
സാമൂഹ്യമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് ഭരണഘടന ചില പ്രത്യേക അവകാശങ്ങൾ നൽകുന്നത് ആ വിഭാഗത്തെ സമുദ്ധരിക്കാൻ വേണ്ടിയാണ്. ആ വിഭാഗത്തിൽ നിന്ന് മാറി അന്യമതം സ്വീകരിക്കുകയും തുടർന്നും പിന്നാക്ക വിഭാഗമെന്ന നിലയിൽ ലഭിച്ചിരുന്ന അവകാശങ്ങൾ പഴയപടി വേണമെന്ന് അവകാശപ്പെടുകയും ചെയ്യുന്നതിൽ ന്യായമില്ല. അതുപോലെ തന്നെ, അന്യമതത്തിൽ നിന്ന് ഹിന്ദുമതം സ്വീകരിക്കുന്ന വ്യക്തി മുൻ മതത്തിൽ ന്യൂനപക്ഷാംഗമെന്ന നിലയിൽ തനിക്കു ലഭിച്ചിരുന്ന എല്ലാ അവകാശങ്ങളും തുടർന്നും വേണമെന്ന് ആവശ്യപ്പെടുന്നതും ന്യായമല്ല. മതം മാറുമ്പോൾ അത് മതത്തിനു വേണ്ടിത്തന്നെയാകണം. അല്ലാതെ സാമ്പത്തിക ആനുകൂല്യങ്ങൾക്കോ, മറ്റു ചില അംഗീകാരങ്ങൾക്കോ വേണ്ടിയാവരുത്. ത്യാഗമാണ് എല്ലാ മതത്തിന്റെയും അടിസ്ഥാന ശില. അപ്പോൾ മതംമാറ്റവും പഴയ അവകാശങ്ങളും പുതിയ അവകാശങ്ങളുമെല്ലാം ഒരേ ദിശയിൽ പോകില്ല.
ഏതാണ്ട് ഇതേ വസ്തുത തന്നെയാണ് പരിവർത്തിത ക്രിസ്ത്യാനികൾ പട്ടികജാതിയല്ല എന്ന വിധിയിലൂടെ സുപ്രീംകോടതി വ്യക്തമാക്കിയത്. ക്രിസ്തുമതത്തിലേക്ക് മാറിയ വ്യക്തിയെ പട്ടികജാതിക്കാരനായി കണക്കാക്കാനാവില്ലെന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു. മറ്റേതെങ്കിലും മതത്തിലേക്ക് മാറിയവർക്ക് ഉടൻ പട്ടികജാതി പദവി നഷ്ടമാകുമെന്ന് 1950-ലെ ഭരണഘടനാ ഉത്തരവിൽ വ്യക്തമാണെന്നും ഉന്നത കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനാ ഉത്തരവിലെ മൂന്നാം വകുപ്പിൽ പറഞ്ഞിട്ടില്ലാത്ത ഏതെങ്കിലും മതത്തിലേക്ക് മാറിയാൽ പട്ടികജാതിയായി കണക്കാക്കാനാവില്ല. അവർക്ക് പട്ടികജാതിക്കാർക്കുള്ള ഏതെങ്കിലും നിയമപരമായ ആനുകൂല്യമോ സംരക്ഷണമോ സംവരണമോ ലഭിക്കുകയുമില്ല. ഇക്കാര്യത്തിൽ ഇളവുണ്ടാകില്ലെന്നും ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ക്രിസ്തുമതത്തിലേക്ക് മാറി പാസ്റ്ററായി പ്രവർത്തിക്കുന്നതിനിടെ അതിക്രമം നേരിട്ട ചിന്താദാ ആനന്ദ് എന്നയാൾ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. തനിക്ക് പട്ടികജാതി, പട്ടികവർഗ സംരക്ഷണം വേണമെന്നാണ് പാസ്റ്റർ വാദിച്ചത്. എന്നാൽ, കേസിലെ പ്രതികൾ ഇതിനെ എതിർക്കുകയായിരുന്നു. ക്രിസ്തുമതത്തിന് ജാതിവ്യവസ്ഥ അന്യമാണെന്നാണ് ഹൈക്കോടതി പറഞ്ഞത്. അതിനാൽ പാസ്റ്ററെ ആക്രമിച്ചവരുടെ പേരിൽ പട്ടികജാതി നിയമപ്രകാരമുള്ള കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലിൽ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തു. പട്ടികജാതിക്കാരായിരിക്കെ മതം മാറിയവർ തിരികെ ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളിലേക്ക് മടങ്ങിയാൽ അവർക്ക് നേരത്തേ ഉണ്ടായിരുന്ന പട്ടികജാതി പദവി ആവശ്യപ്പെടാമെന്നും സുപ്രീംകോടതി ഉത്തരവിൽ പറയുന്നു. ഭരണഘടനാ ഉത്തരവിലെ മൂന്നാം വകുപ്പിൽ ഉൾപ്പെട്ട മതങ്ങളായതിനാലാണ് ഈ ഇളവ് ലഭിക്കുന്നത്. മൂന്ന് വ്യവസ്ഥകൾ പാലിക്കുമെന്ന് ഉറപ്പാക്കിയാവും ഇവർക്ക് പട്ടികജാതി പദവി തിരികെ ലഭിക്കുക.
പട്ടികജാതിയായി ജനിച്ചവരായിരിക്കണമെന്നതാണ് ഒന്നാമത്തെ വ്യവസ്ഥ. പൂർവ മതങ്ങളിലേക്കുള്ള മടക്കം നിർവ്യാജമായിരിക്കണം. അതുപോലെ, മതപരിവർത്തനത്തിന്റെ ഭാഗമായി സ്വീകരിച്ച മതത്തോടുള്ള അടുപ്പവും ആഭിമുഖ്യവും സ്വമേധയാ ഉപേക്ഷിച്ചതായി സ്ഥാപിക്കുകയും ബോദ്ധ്യപ്പെടുത്തുകയും വേണം.
കേരളത്തിൽ നിലവിലുള്ള സംവരണ വ്യവസ്ഥയാണ് സുപ്രീംകോടതിയുടെ വിധിയിലും വിശദീകരിക്കുന്നത്. പട്ടികജാതിക്കാർ ക്രിസ്തുമതത്തിലേക്ക് മാറിയാൽ അവർക്ക് പട്ടികജാതിയെന്ന നിലയിലുള്ള സംവരണം സംസ്ഥാനത്ത് നഷ്ടപ്പെടും. പകരം അവരെ പരിവർത്തിത ക്രിസ്ത്യാനികൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ഒരു ശതമാനം സംവരണം അനുവദിക്കുകയാണ് ചെയ്യുന്നത്. കേരള പി.എസ്.സി വർഷങ്ങളായി തുടർന്നുവരുന്ന ഈ സംവരണ വ്യവസ്ഥയെ പുതിയ സുപ്രീംകോടതി വിധി ബാധിക്കില്ലെന്നാണ് നിയമ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |