SignIn
Kerala Kaumudi Online
Thursday, 23 April 2026 7.27 PM IST

മുൻ മേയർ വർഗീസ് പറയുന്നു ' കെ.സി വിളിക്കണം, കോൺഗ്രസാകണം'

Increase Font Size Decrease Font Size Print Page
photo
1

തൃശൂർ: 'കെ.സിയുടെ ഒരു വിളിക്കായി കാത്തിരിക്കുകയാണ്..., ഞാൻ ഇടതുപക്ഷത്തിനൊപ്പമല്ല, അവർ എനിക്കൊപ്പമായിരുന്നു.' ഇടതുപക്ഷത്തിനൊപ്പം ചേർന്ന് അഞ്ചുവർഷം തൃശൂർ കോർപറേഷൻ മേയറായിരുന്ന എം.കെ.വർഗീസ് മേയർ കാലത്തെക്കുറിച്ച് വിശദീകരിക്കുന്നു. ' ചതിച്ച് പുറത്തുപോയതല്ല, വിജയസാദ്ധ്യതയുള്ളിടത്ത് സീറ്റ് തരാതിരുന്നത് കോൺഗ്രസാണ്. ഞാൻ എന്നും കോൺഗ്രസുകാരനാണ്. അതുകൊണ്ട് മാപ്പെഴുതി തിരികെ വരേണ്ട കാര്യമില്ല. കോൺഗ്രസ് വിളിച്ചാൽ പോകും. കെ.സിയുടെ വിളിക്കായി കാത്തിരിക്കുകയാണ്' . വർഗീസ് പറയുന്നു. ബി.ജെ.പി ക്ഷണിച്ചിട്ടും പോകാത്തതിനെ കുറിച്ചും പൂരം കലക്കൽ വി.എസ്.സുനിൽ കുമാറുണ്ടാക്കിയ വിവാദമാണെന്നും രാജൻ പല്ലൻ ജയിച്ച് മന്ത്രിയാകുമെന്നുമെല്ലാം വർഗീസ് പറയുന്നു. അഭിമുഖം ഇങ്ങനെ തുടരുന്നു....

മറ്റാരെങ്കിലും ക്ഷണിച്ചിരുന്നോ ?

പുതുക്കാട്, ഒല്ലൂർ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയാകാൻ ബി.ജെ.പി ക്ഷണിച്ചു. താത്പര്യമില്ലെന്നായിരുന്നു മറുപടി. ക്രിസ്മസ് കാലത്ത് സുരേഷ് ഗോപി കേക്കുമായി വന്നതാണ് ഞാൻ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന പ്രചാരണത്തിന് പിന്നിൽ. ക്രിസ്മസിന് ആര് കേക്ക് കൊണ്ടുവന്നാലും സ്വീകരിക്കും, അതിൽ രാഷ്ട്രീയമില്ല. പാർലമെന്റ് തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ വി.എസ്.സുനിൽ കുമാറാണ് വിവാദമുണ്ടാക്കിയത്. സുനിൽ കുമാറിന്റെ വീട്ടിൽ കെ.സുരേന്ദ്രൻ കുടുംബ സമേതം പോയി ചായ കുടിച്ചിട്ടുണ്ട്.


സുരേഷ് ഗോപിയുമായുള്ള അടുപ്പം ?


മേയറും സ്ഥലം എം.പിയുമായുള്ള അടുപ്പമേ ഉണ്ടായിരുന്നുള്ളൂ. എം.പി എന്ന നിലയിൽ ഫണ്ട് തന്നാൽ ചെലവഴിക്കേണ്ടേ?. അതേ, ചെയ്തുള്ളൂ. ഒന്നരക്കോടി കേന്ദ്രഫണ്ട് വിനിയോഗിച്ചു എന്നതൊക്കെയാണ് സി.പി.ഐ തെറ്റായി കാണുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഇടതുപക്ഷം ഭരിക്കുന്ന കോർപറേഷനിൽ ഇടതുസ്ഥാനാർത്ഥി സുനിൽ കുമാർ വന്നത് പോലുമില്ല. യു.ഡി.എഫ് സ്ഥാനാർത്ഥി മുരളിയും വന്നില്ല. സുരേഷ് ഗോപി വന്നു.


പൂരം കലക്കൽ നടന്നിട്ടുണ്ടോ ?

പൂരം കലക്കാൻ വേണ്ടി ആരും ഇടപെട്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. സുനിൽ കുമാർ ഉണ്ടാക്കിയ വിവാദം മാത്രമാണിത്. പൂരത്തോട് അമിത സ്‌നേഹം ഉണ്ടെന്ന് നടിച്ചതാണ് കാരണം. സുനിൽ കുമാറിനെ സ്വന്തം പാർട്ടി പിന്നീട് ശാസിച്ചല്ലോ?. സംഭവം അറിഞ്ഞ് ആംബുലൻസിൽ സുരേഷ് ഗോപി വന്നു, മറ്റാരും അറിഞ്ഞില്ല. അതുകൊണ്ട്, സുരേഷ് ഗോപിയുടെ തലയിൽ എല്ലാം കെട്ടിവയ്ക്കാൻ നോക്കുന്നു.

എൽ.ഡി.എഫ് ക്ഷണിച്ചില്ലേ ?

തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തോടൊപ്പം പ്രചാരണത്തിന് ഇറങ്ങിയില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി പരിപാടിക്ക് പോകില്ലെന്ന തീരുമാനം നേരത്തെയെടുത്തതാണ്. മേയറെന്ന നിലയിലുള്ള ഉത്തരവാദിത്വം നിറവേറ്റുമെന്നും ഇടതുപക്ഷം എന്നോടൊപ്പമാണെന്നും ഞാൻ അവരോടൊപ്പമല്ലെന്നും ബോദ്ധ്യപ്പെടുത്തി. എൽ.ഡി.എഫുകാർ ആരും എന്നെ പാർട്ടിയിലേക്ക് ക്ഷണിച്ചില്ല, അത് പ്രതീക്ഷിച്ചിട്ടുമില്ല.

തൃശൂരിലെ വിജയസാദ്ധ്യത ?

തൃശൂരിൽ രാജൻ പല്ലൻ ജയിക്കുമെന്നത് നൂറ് ശതമാനം ഉറപ്പ്. കന്നിയങ്കം ജയിച്ച് മന്ത്രിയാകാനും ഭാഗ്യമുണ്ടാകും. ഇടതുപക്ഷത്തിന് നല്ല കോംപറ്റീറ്റർ ഇല്ല. സീറ്റ് മാറിയിരുന്നത് കൊണ്ട് പത്മജയ്ക്ക് ഗുണം ഉണ്ടാകില്ല. ഒന്നര വർഷം മേയറും അഞ്ചുവർഷം പ്രതിപക്ഷ നേതാവും ആയിരുന്ന രാജന് തൃശൂരിന്റെ മുക്കും മൂലയും അറിയാം.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.