
ഏത് സമയത്തും ആരുവന്നാലും അവരെ ചികിത്സിക്കും എന്നത് ഡോ.ടി.എൻ. വാസുദേവ പണിക്കരുടെ ആപ്തവാക്യം മാത്രമല്ല, അത് ജീവിതവ്രതവുമാകുന്നു. അതിന് കാരണമുണ്ട്. ആലപ്പുഴ നെടുമുടിയിൽ,പട്ടിണിപ്പാവങ്ങളും കർഷകരും ജീവിച്ചിരുന്ന ഒരു കൊച്ചുഗ്രാമത്തിൽ നിന്ന് ആദ്യമായി ഗവ. മെഡിക്കൽ കോളേജിൽ പഠിച്ച് ഡോക്ടറായത് വാസുദേവപണിക്കരായിരുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച വർഷത്തിലായിരുന്നു ജനനം. അച്ഛൻ നീലകണ്ഠപണിക്കരും അമ്മ ലക്ഷ്മിക്കുട്ടിയമ്മയുമെല്ലാം കർഷകർ. കുടിവെളളവും വൈദ്യുതിയും വഴിയും വഴിവിളക്കുകളൊന്നുമില്ലാതെ മനുഷ്യർ കഷ്ടപ്പാടുകൾക്കുനടുവിൽ കഴിയുന്ന കാലം. ചികിത്സ കിട്ടാതെ മാറാരോഗങ്ങൾ ബാധിച്ച് മരിച്ചുവീണത് എത്രയോ പേർ. പ്രസവത്തിനിടെ മരിക്കുന്ന അമ്മമാരും കുഞ്ഞുങ്ങളും. അതെല്ലാം കണ്ട് വളർന്ന് ഉളളുപിടഞ്ഞാണ് വാസുദേവപണിക്കർ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് എം.ബി.ബി.എസിന് പഠിക്കാൻ പോകുന്നത്. ഡോക്ടറായി പുറത്തുവരുമ്പോൾ തന്റെ നാട്ടിലെ പാവങ്ങളെ ചികിത്സിക്കണം. ഏത് പാതിരാത്രിയിലും അവർക്ക് പരിചരണം നൽകണം. അതായിരുന്നു അന്നും ഇന്നും ഡോക്ടറുടെ മോഹം. അഞ്ച് കിലോമീറ്ററിലേറെ ദൂരം നടന്ന് സ്കൂളിലെത്തിയാണ് പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതുകൊണ്ടു തന്നെ മെഡിക്കൽ ബിരുദപഠനത്തിന് എന്ത് കഷ്ടപ്പാട് സഹിക്കാനും അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. പഠനകാലത്ത് അച്ഛന് തളർവാതം. അമ്മയ്ക്ക് ക്യാൻസർ. ആരും തളർന്നുപോകുന്ന ആ കാലവും വാസുദേവപണിക്കർ അതിജീവിച്ചു. ജീവിതത്തോട് പൊരുതി പഠിച്ച് ജയിച്ചു.
1973ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.
ബി.എസ് പാസായി. രണ്ടു വർഷത്തിനുളളിൽ ഗവൺമെന്റ് ഹെൽത്ത് സർവീസിൽ ചേർന്നു.നെടുമുടിയിൽ ഡോക്ടറായി സേവനം തുടങ്ങി. അങ്ങനെ ബാല്യം മുതൽക്കേ കൊണ്ടു നടന്ന ആ മോഹം സഫലമായി.പിന്നീട് കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ജോലി ചെയ്തു.
പതിനേഴ് പേറ്റന്റുകൾ...
ഡോ. വാസുദേവ പണിക്കർ കണ്ടുപിടിച്ച പതിനേഴോളം ഉപകരണങ്ങൾക്ക് പേറ്റന്റുകൾ ലഭിച്ചു. രാജ്യത്തെ ഗൈനക്കോളജി വിദഗ്ധരെല്ലാം ഇത്തരം ഉപകരണൾക്ക് അദ്ദേഹത്തെ ആശ്രയിക്കുന്നു. ഇപ്പോഴും പുതിയ ഉപകരണങ്ങൾക്കായുളള മാതൃകകൾ അദ്ദേഹം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുണ്ട്. നിരവധി ജേണലുകളിലായി ഇരുപതോളം ആർട്ടിക്കിളുകൾ ഇതുസംബന്ധിച്ച്പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുപ്പതോളം ഉപകരണങ്ങൾ ജീവൻ രക്ഷാ ഉപകരണങ്ങളായി തന്നെ അദ്ദേഹം വികസിപ്പിച്ചെടുത്തു. ആറ് ഡോക്ടർമാരും അമ്പതോളം ജീവനക്കാരുമായി ഡോ.പണിക്കേഴ്സ് ആശുപത്രി കൊടുങ്ങല്ലൂരിൽ മാത്രമല്ല, രാജ്യത്തിന്റെ പലയിടങ്ങിലും അറിയപ്പെട്ടത് ആ കണ്ടുപിടിത്തങ്ങളുടെ പേരിലായിരുന്നു.
നെടുമുടിവേണുവിന്റെ തോഴൻ
അന്തരിച്ച ചലച്ചിത്രനടൻ നെടുമുടി വേണുവിന്റെ നാട്ടുകാരനും ഉറ്റതോഴനുമായിരുന്നു ഡോ.പണിക്കർ. ഏഴാം ക്ളാസു വരെ ഒന്നിച്ചു പഠിച്ചവർ. ആലപ്പുഴയിലെ നെടുമുടിയെന്ന ഗ്രാമത്തെ ഇരുവരും നെഞ്ചോടു ചേർത്തു. മരണം വരെ വേണു തന്നോടുളള സൗഹൃദം തുടർന്നിരുന്നുവെന്ന് ഡോ.പണിക്കർ ഓർക്കുന്നു. ഈശ്വരവിശ്വാസവും ഡോ.പണിക്കർക്ക് കൂടെപ്പിറപ്പാണ്. ഭക്തിസാന്ദ്രമായ അന്തരീക്ഷം ആശുപത്രിയിലും നിലനിറുത്താൻ അദ്ദേഹം ശ്രദ്ധിക്കുന്നു.
ഗ്രന്ഥകാരനായ ഡോക്ടർ
ഡോ. പണിക്കേഴ്സ് ഹോസ്പിറ്റലിന്റെ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റുംഅനസ്തറ്റിസ്റ്റും മാനേജിംഗ് ഡയറക്ടറുമെല്ലമായ അദ്ദേഹം, ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മാതൃമരണ പ്രതിരോധ സെല്ലിന്റെ മുൻ ദേശീയ കോർഡിനേറ്ററാണ്. ശസ്ത്രക്രിയാ ഉപകരണങ്ങൾക്കൊപ്പം ശസ്ത്രക്രിയാ ചികിത്സാ രീതികളും അദ്ദേഹം കണ്ടുപിടിച്ചിട്ടുണ്ട്. അവയിൽ പലതും ജീവൻ രക്ഷിക്കുന്നതും ചെലവ് ലാഭിക്കുന്നതും സമയം ലാഭിക്കുന്നതുമാണെന്ന് അടിവരയിട്ടാണ് 'സേ ഗുഡ്ബൈ ടു പി.പി.എച്ച് ' പ്രസവചികിത്സയിലും ഗൈനക്കോളജിയിലും ജീവൻ രക്ഷിക്കുന്ന കണ്ടുപിടുത്തങ്ങൾ എന്ന പുസ്തകം എഴുതിയത്.ഗൈനക്കോളജിയിലെ പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് നിരവധി അവതരണങ്ങളുംനടത്തിയിട്ടുണ്ട്. പ്രശസ്ത ശിശുരോഗവിദഗ്ധയായ ഡോ.ഹേമലത പണിക്കരാണ് ഭാര്യ. മൂത്തമകൻ ശ്യാംകൃഷ്ണൻ എം.ടെക് ഇലക്ട്രോണിക്സ് ബിരുദധാരിയാണ്. ഇളയമകൻ ഡോ.വിജയ് കൃഷ്ണ വി.പണിക്കർ ഗൈനക്കോളിസ്റ്റാണ്. മരുമക്കൾ: അശ്വതി-ഡെന്റൽ സർജൻ,
ഡോ.കൃഷ്ണ എസ്. മേനോൻ-ഗൈനക്കോളജിസ്റ്റ്.
ലോകമെങ്ങുമുള്ള
ലക്ഷങ്ങൾ കണ്ട
വീഡിയോകൾ
ഡോ. വാസുദേവ പണിക്കർ ഏതാണ്ട് ഒന്നര പതിറ്റാണ്ടായി അപ്ലോഡ് ചെയ്ത യൂട്യൂബ് വീഡിയോകൾ ഡോക്ടർമാർക്കും പഠിതാക്കൾക്കും ഗവേഷകർക്കും സാധാരണക്കാർക്കും ഏറെ പ്രയോജനപ്പെടുന്നതാണ്. പ്രസവം സുഗമവും ചെലവു കുറഞ്ഞതും ആക്കാൻ അദ്ദേഹം നടത്തിയ ഗവേഷണങ്ങളുടെയും കണ്ടെത്തിയ ഉപകരണങ്ങളുടെയും സവിസ്തരമുള്ള പ്രയോഗ രീതികൾ ആ വീഡിയോകളിൽ കാണാം.
ലക്ഷങ്ങളാണ് ഈ വീഡിയോകൾ ഷെയർ ചെയ്തും ഈ ലൈക്ക് ചെയ്തും കമന്റുകൾ നൽകിയും പ്രചരിപ്പിച്ചത്.
ഈ വീഡിയോകൾ കണ്ടു പ്രസവ ശസ്ത്രക്രിയകളും സ്ത്രീ രോഗ ചികിത്സകളും നടത്തിയ ഡോക്ടർമാർ ലോകമെങ്ങും ഉണ്ട്. അതിൽ നിരവധി വിദേശ രാജ്യങ്ങളിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റുകളും ഉൾപ്പെടുന്നു. ചികിത്സയും ശസ്ത്രക്രിയയും ആശുപത്രി നടത്തിപ്പും മാത്രമല്ല പൊതുജനങ്ങളിൽ ആരോഗ്യ സൃഷ്ടിക്കുന്നതും കൂടിയാണ് ഈ വീഡിയോകൾ. വളരെ ലളിതമായും കുറഞ്ഞ ചെലവിലും ഉണ്ടാക്കാൻ കഴിയുന്ന ഉപകരണങ്ങളാണ് ഡോ. പണിക്കർ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ ഭാവി തലമുറയ്ക്കും ഇത് വലിയ മുതൽക്കൂട്ടാകും എന്ന് ആരോഗ്യ രംഗത്ത് വിദഗ്ധർ തന്നെ ചൂണ്ടിക്കാട്ടുന്നു.
മുപ്പതിനായിരത്തോളം പ്രസവം
30,000 ഓളം പ്രസവങ്ങളെടുത്തിട്ടുളള ഡോ.പണിക്കർ, പതിനായിരത്തോളം സിസേറിയനും നടത്തിയിട്ടുണ്ട്. രണ്ടായിരത്തോളം ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയും നടത്തി. അതെല്ലാം ചുരുങ്ങിയ ചെലവിലും മികച്ച രീതിയിലും നടത്തിയതെന്നാണ് എടുത്തുപറയേണ്ടത്. സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രികളിൽ നിന്നുളള രോഗികൾ പോലും ഇവിടെയെത്തിയെന്നതിന്റെ സാക്ഷ്യപത്രമായി രോഗികൾ അത് പറയുന്ന വീഡിയോയും അദ്ദേഹം കാണിച്ചു തരും.
ലക്ഷങ്ങൾ മുടക്കി ചെയ്യുന്ന സ്ത്രീരോഗ ചികിത്സകൾ അദ്ദേഹത്തിന് ഫലപ്രദമായും ചുരുങ്ങിയ ചെലവിലും ചെയ്യുന്നതിന് കാരണങ്ങളേറെയുണ്ട്. അതിൽ പരമപ്രധാനം അദ്ദേഹത്തിന്റെ ശസ്ത്രക്രിയയ്ക്ക് അടക്കമുളള ആധുനിക ഉപകരണങ്ങൾ ഉണ്ടാക്കുന്നതിനുളള കഴിവും താൽപര്യവും ഗവേഷണത്വരയുമാണ്. ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കുമായി നിരവധി ഉപകരണങ്ങളും സാങ്കേതിക വിദ്യകളും കണ്ടുപിടിച്ചു. അവയിൽ പലതും ജീവൻ രക്ഷിക്കുന്നതും ആശുപത്രി ചെലവ് ലാഭിക്കുന്നതുമായ കണ്ടുപിടുത്തങ്ങളാണ്. അവയെല്ലാം അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടുന്നതുമാണ്. പിപിഎച്ച് ചികിത്സയ്ക്കുള്ള അദ്ദേഹത്തിന്റെ നൂതന ഉപകരണങ്ങളും സാങ്കേതിക വിദ്യകളും മാതൃമരണനിരക്ക് വളരെ താഴ്ന്ന നിലയിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്നതായിരുന്നു. പാരാമെഡിക്കൽ ജീവനക്കാർക്ക് പോലും അമ്മയുടെ ജീവൻ രക്ഷിക്കാൻ സുരക്ഷിതമായും ഫലപ്രദമായും കഴിയുന്ന ഉപകരണങ്ങളാണിവ.
ശസ്ത്രക്രിയകളിൽ രക്തം നഷ്ടപ്പെടുന്നതിന്റെ അളവ് കുറയ്ക്കുന്നതിനും അമിത രക്തസ്രാവം മൂലമുള്ള മാതൃമരണങ്ങൾ നൂറുശതമാനവും തടയുവാൻ പറ്റുന്ന ഒരു ലഘുവായ ഉപകരണം കൂടിയാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |