
കൊച്ചി: മസാലബോണ്ടുവഴി വിദേശത്തുനിന്നു പണം സമാഹരിച്ചതുമായി ബന്ധപ്പെട്ട് ഇ.ഡി അയച്ച നോട്ടീസിനെതിരെ കിഫ്ബിയും മുഖ്യമന്ത്രി പിണറായി വിജയനുമടക്കം നൽകിയ ഹർജികളിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് വേനലവധിക്കുശേഷം വിശദമായ വാദം കേൾക്കും.
ഇ.ഡി അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി അയച്ച നോട്ടീസിൽ അതുവരെ നടപടികളുണ്ടാകില്ലെന്ന കേന്ദ്രസർക്കാരിന്റെ ഉറപ്പ് ജസ്റ്രിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് രേഖപ്പെടുത്തി. മേയ് 25ന് ഹർജികൾ വീണ്ടും പരിഗണിക്കും.
കിഫ്ബി സമാഹരിച്ച പണം ഭൂമി വാങ്ങാൻ ഉപയോഗിച്ചതിൽ നിയമ ലംഘനമുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ടാണ് കിഫ്ബി ചെയർമാൻ കൂടിയായ മുഖ്യമന്ത്രിക്കും മറ്റും നോട്ടീസയച്ചത്. തുടർനടപടികൾ സിംഗിൾ ബെഞ്ച് തടഞ്ഞിരുന്നു. ഇതിനെതിരേ ഇ.ഡി. നൽകിയ അപ്പീൽ തീർപ്പാക്കിയ ഡിവിഷൻബെഞ്ച്, വാദങ്ങൾ സിംഗിൾബെഞ്ചിൽ തുടരാൻ നിർദ്ദേശിക്കുകയായിരുന്നു.
കാരണം കാണിക്കൽ നോട്ടീസ് മാത്രമാണെന്നും തൃപ്തികരമായ മറുപടി നൽകിയാൽ തുടർനടപടികൾ ഒഴിവാകുമെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു.
നഴ്സ് സമരം: 'എസ്മ'
പ്രയോഗിക്കാനാകുമോ
എന്ന് ഹൈക്കോടതി
കൊച്ചി: ശമ്പള വർദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാർ സമരം തുടരുന്ന സാഹചര്യത്തിൽ അവശ്യ സേവന നിയമം (എസ്മ) പ്രയോഗിക്കാനാകുമോയെന്ന് അറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം. സമരത്തിനെതിരെ കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ നിർദ്ദേശം. ഹർജി ഇന്ന് വീണ്ടും പരിഗണിക്കും.
നഴ്സുമാർ ഹാജരാകാത്തതിനാൽ ആശുപത്രികളിൽ ശസ്ത്രക്രിയ മുടങ്ങുന്ന സാഹചര്യമുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ആരോഗ്യ മേഖലയെ ഇത്തരത്തിൽ നിലനിറുത്താനാകില്ലെന്നും എന്തെങ്കിലും ചെയ്യേണ്ടതാണെന്നും വ്യക്തമാക്കി. സമരത്തിന് പരിഹാരമുണ്ടാക്കാൻ ഹൈക്കോടതി നിർദ്ദേശ പ്രകാരം ഇരുവിഭാഗവും മദ്ധ്യസ്ഥ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. ആശുപത്രികളുടെ പ്രവർത്തനം തടസപ്പെടുത്തരുതെന്ന ഇടക്കാല ഉത്തരവ് തുടരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |