
ഒരാൾ പൂജയുടെ ആവശ്യത്തിന് ഉരുളൻകല്ല് അന്വേഷിച്ച് നാടെല്ലാം അലഞ്ഞു. എങ്ങും കിട്ടാഞ്ഞ് ഒടുവിൽ കല്ല് തേടി മലമുകളിൽ കയറി. എന്നാൽ അവിടെയെങ്ങും ഉരുളൻകല്ല് ഒരെണ്ണംപോലും കണ്ടില്ല. ദേഷ്യവും സങ്കടവും സഹിക്കാതെ അയാൾ ഒരു കല്ലു ചവിട്ടി താഴേക്കിട്ടു,നിരാശയോടെ മലയിറങ്ങി. താഴെ വന്നു നോക്കുമ്പോൾ അതാ അവിടെ ഒരു നല്ല ഉരുളൻ കല്ല് ! അയാൾ മലമുകളിൽനിന്നും തട്ടി താഴേക്കിട്ട കല്ലായിരുന്നു അത്.താഴേയ്ക്കുള്ള വീഴ്ച്‌ചയിൽ മറ്റു കല്ലുകളിൽ തട്ടിത്തട്ടി അതിൻ്റെ മുനകളെല്ലാം പോയിരുന്നു.മറ്റുള്ളവരുമായുള്ള സമ്പർക്കത്തിലൂടെയും സഹകരണത്തിലൂടെയും ഓരോ വ്യക്തിയിലും ഉണ്ടാകുന്ന നല്ല പരിവർത്തനത്തിനെയാണ് ഈ കഥ സൂചിപ്പിക്കുന്നത്.ഇതുതന്നെയാണ് കീഴ്‌വഴക്കത്തിലൂടെയും സംഭവിക്കുന്നത്.
പ്രായംകൊണ്ടും സ്ഥാനംകൊണ്ടും നമുക്ക് മീതെയുള്ളവരോടുള്ള വിധേയത്വവും അനുസരണയുംകൊണ്ട് നമുക്കും ഒട്ടേറെ നേട്ടമുണ്ടാകുന്നുണ്ട്. ഞാനെന്ന ഭാവത്തിൽ നിന്ന് കീഴ്‌വഴക്കത്തിലേയ്ക്കും എളിമയിലേയ്ക്കും വരുമ്പോൾ മാത്രമേ അഹങ്കാരത്തിന്റെ കൂർത്തു മൂർത്ത മുനകൾ തേഞ്ഞ്, മനസ്സ് പക്വത കൈവരിക്കുകയുള്ളൂ.മാതാപിതാക്കളെയും ഗുരുജനങ്ങളെയും പ്രായത്തിൽ മുതിർന്നവരെയും ആദരിക്കുകയും അനുസരിക്കുകയും ചെയ്യുക എന്നതിന് ഭാരതീയ സംസ്കാരത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്.അച്ഛനമ്മമാരെ നമസ്‌കരിക്കുക, മുതിർന്നവർ വരുമ്പോൾ എഴുന്നേൽക്കുക, വൃദ്ധരായവർക്ക് ആദരവും പരിഗണനയും നല്‌കുക ഇതെല്ലാം നമ്മുടെ ജീവിതചര്യയുടെ ഭാഗമായിരുന്നു.
കീഴ്‌വഴക്കവും അനുസരണയുമെല്ലാം ദുർബ്ബലതയല്ലേ, അവ അടിമമനോഭാവത്തിന്റെ ലക്ഷണങ്ങളല്ലേ എന്നു ചോദിക്കുന്നവരുണ്ട്. അത് ഒരിക്കലും ദുർബ്ബലതയോ അടിമത്തമോ അല്ല. കുടുംബത്തിലും സമൂഹത്തിലും താളലയം നിലനിർത്താനുള്ള പ്രായോഗിക മാർഗ്ഗങ്ങളാണവ. ഒരു യന്ത്രം തടസ്സമില്ലാതെ നിരന്തരം പ്രവർത്തിക്കണമെങ്കിൽ സമയാസമയം അതിനുവേണ്ട അറ്റകുറ്റപ്പണികൾ ചെയ്ത് എണ്ണയിട്ട് ഉപയോഗയോഗ്യമാക്കി വയ്ക്കണം. അതുപോലെ വ്യക്തികൾക്കിടയിലുള്ള അനാവശ്യമായ ഉരസലുകൾ ഒഴിവാക്കാനും സമൂഹജീവിതം തടസ്സമില്ലാതെ മുന്നോട്ടുനീങ്ങാനും കീഴ്‌വഴക്കവും അനുസരണയും ആവശ്യമാണ്.
നിയമപാലകരെ ജനങ്ങൾ ബഹുമാനിക്കാറുണ്ട്. വാസ്തവത്തിൽ അവരെ ആദരിക്കുന്നതിലൂടെ രാജ്യത്തെ നിയമവ്യവസ്ഥയെയാണ് നമ്മൾ ആദരിക്കുന്നത്. അതുപോലെ നമ്മളെക്കാൾ പ്രായത്തിലും അറിവിലും അനുഭവത്തിലും മുതിർന്നവരെ ആദരിക്കുകയും അനുസരിക്കുകയും ചെയ്യുമ്പോൾ അവരുടെ അറിവിനെയും അനുഭവസമ്പത്തിനെയുമാണ് നമ്മൾ ആദരിക്കുന്നത്. ഒരു വിദ്യാർത്ഥി അദ്ധ്യാപകനോട് ആദരപൂർവ്വം പെരുമാറുമ്പോൾ അത് അറിവ് നേടാനുള്ള അവന്റെ ജിജ്ഞാസയെയാണ് കാണിക്കുന്നത്. അദ്ധ്യാപകൻ പഠിപ്പിക്കുന്നതു ശ്രദ്ധിച്ചുകേൾക്കാനും. പൂർണ്ണമായി ഉൾക്കൊള്ളാനും ആ വിനയത്തിലൂടെ അവനു കഴിയുന്നു. വിദ്യാർത്ഥിയുടെ വിനയവും ജിജ്ഞാസയും കാണുമ്പോൾ അദ്ധ്യാപകന്റെ മനസ്സലിയുകയും തന്നിലുള്ള അറിവ് പൂർണ്ണമായി വിദ്യാർത്ഥിക്കു പകർന്നു നല്‌കാൻ ആത്മാർത്ഥമായി ശ്രമിക്കുകയും ചെയ്യുന്നു. അങ്ങനെ നോക്കുമ്പോൾ വിനയവും അനുസരണയുംകൊണ്ട് യഥാർത്ഥത്തിൽ വിദ്യാർത്ഥിയാണ് വളരുന്നത്.
കീഴ്‌വഴക്കം ഒരിക്കലും സ്വതന്ത്രമായി ചിന്തിക്കുന്നതിനും വളരുന്നതിനും തടസ്സമല്ല. സയൻസിൽ ഒരു പുതിയ കണ്ടുപിടുത്തം നടക്കുമ്പോൾ അവിടെ സ്വതന്ത്രമായ ചിന്തയുണ്ട്. അതിനു കളമൊരുക്കുന്നത് പൂർവ്വികരായ ശാസ്ത്രജ്ഞന്മാർ പകർന്ന അറിവാണ്. അതുപോലെ ഓരോ തലമുറയും പൂർവ്വികരുടെ സംഭാവനകൾ വിനയപൂർവ്വം ഉൾക്കൊണ്ടും അവരെ അനുസരിച്ചും മുന്നോട്ടുപോകുമ്പോൾ സമൂഹം ഒന്നിച്ചു വളരുകയും പുരോഗമിക്കുകയും ചെയ്യുന്നു.
- ശ്രീ മാതാ അമൃതാനന്ദമയീ ദേവി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |