
തിരുവനന്തപുരം: വിഴിഞ്ഞമടക്കം 19 തുറമുഖങ്ങൾവഴി 500 ദശലക്ഷം ടൺ ചരക്കുനീക്കമെന്ന ചരിത്രനേട്ടം കൈവരിച്ച് അദാനി തുറമുഖ കമ്പനി. രാജ്യത്തെ 15, വിദേശത്തെ 4 തുറമുഖങ്ങൾ വഴിയാണിത്. ഇതിൽ ഏറ്റവും വേഗത്തിൽ വളരുന്ന തുറമുഖമാണ് വിഴിഞ്ഞം. ഇതുവരെ 850 കപ്പലുകളിലായി 18ലക്ഷം കണ്ടെയ്നറുകൾ വിഴിഞ്ഞത്തെത്തി. പ്രതിമാസം ശരാശരി 60 കപ്പലുകളെത്തുന്നു. 800മീറ്റർ ബർത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്നു.
1998ൽ ഒരുതുറമുഖത്തു നിന്നാരംഭിച്ച അദാനി തുറമുഖ കമ്പനിയുടെ ജൈത്രയാത്ര ഇന്ന് രാജ്യത്തിന്റെ വ്യാപാരം, വ്യവസായവളർച്ച, ആഗോള മത്സരക്ഷമത എന്നിവയ്ക്ക് ഗണ്യമായ സംഭാവന നൽകുന്നു. തുറമുഖങ്ങളോടനുബന്ധിച്ച് റെയിൽ, റോഡുകൾ, ഗോഡൗണുകൾ, കാർഗോ ഗേറ്റ്‌വേ എന്നിവയടക്കം ഏകീകൃത ഗതാഗത-ലോജിസ്റ്റിക് പ്ലാറ്റ്‌ഫോമാണ് അദാനി നിർമ്മിച്ചത്.
ചരക്കുനീക്കത്തിൽ ആദ്യ 100 ദശലക്ഷംടൺ കൈവരിക്കാൻ 16 വർഷമെടുത്തു. അതിനുശേഷമുള്ള ഓരോ 100 ദശലക്ഷം ടണ്ണും അതിവേഗത്തിലായി. 2030ഓടെ ഒരുബില്യൺ (100കോടി) ടൺ ചരക്ക് തുറമുഖങ്ങളിലൂടെ കൈകാര്യം ചെയ്യുകയാണ് ലക്ഷ്യം.
ഓട്ടോമേറ്റഡ് തുറമുഖമായതിനാലാണ് വിഴിഞ്ഞത്ത് അതിവേഗ ചരക്കുനീക്കം സാദ്ധ്യമാവുന്നത്. ഇന്ത്യയിൽ ഒരിടത്തും ഇത്രയും വേഗംപറ്റില്ല. 110 രാജ്യങ്ങളിലേക്ക് സർവീസുണ്ട്. വിഴിഞ്ഞത്തടുക്കാൻ കപ്പലുകൾ കാത്തുകിടക്കുന്ന സ്ഥിതിയാണ്. അതിനാൽ ഒരു മണിക്കൂർപോലും പ്രവർത്തനം നിറുത്താനാവില്ല.
അദാനി തുറമുഖ ശൃംഖല
ഇന്ത്യയുടെ 11,000കി.മീറ്റർ തീരത്ത് 15തുറമുഖങ്ങൾ
ഈസ്റ്റ്-വെസ്റ്റ് ഗ്ലോബൽ അന്താരാഷ്ട്ര ഇടനാഴിയിൽ നാല്
രാജ്യത്തിന്റെ ലോജിസ്റ്റിക് നീക്കത്തിൽ 95% സ്വന്തം
ചരക്കുനീക്കത്തിന് 132ട്രെയിനുകൾ, 20000ട്രക്കുകൾ
കണ്ടെയ്നറുകൾക്കായി 2.9ലക്ഷം ച.മീറ്റർ വെയർഹൗസ്
അതിവേഗം വളർന്ന് വിഴിഞ്ഞം
വിഴിഞ്ഞത്ത് അടുത്തഘട്ട വികസനം 2028ൽ പൂർത്തിയാവുന്നതോടെ ഒരേസമയം 5 കൂറ്റൻ കപ്പലുകൾക്ക് നങ്കൂരമിടാനാവും. നിലവിൽ ഒരു മദർഷിപ്പിനും ഒരു ഫീഡർകപ്പലിനും അല്ലെങ്കിൽ 3 ഫീഡർ കപ്പലുകൾക്കാണ് അടുക്കാനാവുക. ബർത്ത് 2000 മീറ്ററാവുകയും മൂന്നുകിലോമീറ്റർ പുലിമുട്ട് നാലാക്കുകയും ചെയ്യുന്നതോടെ കാർഗോനീക്കത്തിന്റെ വേഗംകൂടും. രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളിലെ വികസനപ്രവർത്തനങ്ങളാണ് ഒറ്റഘട്ടമായി 10,000കോടി മുടക്കി അദാനി പൂർത്തിയാക്കുന്നത്. നിലവിലെ 10ലക്ഷം കണ്ടെയ്നർ പ്രതിവർഷ ശേഷിയെന്നത് 50ലക്ഷമാകുന്നതോടെ തുറമുഖം ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക് ഹബ്ബാവും.
''തുറമുഖങ്ങൾ വെറും വ്യാപാര കവാടങ്ങൾ മാത്രമല്ല രാജ്യത്തിന്റെ ആത്മവിശ്വാസത്തിന്റെയും മത്സരക്ഷമതയുടെയും ഭാവിയുടെയും കവാടങ്ങളാണ്
-ഗൗതം അദാനി,
ചെയർമാൻ, അദാനി ഗ്രൂപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |