
ജനിക്കാത്ത കുഞ്ഞിന്റെ ജാതകം എഴുതിക്കാൻ പരക്കം പായുന്ന പിതാവിന്റെ അവസ്ഥയിലാണ് കോൺഗ്രസിലെ പല നേതാക്കളും. തിരഞ്ഞെടുപ്പ് നടന്നില്ല, ഭൂരിപക്ഷം ആർക്കെന്ന് വ്യക്തമായില്ല, പക്ഷെ മുഖ്യമന്ത്രി ആരായിരിക്കുമെന്നതാണ് പ്രധാന ചർച്ച. ഇത് കോൺഗ്രസിലെ കാര്യമാണേ. തിരഞ്ഞെടുപ്പ് ഫലം വന്ന്, ഭൂരിപക്ഷം കിട്ടിയ ശേഷം ഇങ്ങനൊരു ചർച്ച നടക്കുന്നതിന് പ്രസക്തിയുണ്ട്. പക്ഷെ 2026 ഏപ്രിലിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് വ്യക്തമായതു മുതൽ കോൺഗ്രസ് വേദികളിൽ ചർച്ച മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയാണ്. മുഖ്യമന്ത്രി പദത്തിലെത്താൻ ഇത്രയധികം യോഗ്യന്മാർ ഒരു കുടക്കീഴിൽ അണിനിരന്നിട്ടുള്ള മറ്റൊരു രാഷ്ട്രീയ പാർട്ടിയും കേരളത്തിലില്ലെന്ന സത്യം, കോൺഗ്രസിലെ തർക്കം കാണുമ്പോഴാണ് ഓർക്കുക. യുവ രക്തത്തിന് എപ്പോഴും പ്രാമുഖ്യം നൽകാറുള്ള സി.പി.എം പോലും തുടർച്ചയായി മൂന്നാം വട്ടം ഭൂരിപക്ഷം കിട്ടിയാലും മുഖ്യമന്ത്രി കസേരയിൽ പിണറായിയെ വിട്ടൊരു കളിയില്ല.
പക്ഷെ കോൺഗ്രസ് അക്കാര്യത്തിൽ ധന്യതയുള്ള പാർട്ടിയാണ്. ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ ശ്വാസം പിടിച്ച് മസിലുരുട്ടി കളിച്ച് ബോഡി ബിൽഡർമാർ വന്നുപോകുംപോലെയാണ് കോൺഗ്രസിൽ മുഖ്യമന്ത്രിയാവാനുള്ള നേതാക്കളുടെ നിര. ലേശം ഓർമ്മക്കുറവ്, സന്ധിവാതം മൂലം നടക്കാനുള്ള വൈഷമ്യം, നടുവിന് വെട്ടലുള്ളതിനാൽ ഇരിക്കുന്നിടത്തു നിന്ന് എഴുന്നേൽക്കാനുള്ള ബുദ്ധിമുട്ട്, സ്വന്തം പേരു ചോദിച്ചാൽ അടുത്തിരിക്കുന്നയാൾ മറുപടി പറയേണ്ട അവസ്ഥ... ഇങ്ങനെ ചില്ലറ പ്രശ്നങ്ങളുണ്ടെങ്കിലും മുഖ്യമന്ത്രിക്കസേരയിലിരുന്നു ഭരണം നടത്താൻ തങ്ങൾ എന്തുകൊണ്ടും യോഗ്യർ എന്ന് സ്വന്തമായി പറഞ്ഞും മറ്റുള്ളവരെ കൊണ്ട് പറയിച്ചും പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുറെ നേതാക്കളെങ്കിലും അണിയറയിലുണ്ട്.'നിസ്വാർത്ഥന്മാരുടെ' തള്ളിക്കയറ്റം കാരണം ഈ പാവങ്ങൾക്ക് സീറ്റും കിട്ടിയില്ല, മത്സരിക്കാനും സാധിച്ചില്ല. എങ്കിലും സ്വന്തം യോഗ്യതയെക്കുറിച്ച് സ്വയം ബോദ്ധ്യപ്പെടുത്തി സങ്കൽപ്പലോകത്തെ മുഖ്യമന്ത്രിമാരായി വിരാജിക്കുകയാണ് ഇക്കൂട്ടർ.
എന്നാൽ മുഖ്യധാരയിൽ നിൽക്കുന്ന സിക്സ്റ്റി പ്ളസായ വേറൊരു കൂട്ടം നേതാക്കളുണ്ട്. തനിക്ക് മുഖ്യമന്ത്രിയാവണമെന്ന് അവർ ആരോടും പറയാറില്ല, എല്ലാം അറിഞ്ഞ് നേതൃത്വമിങ്ങുതരും എന്നതാണ് അവരുടെ വിശ്വാസം.പത്തു വർഷമായി സെക്രട്ടേറിയറ്റിനു ചുറ്റിനുമുള്ള റോഡിലൂടെ തെക്കുവടക്കു നടക്കുകയാണ് യു.ഡി.എഫ് നേതാക്കൾ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ എങ്ങനെയെങ്കിലും അകത്താവുമെന്ന് കരുതിയെങ്കിലും സാധിച്ചില്ല. ജനങ്ങൾ അത് സമ്മതിച്ചില്ലെന്നു പറഞ്ഞാൽ മതിയല്ലോ. എന്തായാലും ഇത്തവണ കാര്യങ്ങൾ ഒന്നു മാറിമറിയുമെന്ന ധാരണ പൊതുവെയുണ്ട്. അക്കാരണത്താൽ തന്നെയാണ് മുഖ്യമന്ത്രി പദവിയെക്കുറിച്ചുള്ള ചർച്ച കാലേകൂട്ടി തുടങ്ങിയത്.
ചെറുപ്പത്തിലേ തന്നെ കളരിയും മർമ്മവുമെല്ലാം പഠിച്ച് ആരോഗ്യദൃഢഗാത്രനായി, ഗാന്ധിമാർഗത്തിലേക്ക് വന്ന വ്യക്തിയാണ് കെ.സുധാകരൻ. കോളേജ് വിദ്യാഭ്യാസ കാലത്ത് ചിലരെയൊക്കെ ചവിട്ടി തെറിപ്പിച്ചിട്ടുണ്ടെങ്കിലും തീർത്തും അഹിംസാവാദിയാണ്. മുഖ്യമന്ത്രി കസേരയ്ക്ക് ഇണങ്ങും വിധമുള്ള ശരീരഗാംഭീര്യവുമുണ്ട്. തന്റെ പ്ളസ് പോയിന്റുകളെക്കുറിച്ച് നല്ല ബോദ്ധ്യമുള്ളതിനാലാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ത്യാഗ സന്നദ്ധത എ.ഐ.സി.സി നേതാക്കളെ അറിയിച്ചത്. സുധാകരൻ പറഞ്ഞ ഹിന്ദി മല്ലികാർജുൻ ഖർഗെയ്ക്കും രാഹുൽ ഗാന്ധിക്കും മനസിലാവാഞ്ഞോ, അതോ കെ.സി.വേണുഗോപാലിന്റെ വിശദീകരണത്തിന്റെ പൊരുൾ വ്യക്തമാവാത്തതിനാലോ എം.പി എന്ന ഒറ്റക്കാരണം പറഞ്ഞ് അദ്ദേഹത്തിന് സീറ്റു നിഷേധിച്ചു. അങ്ങനെ നാലുദിവസം ഡൽഹിയിലെ കാത്തുകെട്ടിക്കിടപ്പിന് ശേഷം മുഖ്യമന്ത്രി പാനലിൽ നിന്നും ഒരു യോഗ്യൻ പ്രാഥമിക റൗണ്ടിൽ പുറത്തായി.
ഇനിയുള്ള പട്ടിക നോക്കാം. കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, വിശ്വമലയാളി ഡോ. ശശി തരൂർ അങ്ങനെ മെച്ചപ്പെട്ട ജീവിതരേഖയുള്ള പ്രമുഖരുടെ പട്ടികയുണ്ട്.
യു.ഡി.എഫിന് അടുത്ത തിരഞ്ഞെടുപ്പിൽ മൃഗീയ ഭൂരിപക്ഷം കിട്ടുമ്പോൾ ഇതിൽ ആരെ മുഖ്യമന്ത്രിയാക്കും എന്നൊരു ആശയക്കുഴപ്പം വന്നേക്കാം. എ.ഐ.സി.സി.സി നേതൃത്വം ചിന്തിച്ച് തല പുണ്ണാക്കാതിരിക്കാനാണ് നമ്മുടെ കണ്ണൂർ ഗാന്ധി കെ.സുധാകരൻ നിർദ്ദോഷമായ ഒരു നിർദ്ദേശം മുന്നോട്ടു വച്ചത്. ' ആ ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കിയാൽ മതി, സർവ്വഥാ യോഗ്യൻ'. ഓർക്കാപ്പുറത്തുണ്ടായ ഈ നിർദ്ദേശം കേട്ടപ്പോഴുണ്ടായ രോമാഞ്ചം പുറത്തുകാട്ടാതിരിക്കാൻ ചെന്നിത്തല അനുഭവിച്ച പ്രയാസം അദ്ദേഹത്തിനേ അറിയൂ. കണ്ണൂർ ഗാന്ധിയുടെ അഭിപ്രായത്തിന് സർവാത്മനാ പിന്തുണയുമായി തിരുവല്ലാ ഗാന്ധി പ്രൊഫ.പി.ജെ.കുര്യനും രംഗത്തെത്തി. മാസത്തിൽ 30 ദിവസവും വാർത്താ സമ്മേളനങ്ങൾ നടത്തി സർക്കാരിന്റെ പിടിപ്പുകേടും ജനങ്ങളുടെ ബുദ്ധിമുട്ടുകളും അച്ചടിഭാഷയിൽ നിരത്താറുള്ള പണ്ഡിത ശിരോമണി വി.ഡി.സതീശന്റെ പേരുപറയാൻ ആർക്കും നാവു പൊന്താതിരുന്നത് നന്ദികേടായിപ്പോയി. അല്ലെങ്കിലും ഈ കോൺഗ്രസ് ഇങ്ങനെയാ.മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്നവരുടെ മനസറിയാൻ ശ്രമിക്കില്ല. എങ്കിലും കർണാടക, തെലങ്കാന മാതൃകയിൽ കേരളത്തിലും മുഖ്യമന്ത്രിയെ നിശ്ചയിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് സതീശനെ ഡൽഹിയിൽ നിന്നു 'മടക്കിയത്.'
തത്കാലം മുഖ്യമന്ത്രി പദം വേണ്ടെന്ന് സ്വയം തീരുമാനിച്ച വിശ്വപൗരനും ചിത്രത്തിലില്ലാതായി. ഇപ്പോൾ എല്ലാ കണ്ണുകളും വീണ്ടും ഡൽഹിക്ക് നീളുകയാണ്. രാഹുൽഗാന്ധിയെ രാഷ്ട്രീയ അടവുകൾ പഠിപ്പിച്ച് കോൺഗ്രസിനെ നാൾക്കുനാൾ പുരോഗതിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മദ്ധ്യസ്ഥ പ്രതിനിധിയായി എത്തുമോ എന്നതാണ് സംശയം. ഓരോ പദവി കൊടുക്കുമ്പോഴും ഏയ് എനിക്കിതൊന്നും വേണ്ട എന്നു പറഞ്ഞു കൊണ്ട് സന്തോഷപൂർവം സ്വീകരിക്കാറുള്ള വേണുവിന്റെ സന്മനസ് എല്ലാവർക്കും അറിവുള്ളതുമാണ്.
ഇതുകൂടി കേൾക്കണേ
ധന ആകർഷണ ഭൈരവ യന്ത്രം യഥേഷ്ടം കിട്ടുന്ന കാലമാണ്. മന്ത്രവിദ്യയാലുള്ള ആ 'യന്ത്ര'ത്തിൽ മുഖ്യമന്ത്രി എന്നൊരു ഓപ്ഷൻ കൂടി കൊടുത്തെങ്കിൽ കാര്യങ്ങൾ എളുപ്പമായേനെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |