SignIn
Kerala Kaumudi Online
Tuesday, 21 April 2026 7.58 AM IST

തീക്കളിയാവുന്ന ട്രെയിൻ കല്ലേറ്

Increase Font Size Decrease Font Size Print Page
ss

കേരളത്തിൽ ട്രെയിനിനു നേരെ കല്ലെറിയുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്നത് യാത്രക്കാർക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആലപ്പുഴ - കണ്ണൂർ എക്സിക്യുട്ടീവ് എക്സ‌്‌പ്രസിനു നേരെ കടലുണ്ടിക്കും ഫറോക്കിനും ഇടയിൽ ഉണ്ടായ കല്ലേറിൽ ഐശ്വര്യ എന്ന വിദ്യാർത്ഥിനിക്ക് താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റു. പല്ലുകൾ നഷ്ടപ്പെടുകയും ചെയ്തു. രണ്ടു ലക്ഷത്തോളം രൂപയാണ് ഐശ്വര്യയുടെ ശസ്‌ത്രക്രിയയ്ക്ക് ചെലവിടേണ്ടിവരിക. താമസ സ്ഥലത്ത് ഗ്യാസിന്റെ ക്ഷാമം മൂലം ഭക്ഷണത്തിന് ബുദ്ധിമുട്ടായപ്പോൾ ആലുവയിൽ നിന്ന് കോഴിക്കോട് വടകരയിലെ വീട്ടിലേക്കു പുറപ്പെട്ടതാണ് ഐശ്വര്യ. ട്രെയിനിൽ വച്ച് തിങ്കളാഴ്ച രാത്രി ഒൻപതരയോടെയാണ് കല്ലേറ് ഏറ്റത്. പുറത്തുനിന്നുണ്ടായ കല്ലേറിൽ വലതു ഭാഗത്തെ കീഴ്ച്ചുണ്ട് പിളർന്നു. താടിയെല്ല് പൊട്ടി. രണ്ട് പല്ലുകൾ പൂർണമായും നഷ്ടപ്പെട്ടു. ഭാഗികമായി ഇളക്കം തട്ടിയ മറ്റു ചില പല്ലുകൾ കൂടി എടുത്തുകളയേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇരുപത്തിരണ്ടുകാരിയായ ഐശ്വര്യ ആലുവ യു.സി കോളേജിൽ ബയോ ഇൻഫോമാറ്റിക്സ് ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്.

കേരളത്തിൽ ഇതാദ്യമല്ല; നിരവധി തവണ പലർക്കും ട്രെയിനിനു നേരെയുള്ള കല്ലേറിൽ പരിക്കുകൾ ഏറ്റിട്ടുണ്ട്. അടുത്തിടെ നെടുമ്പാശ്ശേരിക്കു സമീപം വന്ദേഭാരത് എക്സ്‌പ്രസിനു നേരെ കല്ലേറ് നടന്നിരുന്നു. സി.സി ടിവി ദൃശ്യങ്ങൾ പിന്തുടർന്ന് പൊലീസ് പതിനെട്ടുകാരനായ പ്രതിയെ പിടിച്ചപ്പോൾ പ്രണയനൈരാശ്യം മൂലമാണ് കല്ലെറിഞ്ഞതെന്ന വിചിത്രമായ ന്യായമാണ് പറഞ്ഞത്. കൊച്ചിയിലും മലപ്പുറത്തും റെയിൽവേ ട്രാക്കിൽ കല്ലുവച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ട്രെയിനുകൾക്ക് കല്ലെറിഞ്ഞ എല്ലാ കേസുകളിലും പ്രതികൾ പിടിയിലായിട്ടില്ല. ഗുരുതരമായ മാനസിക വൈകല്യമുള്ളവരാണ് ഇത്തരം പ്രവൃത്തികൾക്ക് മുതിരുന്നത്. കല്ലെറിഞ്ഞിട്ട് ഇരുട്ടിലേക്ക് ഓടിയാൽ പിടിയിലാവില്ല എന്ന ചിന്തയും ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനം ആവർത്തിക്കാൻ ഇടയാക്കുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികൾ പോലും പലപ്പോഴും ഇത്തരം പ്രവൃത്തി ചെയ്യുന്നു എന്നാണ് പൊലീസിന്റെ അന്വേഷണങ്ങളിൽ തെളിഞ്ഞിട്ടുള്ളത്.

ട്രെയിനിന് കല്ലെറിഞ്ഞാൽ അന്നുതന്നെ പിടിക്കപ്പെടുമെന്ന് ആർ.പി.എഫും റെയിൽവേ സംരക്ഷണ സേനയും ലോക്കൽ പൊലീസും ഉറപ്പാക്കേണ്ടതാണ്. മാത്രമല്ല, ഇത്തരം കല്ലേറ് മൂലം റെയിൽവേയ്ക്കും യാത്രക്കാർക്കും ഉണ്ടായ നാശനഷ്ടം പ്രതിയുടെ കുടുംബത്തിൽനിന്ന് ഈടാക്കുകയും വേണം. ട്രെയിനിന് കല്ലെറിഞ്ഞാൽ ഉയർന്ന ശിക്ഷ നൽകാനുള്ള നിയമങ്ങളൊക്കെ ഇപ്പോൾത്തന്നെയുണ്ട്. പ്രതികൾക്കെതിരെ റെയിൽവേ നിയമത്തിലെ 152, 154 വകുപ്പുകളാണ് ചുമത്തുന്നത്. പത്തുവർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകളാണിത്. എന്നാൽ കുറ്റം ചെയ്തത് പ്രായപൂർത്തിയാകാത്തവരാണെങ്കിൽ കൗൺസലിംഗ് നൽകി പറഞ്ഞുവിടുന്ന രീതിയുമുണ്ട്.

കേരളത്തിൽ ട്രെയിനിന് കല്ലെറിഞ്ഞവരിൽ അന്യസംസ്ഥാനക്കാരും ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ജൂലായ് മുതൽ ഡിസംബർ വരെ ഇന്ത്യയിൽ ട്രെയിനിന് കല്ലെറിഞ്ഞ 1698 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 665 പേർ പിടിയിലായി. ഇത്തരം കേസുകളിൽ പകുതിയിൽ കൂടുതൽ പ്രതികൾ പിടിക്കപ്പെടാതെ പോവുകയാണ്. അതാണ് ഇത് വീണ്ടും ആവർത്തിക്കാനിടയാകുന്ന പ്രധാന വസ്തുത. നിരന്തരം കല്ലേറുണ്ടാകുന്ന സ്ഥലങ്ങളിൽ പരമാവധി സി.സി ടിവി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കണം. നാട്ടുകാർക്കും പൊതുജനങ്ങൾക്കും പ്രതികളെ പിടിക്കാൻ വളരെയേറെ സഹായിക്കാനാകും. ഇതിനായി റെയിൽവേ പാളം കടന്നുപോകുന്ന ചില സ്ഥലങ്ങളിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കാൻ റെയിൽവേ അധികൃതരും മുൻകൈയെടുക്കണം. കേരളത്തിൽ പ്രതിദിനം പത്തുലക്ഷത്തിലേറെപ്പേരാണ് ട്രെയിൻ സർവീസുകൾ ഉപയോഗപ്പെടുത്തുന്നത്. അവരുടെ സുരക്ഷ ഉറപ്പാക്കിയേ മതിയാവൂ.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.