
തിരുവനന്തപുരം: കർഷകർക്കു നെല്ലിന്റെ വില പി.ആർ.എസ് (പാഡി റസീപ്റ്റ് ഷീറ്റ് ) വായ്പയായി നൽകുന്നത് എസ്.ബി.ഐ നിറുത്തി. എസ്.ബി.ഐ യുമായുള്ള സപ്ലൈകോയുടെ ധാരണയനുസരിച്ചു 480 കോടി രൂപയാണു നെല്ലിന്റെ വായ്പയായി നൽകേണ്ടിയിരുന്നത്. ആ പരിധി കഴിഞ്ഞതോടെയാണു ബാങ്ക് വായ്പാവിതരണം നിറുത്തിയത്. പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ നെല്ല് സംഭരണത്തിന്റെ തുക പി.ആർ.എസ്.വായ്പയായി എസ്.ബി.ഐ.യിൽനിന്നാണ് കർഷർക്ക് നൽകുന്നത്. അതിലാണ് ഇപ്പോൾ തടസം വന്നത്. സപ്ലൈകോയിൽ നിന്നു കൂടുതൽ തുക ലഭിക്കുന്നതോടെ നെല്ലിന്റെ വില നൽകാമെന്നാണ് ബാങ്ക് അധികൃതർ കർഷകരോട് പറയുന്നത്.
ജനുവരി അവസാനത്തെ ആഴ്ച മുതൽ സംഭരിച്ച നെല്ലിന്റെ വിലയാണു കർഷകർക്കു കിട്ടാനുള്ളത്. എസ്.ബി.ഐ, കനറാ ബാങ്ക് എന്നിവയുമായാണു സപ്ലൈകോ ധാരണ. കനറാ ബാങ്ക് 620 കോടി രൂപയാണ് പി.ആർ.എസ് വായ്പയായി നൽകുന്നത്. കനറാ ബാങ്ക് ഇപ്പോഴും നെല്ലിന്റെ വില നൽകുന്നുണ്ട്.
നെല്ല് സംഭരിക്കുന്ന ഘട്ടത്തിൽ കർഷകർക്ക് പണം ലഭ്യമാക്കാനായി, സംഭരണം സഹകരണ സംഘങ്ങൾവഴിയാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇത് പാലക്കാട് ജില്ലയിൽ മാത്രമാണ് നടപ്പിലായത്. ഇത് വിജയകരമായാൽ മറ്റ് ജില്ലകളിലും നടപ്പാക്കാനായിരുന്നു തീരുമാനമെങ്കിലും നടപ്പിലായില്ല.
പ്രശ്നം പരിഹരിക്കും
എസ്.ബി.ഐയുമായി ബന്ധപ്പെട്ടെന്നും പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. എസ്.ബി.ഐയ്ക്ക് ഉടൻ തന്നെ തുക അനുവദിക്കും. ഇതോടെ കർഷകർക്ക് തുക അനുവദിച്ചുതുടങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |