SignIn
Kerala Kaumudi Online
Tuesday, 21 April 2026 6.42 AM IST

പ്രവാസി വോട്ട്... കണ്ണും നട്ട് മുന്നണികൾ...

Increase Font Size Decrease Font Size Print Page
ss

പ്രവാസി വോട്ടുകൾ എന്നും കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് നിർണ്ണായകമാണ്. ഓരോ തിരഞ്ഞെടുപ്പ് കാലത്തും ഗൾഫ് നാടുകൾ മിനി കേരളമായി മാറാറുണ്ട്. പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും നേരിട്ടെത്തി കൺവെൻഷനുകൾ നടത്തുന്നതും, വോട്ടർമാരെ വിമാനം ചാർട്ടർ ചെയ്ത് നാട്ടിലെത്തിക്കുന്നതുമൊക്കെ പതിവ് കാഴ്ചകളായിരുന്നു. എന്നാൽ ഇത്തവണ പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം ഈ ആവേശത്തിന് മേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്.തിരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടങ്ങൾ നടക്കുന്ന മണ്ഡലങ്ങളിൽ പ്രവാസി വോട്ടിന് പൊന്നും വിലയാണ് ഇക്കുറി. അതുകൊണ്ട് തന്നെ പരാമാവധി വോട്ടർമാരെ ജന്മനാട്ടിലെത്തിക്കാനുള്ള പരവേശത്തിലാണ് മുന്നണികൾ. പക്ഷേ കുതിച്ചുയരുന്ന വിമാനനിരക്ക് പ്രവാസികളുടെ സമ്മതിദാനാവകാശത്തിന് വെല്ലിവിളിയാവുകയാണ്. ജില്ലയിലെ കണ്ണൂർ, അഴീക്കോട്, കൂത്തുപറമ്പ്, തളിപ്പറമ്പ് എന്നീ മണ്ഡലങ്ങളിൽ പ്രവാസി വോട്ടുകൾ ജയപരാജയങ്ങളെ സ്വാധീനിക്കാൻ ശേഷിയുള്ളവയാണ്. ഈ വർഷം ജനുവരി ഒന്നിലെ കണക്കനുസരിച്ച് 52,163 പ്രവാസി വോട്ടർമാരാണ് കണ്ണൂർ ജില്ലയിലുള്ളത്. ഇത് എസ്.ഐ.ആർ പട്ടിക വരുന്നതിന് മുമ്പുണ്ടായിരുന്ന പ്രവാസി വോട്ടർമാരുടെ എണ്ണത്തെക്കാൾ 274.7 ശതമാനം കൂടുതലാണ്. സംസ്ഥാനതലത്തിൽ തന്നെ ഏറ്റവുമധികം പ്രവാസി വോട്ടുകളുള്ള രണ്ടാമത്തെ ജില്ലയാണ് കണ്ണൂർ.

തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയതോടെ പ്രവാസി വോട്ടുകളിൽ നോട്ടമിട്ട് മുന്നണികൾ പ്രചരണം കടുപ്പിച്ചുകഴിഞ്ഞു. പ്രവാസികൾക്കായുള്ള വിവിധ പദ്ധതികളും വാഗ്ദാനങ്ങളും പ്രചാരണത്തിലുടനീളം ചർച്ച ചെയ്യുന്നുണ്ട്.എസ്.ഐ.ആർ പട്ടിക വരുന്നതിന് മുമ്പ്, 2025 ഒക്ടോബർ 27 ലെ കണക്കനുസരിച്ച് 13,922 പേരായിരുന്നു ജില്ലയിൽ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്ന പ്രവാസി വോട്ടർമാർ. 18 നും 19 നുമിടയിൽ പ്രായമുള്ള വോട്ടർമാർ ജില്ലയിൽ 40,263 പേരാണ്. ഈ വിഭാഗത്തിലും എസ്.ഐ.ആർ പട്ടികയ്ക്ക് മുമ്പുണ്ടായിരുന്നതിനേക്കാൾ 28 ശതമാനമാണ് വർധന. ജില്ലയിലെ സർവീസ് വോട്ടർമാർ 6544 ആണ്. പ്രത്യേകം ദുർബലരായ ഗോത്രവർഗ്ഗ വിഭാഗത്തിൽപ്പെട്ട (പി.വി.ടി.ജി)എട്ട് വോട്ടർമാരെ ജില്ലയിൽ ഉള്ളൂ. ഈ വിഭാഗത്തിൽപ്പെടുന്ന 18 പേർ ജില്ലയിൽ ഉണ്ടെന്നാണ് കണക്ക്; എല്ലാവരും കാട്ടുനായ്ക്ക ഗോത്രത്തിൽ നിന്നുള്ളവർ. ഇവരിൽ 11 പേർ 18 ന് മുകളിൽ പ്രായമുള്ളവരാണ്. കണ്ണൂർ ജില്ലയിൽ ആകെ 21,60,497 വോട്ടർമാരാണുള്ളത്. ഇതിൽ 11,18,589 സ്ത്രീകളും 10,41,897 പുരുഷന്മാരും 11 പേർ ട്രാൻസ്ജൻഡറുമാണ്. 80 ന് മുകളിൽ പ്രായമുള്ള 49,008 പേരും 85 ന് മുകളിൽ 18,875 പേരും നൂറ് വയസിന് മുകളിൽ പ്രായമുള്ള 132 പേരും കണ്ണൂർ ജില്ലയിലെ വോട്ടർ പട്ടികയിൽ ഉൾപ്പെടുന്നു.കല്യാശ്ശേരി-8,097, കൂത്തുപറമ്പ്-6,839,​ കണ്ണൂർ-6,331, തളിപ്പറമ്പ്-5,301,​ അഴീക്കോട്-5,267,​ തലശ്ശേരി-5,915, ധർമടം-4,498 എന്നിങ്ങനെയാണ് ജില്ലയിലെ മണ്ഡലങ്ങളിലെ പ്രവാസിവോട്ടുകൾ .

ഗൾഫിലെ യുദ്ധഭീതി മൂലം പ്രവാസിസമൂഹം നേരിടുന്ന പ്രതിസന്ധികളും തൊഴിൽ നഷ്ടവുമെല്ലാം പരിഹരിക്കാനുള്ള ഫോർമുല ഈ തിരഞ്ഞെടുപ്പിൽ മുന്നണികൾക്ക് മുന്നോട്ടുവെക്കേണ്ടിവരും. പ്രവാസി ക്ഷേമനിധി ബോർഡിലേക്ക് ലഭിക്കുന്ന അപേക്ഷകളിൽ നടപടിയെടുക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കുന്നതിനും സർക്കാർ നടപടി വൈകുന്നതടക്കമുള്ള പ്രശ്നങ്ങൾ സ്ഥാനാർത്ഥികൾക്കും പാർട്ടികൾക്കും മുന്നിൽ പ്രവാസി സംഘടനകൾ ഉയർത്താനും ഇടയുണ്ട്. നേരിയ മാർജിനുള്ള കണ്ണൂർ നിയോജകമണ്ഡലം ഉറപ്പാക്കണമെങ്കിൽ പ്രവാസി വോട്ടുകൾ പരമാവധി പെട്ടിയിലെത്തണമെന്നതാണ് സ്ഥിതി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 1745 വോട്ടിന്റെ ഭൂരിപക്ഷമാണ് രാമചന്ദ്രൻ കടന്നപ്പള്ളിയ്ക്ക് ലഭിച്ചത്. മണ്ഡലത്തിൽ 6331 പ്രവാസി വോട്ടുകളാണുള്ളത്.സർവീസുകൾ വെട്ടിച്ചുരുക്കിയതും ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നതുമാണ് പ്രശ്‌നം. മലബാറിലെ കുറ്റ്യാടി, നാദാപുരം, കണ്ണൂർ, അഴീക്കോട്, കൂത്തുപറമ്പ് തുടങ്ങിയ മണ്ഡലങ്ങളിലാണ് പ്രവാസിവോട്ടുകൾ ഏറെയുള്ളത്. കഴിഞ്ഞ തവണ ചെറിയ ഭൂരിപക്ഷത്തിന് നഷ്ടപ്പെട്ട ഇവിടങ്ങളിൽ പ്രവാസിവോട്ടുകൾ തുണയ്ക്കുമെന്നായിരുന്നു യു.ഡി.എഫ്. കണക്കുകൂട്ടൽ. പതിവുപോലെ നേതാക്കളെയും സ്ഥാനാർത്ഥികളെയും പങ്കെടുപ്പിച്ച് ഗൾഫ് മേഖലയിൽ കൺവൻഷൻ നടത്താനും വോട്ടർമാരെ എത്തിക്കാനും തയ്യാറെടുക്കുമ്പോഴാണ് യുദ്ധമുണ്ടായത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തിരഞ്ഞെടുപ്പും വന്നതോടെ എല്ലാം ഉപേക്ഷിക്കേണ്ടിവന്നു. പലർക്കും സൗദി അറേബ്യ വഴി വിസയെടുത്ത് മാത്രമേ നിലവിൽ നാട്ടിലെത്താൻ സാധിക്കുന്നുള്ളൂ. ഇതിനായി ഒരാൾക്ക് ഒരു ലക്ഷം രൂപയിലധികം ചെലവ് വരുന്നത് സാധാരണക്കാരായ പ്രവാസികളെ പിന്തിരിപ്പിക്കുന്നു.

ഗ്രൂപ്പുകളായി വോട്ടർമാരെ നാട്ടിലെത്തിക്കാൻ രാഷ്ട്രീയ സംഘടനകൾ മുൻകാലങ്ങളിൽ വിമാനങ്ങൾ ചാർട്ടർ ചെയ്യാറുണ്ടായിരുന്നു. എന്നാൽ യുദ്ധം കാരണം വിമാനക്കൂലി കുതിച്ചുയർന്നതും സർവീസുകൾ വെട്ടിക്കുറച്ചതും ഈ നീക്കത്തിന് തിരിച്ചടിയായി. നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് പോലും അമിത നിരക്ക് നൽകി യാത്ര ചെയ്യേണ്ടി വരുന്നത് തിരിച്ചടിയാണ്.യുദ്ധം തങ്ങളുടെ ജോലിയെയും ഭാവിയെയും എങ്ങനെ ബാധിക്കും എന്ന ആശങ്കയിലാണ് പല പ്രവാസികളും. തിരഞ്ഞെടുപ്പ് ചർച്ചകളേക്കാൾ ഉപരി സുരക്ഷിതമായി നാട്ടിലെത്താൻ കഴിയുമോ എന്നതിനാണ് പലരും മുൻഗണന നൽകുന്നത്. എങ്കിലും, പ്രവാസലോകത്തെ രാഷ്ട്രീയ മനസ്സ് ആർക്കൊപ്പമായിരിക്കും എന്നത് ഫലം വരുമ്പോൾ നിർണ്ണായകമാകും.

പ്രചാരണം സോഷ്യൽ മീഡിയ വഴിയും
പ്രവാസികളുമായി നേരിട്ടുള്ള കൂടിക്കാഴ്ചകൾ മുടങ്ങിയതോടെ സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണത്തിലേക്ക് പാർട്ടികൾ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ചു കഴിഞ്ഞു.സ്ഥാനാർത്ഥികൾ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രവാസികളുമായി സംവദിക്കുന്നു. മണ്ഡലം തിരിച്ച് പ്രവാസികളെ ഏകോപിപ്പിക്കാൻ പ്രത്യേക സെല്ലുകൾ പ്രവർത്തിക്കുന്നു.ഡിജിറ്റൽ പോസ്റ്ററുകൾ വഴി പ്രാദേശിക വികസന മുദ്രാവാക്യങ്ങൾ ഗൾഫിലെ ഗ്രൂപ്പുകളിൽ ചർച്ചയായി മാറിയിട്ടുണ്ട്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.