
കേരളത്തിൽ ബി.ജെ.പി പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് മഞ്ചേശ്വരം. മത്സരിക്കുന്നതാവട്ടെ ബി.ജെ.പിയുടെ നാക്കും വാക്കുമായ മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ.
2016ൽ 89 വോട്ടിനും 2021ൽ 745വോട്ടിനും പരാജയപ്പെട്ടങ്കിലും കൈവെള്ളയിലാണ് ഇപ്പോഴും സുരേന്ദ്രന് മഞ്ചേശ്വരം. കേരള രാഷ്ട്രീയത്തിലെ ഗതിവിഗതികളെക്കുറിച്ച് സുരേന്ദ്രൻ കേരളകൗമുദിയുമായി സംസാരിക്കുന്നു.
കെ. സുരേന്ദ്രന്റെ സിംഹ ഗർജ്ജനം കേൾക്കുന്നില്ലല്ലോ?
എല്ലാകാലത്തും പാർട്ടി പറയുന്നത് അനുസരിക്കുന്ന പ്രവർത്തകനാണ് ഞാൻ. ഇത്തവണ പാർട്ടി ഏൽപിച്ചിരിക്കുന്നത് മഞ്ചേശ്വരം പിടിച്ചെടുക്കുകയെന്ന ദൗത്യമാണ് . രണ്ടുതവണയായി ഞാനവിടെ പരാജയപ്പെട്ട വോട്ടുകളുടെ എണ്ണം നിങ്ങൾക്കറിയാമല്ലോ. ഇത്തവണ അതുണ്ടാവില്ല.
ചോദ്യം അതല്ല. കേരളത്തിൽ ഒരു ചെറുവിരലനങ്ങിയാലും
പ്രതികരിക്കുന്ന സുരേന്ദ്രനെക്കാണാനില്ല എന്നാണ്?
ഓരോ സമയത്തും പാർട്ടി ഏല്പിക്കുന്ന ചില കടമകളുണ്ട്. അവ കൃത്യമായി നിർവഹിക്കുകയാണ് നേതാവെന്ന നിലയിലും പ്രവർത്തകനെന്ന നിലയിലും എന്റെ കടമ. സംസ്ഥാന പ്രസിഡന്റായിരുന്നപ്പോൾ ദൈനം ദിന രാഷ്ട്രീയത്തിൽ ഇടപെടുകയും പ്രതികരിക്കുകയും വേണമായിരുന്നു. കേരളരാഷ്ട്രീയം ഞെട്ടുന്ന വിജയമാവും ഇത്തവണ ബി.ജെ.പിക്കും എൻ.ഡി.എക്കുമുണ്ടാവുക.
അപരനെ കോൺഗ്രസ് തിരുവനന്തപുരത്ത് നിന്നാണ് ഇറക്കിയത്?
എന്തുമാത്രം നാണക്കേടാണ്. മഞ്ചേശ്വരവുമായി ഒരു ബന്ധുവുമില്ലാത്തൊരാളെ അതും ഒരു കോൺഗ്രസ് നേതാവിനെ പിടിച്ച് എനിക്ക് അപരനായിട്ടിറക്കുക. അപരന്മാരെയൊക്കെ എല്ലാപാർട്ടിക്കാരും ഇറക്കാറുണ്ട്. പക്ഷേ കെ.സുരേന്ദ്രനെ തിരഞ്ഞ് പിടിച്ച് പരാജയപ്പെടുത്തണമെന്ന് അവർക്ക് എന്താണിത്ര നിർബന്ധം.
മഞ്ചേശ്വരത്ത് സി.പി.എം - ബി.ജെ.പി ഡീലില്ലേ ?
സി.പി.എം തന്നെ മുങ്ങിക്കൊണ്ടിരിക്കുകയാണ്. വി.ഡി. സതീശൻ ഇറക്കിവിടുന്ന പ്രചാരണമല്ലേ ഡീൽ വിവാദം. കേരളത്തിൽ രാഷ്ട്രീയമായി ശത്രുപക്ഷത്ത് നിൽക്കുന്ന പാർട്ടികളാണ് സി.പി.എമ്മും ബി.ജെ.പിയും. എന്നിട്ടാണ് കോൺഗ്രസുകാർ ഞങ്ങളുടെ പേരിൽ ഡീൽ ആരോപിക്കുന്നത്. ശരിക്കും ഇവർ തമ്മിലല്ലേ രാജ്യം മുഴുവൻ ഡീൽ. എന്നെ തോൽപിക്കാൻ തിരുവനന്തപുരത്ത് നിന്ന് ആളെ ഇറക്കിയതെന്തിനാണ്. കേരളത്തിൽ ബി.ജെ.പി വരാതിരിക്കാനുള്ള സി.പി.എം-കോൺഗ്രസ് ഡീലിന്റെ ഭാഗമാണിതെല്ലാം.
എന്താവും തിരഞ്ഞെടുപ്പ് ഫലം ?
ഇരുമുന്നണികൾക്കും ഭരിക്കാൻ ഭൂരിപക്ഷം കിട്ടില്ല. എൻ.ഡി.എ നിർണായക ശക്തിയാവും. സീറ്റിന്റെ എണ്ണം ഇപ്പോൾ പറയുന്നില്ല. മഞ്ചേശ്വരത്തിനു പുറമേ, നിങ്ങളാരും പ്രതീക്ഷിക്കാത്ത മണ്ഡലങ്ങൾ വരെ എൻ.ഡി.എ സ്വന്തമാക്കും. കേരളം ഒരു വലിയ മാറ്റം ആഗ്രഹിക്കുന്നുണ്ട്. അത് കേന്ദ്രത്തിൽ നരേന്ദ്രമോദി വെട്ടിയ വഴിയാണ്. കേരളത്തിനും ആ വഴിയിലേക്ക് മാറി നടക്കേണ്ടിവരും.
@ മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ
സ്ഥാനാർത്ഥിയെ പിൻവലിച്ചല്ലോ...?
നിലവിൽ ജമാഅത്തെ കൂട്ടുകെട്ടിലായിരുന്നു ലീഗും യു.ഡി.എഫും. അപ്പോഴും അവർ എസ്.ഡി.പി.ഐയെ തള്ളിപ്പറഞ്ഞു. അവർക്കാണ് കൂടുതൽ വർഗീയതയെന്നായിരുന്നു വിലയിരുത്തൽ. അപ്പോൾ പിന്നെ എന്തിനാണ് പാണക്കാട്ടടക്കം യോഗം ചേർന്ന് എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെ പിൻവലിച്ചത്. ആർക്കാണ് വർഗീയത, എവിടെയാണ് വർഗീയതയെന്ന് മഞ്ചേശ്വരത്തെ ജനം തീരുമാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |