
തിരുവനന്തപുരം: കുട്ടികളെ ടി.വിക്ക് മുന്നിലിരുത്തി പഠിപ്പിച്ച കൈറ്റ് വിക്ടേഴ്സ് ചാനൽ, സ്കൂൾ അവധിക്കാലത്ത് അദ്ധ്യാപകർക്ക് കെ-ടെറ്റ് പരീക്ഷയെഴുതാൻ ട്യൂഷൻ നൽകുന്നു.
സുപ്രീംകോടതി വിധിയിൽ കെ-ടെറ്റ് യോഗ്യത നിർബന്ധമാക്കിയതോടെയാണിത് . വർഷങ്ങളായി കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നവർക്ക് കെ-ടെറ്റ് പരീക്ഷ എഴുതേണ്ടി വരുമ്പോഴുണ്ടാകുന്ന പരിഭ്രമം മാറ്റാനാണ് വിക്ടേഴ്സ് 'സ്പെഷ്യൽ ക്ളാസ്.
സ്ഥാനക്കയറ്റത്തിനും ജോലിയിൽ തുടരുന്നതിനും സർവീസിലിരിക്കുന്ന അദ്ധ്യാപകർക്കും കെ-ടെറ്റ് നിർബന്ധമാണ്.നിലവിൽ സ്ഥാനക്കയറ്റം ലഭിച്ച അദ്ധ്യാപകർ രണ്ടു വർഷത്തിനകം കെ-ടെറ്റ് നേടിയിരിക്കണം. സംസ്ഥാനത്ത് 48241 അദ്ധ്യാപകരാണ് സ്പെഷ്യൽ കെ-ടെറ്റ് പരീക്ഷ എഴുതാൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.
കഴിഞ്ഞ 28 മുതൽ ആരംഭിച്ച പ്രത്യേക പരിശീലന പരിപാടിയിൽ പ്രീ-പ്രൈമറി മുതൽ ഹൈസ്കൂൾ വരെയുള്ള നാല് കാറ്റഗറികളിലായി ക്ലാസുകൾ നടക്കും. സർവീസിലിരിക്കുന്ന അദ്ധ്യാപകർക്ക് സ്കൂൾ ഡ്യൂട്ടി കഴിഞ്ഞ് വന്ന് പഠിക്കാൻ പാകത്തിന് രാത്രി 8 മണിക്കാണ് ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. അടുത്ത ദിവസം രാവിലെ 8 മണിക്ക് പുനഃസംപ്രേഷണമുണ്ട്.
മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾ വിശകലനം ചെയ്താണ് ഓരോ സെഷനും. മുമ്പ് ടി.ടി.സി, ബി.എഡ് പരീക്ഷകളിൽ പരിശീലിച്ചവ വീണ്ടും ഓർമ്മപ്പെടുത്തും.സ്വകാര്യ ഏജൻസികളുടെ ഭീമമായ ഫീസില്ലാതെ, സൗജന്യമായി വീട്ടിലിരുന്നു തന്നെ അദ്ധ്യാപകർക്ക് തയ്യാറെടുക്കാം.
' വിദഗ്ദ്ധരാണ് ക്ലാസെടുക്കുന്നത്. അദ്ധ്യാപകർക്ക് ആത്മവിശ്വാസം നൽകാനാണ് ശ്രമം'.
-കെ.അൻവർ സാദത്ത്
കൈറ്റ് വിക്ടേഴ്സ്
സ്പെഷ്യൽ കെ-ടെറ്റ്: സംസ്ഥാനത്ത് 48,241 അപേക്ഷകർ
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകർക്കായി നടത്തുന്ന പ്രത്യേക കെ-ടെറ്റ് (K-TET) പരീക്ഷയ്ക്ക് 48,241 പേർ അപേക്ഷ സമർപ്പിച്ചു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ നിർബന്ധിത യോഗ്യത നേടേണ്ട അദ്ധ്യാപകർക്കായാണ് പരീക്ഷാഭവൻ പ്രത്യേക അവസരം ഒരുക്കിയത്.ഫെബ്രുവരി 26-ന് ആരംഭിച്ച അപേക്ഷാ നടപടികൾ മാർച്ച് 21 വരെയാണ് നീണ്ടു. അദ്ധ്യാപക സംഘടനകളുടെ ആവശ്യപ്രകാരം അപേക്ഷാ തീയതി രണ്ടുതവണ ദീർഘിപ്പിച്ചു നൽകിയിരുന്നു.സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശ നിയമപ്രകാരം അദ്ധ്യാപകർക്ക് ടെറ്റ് യോഗ്യത നിർബന്ധമാണെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി.മുൻപ് ജോലിയിൽ പ്രവേശിച്ചവർക്കും പ്രൊബേഷൻ ഡിക്ലറേഷൻ, ഇൻക്രിമെന്റ്, സ്ഥാനക്കയറ്റം എന്നിവ ലഭിക്കണമെങ്കിൽ കെ-ടെറ്റ് നിർബന്ധമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |