
മുംബയ്: മന്ത്രിയും ട്രാൻസ് യുവതിയും അടുത്തിടപഴകുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത്. മഹാരാഷ്‌ട്രയിലെ ഭക്ഷ്യ, ഔഷധ മന്ത്രിയും എൻസിപി നേതാവുമായ നർഹരി സിർവാളിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. മന്ത്രിയും യുവതിയും ഔദ്യോഗിക വസതിയിൽ അടുത്തിടപഴകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ദൃശ്യങ്ങളിൽ വിമർശനമുയർന്നതിന് പിന്നാലെ മഹാ വികാസ് അഘാഡിയാണ് രാജിയാവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തിൽ മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.
രണ്ടുമാസത്തിനിടെ രണ്ടാം തവണയാണ് മന്ത്രിയുമായി ബന്ധപ്പെട്ട വിവാദമുയരുന്നത്. സെക്രട്ടറിയേറ്റ് മന്ദിരത്തിൽ വച്ച് കൈക്കൂലി വാങ്ങിയതിന് മന്ത്രിയുടെ ക്ളർക്ക് ആന്റി കറപ്‌ഷൻ ബ്യൂറോയുടെ പിടിയിലായിരുന്നു. വിവാദ ദൃശ്യങ്ങളിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും ഉപമുഖ്യമന്ത്രിയും എൻസിപി അദ്ധ്യക്ഷനുമായ സുനേത്ര പവാറിനും സിർവാൾ വിശദീകരണം നൽകിയതായാണ് വിവരം.
നാസിക് ജില്ലയിലെ ദിൻദോരിയിൽ നിന്ന് നാല് തവണ എംഎൽഎയായിട്ടുള്ളയാളാണ് സിർവാൾ. മഹാരാഷ്‌ട്ര നിയമസഭയിൽ ഡെപ്യൂട്ടി സ്‌പീക്കറാവുകയും ചെയ്തു. അന്തരിച്ച എൻസിപി അദ്ധ്യക്ഷൻ അജിത് പവാറിന്റെ അടുത്ത അനുയായിയായിരുന്നു. ബാരാമതിയിലെ വിമാനാപകടത്തിൽ അജിത് പവാർ കൊല്ലപ്പെട്ടതിനുശേഷം ഉപമുഖ്യമന്ത്രിയും എൻസിപി പ്രസിഡന്റുമായി സുനേത്ര പവാറിന്റെ പേര് പരസ്യമായി നിർദ്ദേശിച്ച ആദ്യ വ്യക്തിയാണ് ഗോത്ര നേതാവ് കൂടിയായ സിർവാൾ. അജിത് പവാറിന്റെ നിര്യാണത്തെത്തുടർന്ന് എൻസിപിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളാണ് ഇത്തരമൊരു വീഡിയോ ചോർന്നതിന് കാരണമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അതേസമയം, വീഡിയോയുടെ ആധികാരികതയിലും സ്ഥിരീകരണമുണ്ടായിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |