
ബി.ജെ.പി.ക്കു സംസ്ഥാനത്ത് ഉറച്ച വേരോട്ടമുണ്ടാക്കിയ നേതാവാണ് മുൻകേന്ദ്രമന്ത്രിയും സംസ്ഥാന പ്രസിഡന്റുമായിരുന്ന വി.മുരളീധരൻ. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന വി.മുരളീധരൻ കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിൽ നിന്ന്
?ശബരിമല സ്വർണക്കൊള്ള തിരഞ്ഞെടുപ്പിൽ
വേണ്ടത്ര ചർച്ചയാകുന്നില്ലേ
മതേതര സംവിധാനത്തിൽ വിശ്വാസികൾക്ക് അവരുടെ വിശ്വാസം സംരക്ഷിക്കപ്പെടണമെന്നത് ഭരണഘടന ഉറപ്പുനൽകുന്ന കാര്യമാണ്. ആരാധനാലയങ്ങളും അവിടുത്തെ വസ്തുവകകളും സംരക്ഷിക്കപ്പെടേണ്ടതും ഇതിന്റെ അനുബന്ധമാണ്. അതത് സർക്കാരുകളുടെ കടമയാണത്. എന്നാൽ കേരളത്തിൽ സ്ഥിതിവേറെയാണ്. ക്ഷേത്രങ്ങളിലെ സ്വർണമടക്കമുള്ള സ്വത്തുക്കൾ സർക്കാർ നിയോഗിക്കുന്നവർതന്നെ മോഷ്ടിക്കാൻ കൂട്ടുനിൽക്കുന്നു. അവർക്കെതിരെ കേസ് വരുമ്പോൾ മോഷ്ടാക്കളെ സംരക്ഷിക്കാൻ സർക്കാർ രംഗത്തുവരുന്നു. ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിലെ ആചാരങ്ങൾ ലംഘിക്കാൻ സർക്കാർതന്നെ തന്ത്രങ്ങളൊരുക്കുന്നു. അതിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ കേസെടുക്കുന്നു. ഇത് ഭക്തരുടെ ഉള്ളിൽ എരിയുന്ന വേദനയാണ്.
?ഭരണവിരുദ്ധവികാരം ശക്തമാണോ
ഭരണവിരുദ്ധവികാരത്തിന്റെ അടിസ്ഥാനം ജനങ്ങളുടെ ഉപജീവനം തടസപ്പെടുന്നതാണ്. അടിസ്ഥാനസൗകര്യവികസന പദ്ധതികൾ സാമ്പത്തികഞെരുക്കം മൂലം ഇഴയുന്ന സ്ഥിതിയാണ് കേരളത്തിൽ. കഴക്കൂട്ടം മണ്ഡലത്തിൽ തന്നെ ശ്രീകാര്യത്ത് ഒന്നരവർഷമായി മാർക്കറ്റിന്റെ പണിനടക്കുന്നു. തീരുന്നില്ല. മഴയും വെയിലും കൊണ്ട് കച്ചവടം നടത്തേണ്ട ഗതികേടിലാണ് വ്യാപാരികൾ. വലിയ ഐ.ടി സിറ്റിയാണ് കഴക്കൂട്ടം. എന്നാൽ ഇവിടെ കുടിവെള്ളം കിട്ടാനില്ല. തെരുവുനായശല്യം രൂക്ഷം. ഐ.ടി കമ്പനികളിൽ പണം മുടക്കുന്നവരും ജോലിയെടുക്കാൻ പുറമെനിന്നെത്തുന്ന പ്രൊഫഷണലുകളും എങ്ങനെ ഇവിടെ കഴിയും. ജനങ്ങൾക്ക് വ്യാപാരവും ബിസിനസും നടക്കുന്നില്ല. ആരുടേയും കൈയിൽ പണമില്ല. അതാണ് ഭരണവിരുദ്ധവികാരമുണ്ടാക്കുന്നത്.
?സി.പി.എമ്മുമായി ബി.ജെ.പി ഡീലുണ്ടാക്കിയെന്നാണ്
കോൺഗ്രസ് ആരോപണം
കേരളത്തിൽ ഡീലുണ്ടെങ്കിൽ അത് സി.പി.എമ്മും കോൺഗ്രസും തമ്മിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേമത്ത് മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി പറഞ്ഞത് താൻ ജയിച്ചില്ലെങ്കിലും ബി.ജെ.പി തോൽക്കണമെന്നാണ്. മഞ്ചേശ്വരത്ത് സി.പി.എം തോറ്റാലും ബി.ജെ.പിയെ ജയിപ്പിക്കാൻ അനുവദിക്കില്ലെന്നാണ്. ഇത് ഡീൽ അല്ലെങ്കിൽ പിന്നെന്താണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റേയും രമേശ് ചെന്നിത്തലയുടേയും മണ്ഡലങ്ങളിൽ നല്ല ഇടതുമുന്നണി സ്ഥാനാർത്ഥിയുണ്ടോ, ഇതെല്ലാം ഡീലല്ലേ.
?പിന്നെന്തിനാണ് വി.ഡി.സതീശൻ ഡീൽ ആരോപണം
ഉന്നയിക്കുന്നത്
സ്വന്തം ഡീലുകൾ മറച്ചുവയ്ക്കാനുള്ള ശ്രമം. പാലക്കാട് ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ നിറുത്തി സി.പി.എം പുതിയ തന്ത്രത്തിനൊരുങ്ങുകയാണ്. അത് സംസ്ഥാനത്ത് മുഴുവൻ ചർച്ചയാകും. യു.ഡി.എഫ് വോട്ടുകളിൽ വിള്ളലുണ്ടാക്കും. അത് തടയാനുള്ള ശ്രമമാണ് സതീശന്റെ ഈ ഡീൽ ആരോപണം. ഡീൽ ആരോപണത്തിനു പിന്നിലെ ഈ ഡീൽ ജനം തിരിച്ചറിയും.ഇത്തവണ ഇടതു- വലത് ഒത്തുകളി നടക്കില്ല.
?ബി.ഡി.ജെ.എസിനും ട്വന്റി- 20യ്ക്കും സീറ്റ് കൂടുതൽ
കൊടുത്തതിൽ പിഴവുണ്ടോ
ബി.ഡി.ജെ.എസിന് അർഹമായത്രയും സീറ്റ് കൊടുത്തോയെന്ന് സംശയമാണ്. അവർ നല്ല രീതിയിൽ വളരുന്നുണ്ട്. ട്വന്റി- 20 ആം ആദ്മി ശൈലിയിൽ പ്രവർത്തിക്കുന്ന സംഘടനയാണ്. പ്രൊഫഷണലുകളെ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാക്കുന്നുവെന്നതാണ് അതിന്റെ നേട്ടം. അതിനോട് ബി.ജെ.പിക്ക് യോജിപ്പാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |