തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് ഉണ്ടാകുമെന്ന് കരുതിയ അതിതീവ്ര മഴയുടെ സാഹചര്യം ഇപ്പോഴില്ലാത്തതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. നിലവിൽ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ടിട്ടുള്ളതിനാൽ വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഈ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിയാൽ അത് ഒമാൻ തീരത്തേക്കാവും നീങ്ങുക. അറബിക്കടലിൽ ഒക്ടോബർ, നവംബർ മാസങ്ങളിൽ ചുഴലിക്കാറ്റുകൾ പതിവാണ്. അതിനാൽ ന്യൂനമർദ്ദം ചുഴലിയാകാനുള്ള എല്ലാ സാദ്ധ്യതകളും നിലനിൽക്കുന്നു. തുലാവർഷവും ന്യൂനമർദ്ദവും കാരണം വരുംദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടതോ അതിശക്തമോ ആയ മഴയുണ്ടാകും.
ഇന്ന് ഇടുക്കി, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. 24ന് കോട്ടയം, ഇടുക്കി, മലപ്പുറം, കാസർകോട് ജില്ലകളിലും 25ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റിന്റെ വേഗം മണിക്കൂറിൽ 55 കിലോമീറ്റർ വരെയാകാൻ സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |