SignIn
Kerala Kaumudi Online
Tuesday, 21 April 2026 8.09 AM IST

ജഡ്‌ജിമാരുടെ കുറവ് പരിഹരിക്കണം

Increase Font Size Decrease Font Size Print Page
ss

ജനാധിപത്യത്തിൽ കോടതികൾ വഹിക്കുന്ന പങ്ക് അത്യധികം അർത്ഥവത്താണ്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ സംവിധാനം ഒരു പൗരന് പല കാരണങ്ങളാൽ നീതി നിഷേധിക്കാം. ന്യായമായും ലഭിക്കേണ്ട ആനുകൂല്യങ്ങൾ പോലും നിസാരമായ സാങ്കേതികത്വത്തിന്റെ പേരിൽ തടഞ്ഞുവയ്ക്കാം. രാഷ്ട്രീയമായ പകപോക്കലിന്റെ ഭാഗമായും അഴിമതിക്ക് എതിരു നിൽക്കുന്നതിന്റെ ഭാഗമായും നീതി ലഭിക്കാതിരിക്കാം. അതുപോലെ തന്നെ,​ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ നേരിടാം. കള്ളക്കേസുകളിൽ കുടുക്കപ്പെടാം. സമൂഹത്തിൽ പദവിയും പണവും സ്വാധീനവും ഉള്ളവരിൽ നിന്ന് നിയമലംഘനങ്ങളും അതിക്രമങ്ങളും സംഭവിക്കാം. ഇത്തരം സന്ദർഭങ്ങളിലൊക്കെ ഭരണഘടന ഒരു പൗരന് നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കാൻ വിശ്വാസത്തോടെ സമീപിക്കാൻ കഴിയുന്നതാണ് ഇന്നും ഇന്ത്യയിലെ ജുഡിഷ്യറി സംവിധാനം.

ജനാധിപത്യത്തിന്റെ ന്യൂനതകൾ പോലും പലപ്പോഴും പരിഹരിക്കപ്പെടുന്നത് കോടതി വിധികളിലൂടെയാണ്. രാഷ്ട്രീയക്കാർക്ക് ഇനിയും ഇന്ത്യയിൽ ദൈനംദിന ഇടപെടൽ നടത്താൻ കഴിയാത്ത ഭരണഘടനാ സ്ഥാപനം എന്ന നിലയിൽ കോടതികൾ വഹിക്കുന്ന പങ്ക് പൊതുവെ ജനങ്ങളുടെ വിശ്വാസ്യത ആർജ്ജിച്ചിട്ടുള്ളതുമാണ്. അപവാദങ്ങളുണ്ടെങ്കിലും ഇന്ത്യൻ കോടതികളിലെ ഭൂരിപക്ഷം ജഡ്‌ജിമാരും നീതി ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധരായും സത്യസന്ധരായും പ്രവർത്തിക്കുന്നവരാണെന്നതും ആർക്കും നിഷേധിക്കാനാവുന്നതല്ല. ഈ പശ്ചാത്തലത്തിൽ കോടതികളിൽ ജഡ്‌ജിമാരുടെ ഒഴിവുകൾ നികത്തപ്പെടാതിരുന്നാൽ അതിന്റെ കഷ്ടനഷ്ടങ്ങൾ ആത്യന്തികമായി അനുഭവിക്കേണ്ടിവരുന്നത് ഓരോരോ ആവശ്യങ്ങൾക്കായും പരാതികൾ പരിഹരിക്കാനും കോടതി കയറിയിറങ്ങുന്ന സാധാരണ ജനങ്ങളാണ്. രാജ്യത്ത്,​ അഞ്ച് കോടിയിലേറെ കേസുകൾ സുപ്രീംകോടതി ഉൾപ്പെടെ വിവിധ കോടതികളിലായി കെട്ടിക്കിടപ്പുണ്ട്. അയ്യായിരത്തിലധികം ജഡ്‌ജിമാരുടെ തസ്തികകൾ നികത്തപ്പെടാതെ കിടക്കുകയാണെന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.

ഇന്ത്യയിലെ ഹൈക്കോടതികളിൽ മാത്രമായി 306 ജഡ്‌ജിമാരുടെ ഒഴിവുകൾ നികത്തപ്പെട്ടിട്ടില്ല. 47പേർ വേണ്ട കേരള ഹൈക്കോടതിയിൽ ഏഴ് ജഡ്‌ജിമാരുടെ കുറവുണ്ട്. ഹൈക്കോടതി ജഡ്‌ജി നിയമനത്തിൽ ഉണ്ടാകുന്ന ഏതൊരു കാലതാമസവും ഉന്നത ജുഡിഷ്യറിയിലേക്കുള്ള നിയമന പ്രക്രിയയെയും പ്രതികൂലമായി ബാധിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രാജ്യത്തെ 25 ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. കൊളീജിയം ശുപാർശ നൽകിയാലും സർക്കാരിന്റെ അനുമതി ലഭിക്കാൻ പലപ്പോഴും കാലതാമസം വരുന്നുണ്ട്. കേരള ഹൈക്കോടതിയിൽ സ്ഥിരം ജഡ്‌ജിമാരുടെ 35-ഉം അഡിഷണൽ ജഡ്‌ജിമാരുടെ പന്ത്രണ്ടും തസ്തികകളാണ് ഉള്ളത്. അഭിഭാഷക ശ്രീജാ വിജയലക്ഷ്‌മിയെ ഹൈക്കോടതി ജഡ്ജിയായി ഉയർത്താൻ സുപ്രീംകോടതി കൊളീജിയം നൽകിയ ശുപാർശ ഇപ്പോഴും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്.

2023 ഡിസംബറിലാണ് ശ്രീജാ വിജയലക്ഷ്‌മിയെ ഹൈക്കോടതി ജഡ്‌ജിയായി നിയമിക്കാൻ കൊളീജിയം ആദ്യം ശുപാർശ നൽകിയത്. കേന്ദ്ര സർക്കാർ ഈ ശുപാർശ മടക്കിയെങ്കിലും 2024 ഏപ്രിലിൽ കൊളീജിയം ശുപാർശ ആവർത്തിച്ചു. ഇതിൽ സർക്കാർ തീരുമാനം ആയിട്ടില്ലെന്നാണ് സുപ്രീംകോടതി വൃത്തങ്ങൾ നൽകുന്ന സൂചന. സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷക ലിസ് മാത്യു, കേരള ഹൈക്കോടതിയിലെ അഭിഭാഷക എ.കെ. പ്രീത എന്നിവരെ ജഡ്‌ജിമാരാക്കാൻ ഹൈക്കോടതി കൊളീജിയം ശുപാർശ നൽകിയിരുന്നെങ്കിലും നിയമനം നീണ്ടുപോവുകയാണ്. രാഷ്ട്രീയ പരിഗണനകൾ, സാമ്പത്തിക ഞെരുക്കം തുടങ്ങി പല കാ‌രണങ്ങളാലാണ് ജഡ്‌ജിമാരുടെ കുറവ് പരിഹരിക്കപ്പെടാതിരിക്കുന്നത്. നല്ല പ്രാക്ടീസ് ഉള്ള വക്കീലന്മാർ ജഡ്‌ജിമാരാകാൻ കാണിക്കുന്ന വിമുഖത കാലക്രമത്തിൽ ജുഡിഷ്യറിയുടെ ഗുണമേന്മയെത്തന്നെ പ്രതികൂലമായി ബാധിക്കാതിരിക്കാനുള്ള ദീർഘവീക്ഷണമുള്ള പദ്ധതികളും ആവിഷ്കരിക്കപ്പെടേണ്ടതാണ്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.