരോപണമുന്നയിച്ച കെ.സി വേണുഗോപാൽ എൽ.ഡി.എഫിനെയും എൻ.ഡി.എയെയും പ്രതിക്കൂട്ടിലാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |