
പെരുമ്പാവൂർ: മൊബൈൽ ഫോണും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് അസാം സ്വദേശിയായ യുവാവിനെ ആൾക്കൂട്ട വിചാരണ നടത്തി മരത്തടികൊണ്ട് മർദ്ദിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ ആറ് അന്യസംസ്ഥാന തൊഴിലാളികളെ പെരുമ്പാവൂർ പൊലീസ് അറസ്റ്റു ചെയ്തു. മുടിക്കലിലെ എ.എം പ്ലൈവുഡ് കമ്പനിയിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
അസാം സ്വദേശി നൂർ ഹുസൈനാണ് (24) കൊല്ലപ്പെട്ടത്. പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികളും അസാം സ്വദേശികളുമായ അലാവുദ്ദീൻ (32), ജാക്കിർ ഹുസൈൻ (42), ഹബീബുദ്ദീൻ (32), മുസമ്മിൽ ഹഖ് (27), ഹച്ചെൻ അലി (37), മിനാറുൾ (32) എന്നിവരാണ് പിടിയിലായത്. ഇവരിൽ മൂന്നുപേർ സഹോദരങ്ങളാണ്.
കൊല്ലപ്പെട്ടയാൾ ഈ കമ്പനിയിലെ തൊഴിലാളിയല്ല. ആർക്കും പരിചയവുമില്ല. ഏഴ് മൊബൈൽ ഫോണുകളും ഒരു ലക്ഷംരൂപയും മോഷ്ടിച്ചതിന് മർദ്ദിച്ചെന്നാണ് പ്രതികളുടെ മൊഴി. പ്ലൈവുഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഭാരമേറിയ മരക്കഷണങ്ങൾ കൊണ്ടായിരുന്നു ആക്രമണം. യുവാവിന്റെ മുഖവും വയറും കൈകാലുകളുമെല്ലാം തകർന്നു. ക്രൂരമായ മർദ്ദനമേറ്റ് സംഭവസ്ഥലത്തു വച്ചുതന്നെ യുവാവ് മരിച്ചു.
തൊഴിലാളികൾ കമ്പനിവളപ്പിൽ തന്നെയാണ് താമസം. ഫോണുകൾ മുറിയിലെ പെട്ടിയിൽ വച്ചാണ് ജോലിക്ക് കയറുക. ഇന്നലെ പുലർച്ചെ തിരികെയെത്തിയപ്പോൾ ഒരു പെട്ടിയിലെ ഫോണുകൾ അപ്രത്യക്ഷമായിരുന്നു. അന്വേഷണത്തിൽ അപരിചിതനായ യുവാവിനെ കമ്പനി വളപ്പിൽ കണ്ടെത്തി. തുടർന്ന് മർദ്ദിക്കുകയായിരുന്നു. പ്ലൈവുഡ് കമ്പനി വളഞ്ഞാണ് പ്രതികളെ പിടിച്ചതെന്ന് എസ്.എച്ച്.ഒ എൽ.അനിൽകുമാർ പറഞ്ഞു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |