
കോഴിക്കോട്: ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരിയായ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണനാണ് (22) പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി കോഴിക്കോട്ടേക്ക് വരികയായിരുന്ന ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിന് നേരെയായിരുന്നു കല്ലേറ്. രാത്രി പത്തുമണിയോടെയ ട്രെയിൻ ഫറോക്കിലെത്തിയപ്പോഴാണ് കല്ലേറുണ്ടായത്. ജനലരികിലെ സീറ്റിലിരിക്കുകയായിരുന്ന ഐശ്വര്യയുടെ താടിയെല്ലിനും പല്ലിനും പരിക്കേറ്റു.
തുടർന്ന് ട്രെയിൻ കോഴിക്കോട് എത്തിയതോടെ റെയിൽവേ പൊലീസ് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആലുവ യുസി കോളേജിലെ ബിരുദ വിദ്യാർത്ഥിനിയായ ഐശ്വര്യ അവധിക്കായാണ് നാട്ടിലേക്ക് വന്നത്. വിദ്യാർത്ഥിനിക്ക് സർജറി വേണമെന്നാണ് ഡോക്ടർ പറയുന്നത്. സംഭവത്തിൽ റെയിൽവേ പൊലീസും മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജരും ഫറോക്ക് പൊലീസ് അസി.കമ്മീഷണറും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ ബെെജുനാഥ് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |