
''മനുഷ്യനന്മക്ക് ഭൂമിയിൽ മരണമില്ലയെന്ന ദൈവസന്ദേശം നമ്മെ ഓർമ്മിപ്പിച്ചുകൊണ്ട് വന്നിരിക്കുന്ന ഒരു ഈസ്റ്റർ കൂടി ആഘോഷിക്കാനുള്ള 'ഭാഗ്യം" നമുക്കു ലഭിച്ചിരിക്കുകയാണല്ലോ! കടന്നുപോയ വർഷങ്ങളിൽ നമ്മോടൊപ്പം ഓണവും, വിഷുവും, ക്രിസ്തുമസും, ഈസ്റ്ററും, ചെറിയ പെരുന്നാളും, വലിയ പെരുന്നാളുമൊക്കെ ആഘോഷിക്കാനുണ്ടായിരുന്ന നമ്മുടെ എല്ലാ പ്രിയപ്പെട്ടവരും, ഇന്നത്തെ ഈസ്റ്റർ ആഘോഷിക്കാൻ നമ്മോടൊപ്പമുണ്ടോ? ഇല്ലല്ലോ, അതാണ് നമ്മൾ 'ഭാഗ്യം" ലഭിച്ചവരെന്നു ഞാൻ പറഞ്ഞത്! തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികമാണെന്നും, ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികൾ തേടാതെ, കഷ്ടങ്ങൾ സഹിച്ചും സത്യത്തിനുവേണ്ടി നിലനിൽക്കണമെന്നാണ് ഈസ്റ്റർ നൽകുന്ന പാഠങ്ങൾ.ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമർമ്മമായ പുനരുത്ഥാനത്തെ അനുസ്മരിക്കുന്ന ഈ ദിവസത്തിൽ ആദിമ പൗരസ്ത്യസഭകളിലെ വിശ്വാസികൾ പരസ്പരം ഉപചാരം കൈമാറിയിരുന്നത് ഒരു വിശ്വാസ പ്രഖ്യാപനത്തിലൂടെയാണ്. 'ക്രിസ്തു ഉയിർത്തെഴുന്നേറ്റു" എന്നൊരാൾ പറയുമ്പോൾ 'സത്യം സത്യമായ് അവിടുന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു" എന്ന് മറ്റേയാൾ പ്രതിവചിക്കുമായിരുന്നത്രേ. "" ഇപ്രകാരം പറഞ്ഞുകൊണ്ട് പ്രഭാഷകൻ, സദസ്യരെ നോക്കിയപ്പോൾ, എല്ലാവരും ക്രിസ്തുദേവദർശനം സാധ്യമായതുപോലെ ഭക്തിനിർവൃതിയിൽ കാണപ്പെട്ടു!
എല്ലാവരേയും വാത്സല്യപൂർവം നോക്കി പുഞ്ചിരിച്ചുകൊണ്ട്, പ്രഭാഷകൻ ഇപ്രകാരം തുടർന്നു: ''യേശുദേവൻ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടവനാണെന്ന് ക്രിസ്തുമതം വിശ്വസിക്കുന്നു. മിശിഹാ/രക്ഷകൻ: മനുഷ്യകുലത്തെ പാപത്തിൽ നിന്ന് രക്ഷിക്കാൻ ദൈവം അയച്ച വാഗ്ദത്ത രക്ഷകനാണ് യേശുദേവൻ എന്ന് ക്രിസ്തു എന്ന പദം വ്യക്തമാക്കുന്നു. യേശുവിന്റെ പുനരുത്ഥാനത്തെ അനുസ്മരിക്കുന്ന ഈസ്റ്റർ, പ്രത്യാശയുടെയും, പാപമോചനത്തിന്റെയും, നിത്യജീവന്റെയും പ്രതീകമാണ്.യേശു ഏകദേശം 33-34 വയസ്സുവരെ ജീവിച്ചിരുന്നു എന്നാണ് വിശ്വാസവും, ഭൂരിപക്ഷാഭിപ്രായവും. ലൂക്കോസിൻ്റെ സുവിശേഷമനുസരിച്ച് 30 വയസോടെ ശുശ്രൂഷ ആരംഭിച്ച യേശു, ഏകദേശം 3 വർഷത്തോളം(3 പെസഹകൾ) പ്രസംഗിക്കുകയും,തുടർന്ന് AD 30-33 കാലഘട്ടത്തിൽ ക്രൂശിക്കപ്പെടുകയും ചെയ്തു. ക്രൂശുമരണത്തിലൂടെ മനുഷ്യകുലത്തിന്റെ പാപങ്ങൾക്ക് പരിഹാരം നേടിയെന്ന വിശ്വാസമാണ് ഈസ്റ്റർ.ക്രിസ്തുമതം പരമ്പരാഗതമായി പുനർജന്മത്തിൽ(Reincarnation) വിശ്വസിക്കുന്നില്ല. മറിച്ച്, ജീവിതം ഒന്നേയുള്ളൂവെന്നും അതിനുശേഷം സ്വർഗ്ഗമോ നരകമോ ആയ വിധി(Judgment) ഉണ്ടെന്നുമാണ് വിശ്വാസം. യേശുക്രിസ്തുവിൻ്റെ ഉയിർത്തെഴുന്നേൽപ്പിനെ അടിസ്ഥാനമാക്കി, മരിച്ചവർ അവസാനനാളിൽ വീണ്ടും ജീവിക്കുമെന്ന വിശ്വാസമാണ് ക്രിസ്തുമതത്തിൻ്റെ കാതൽ. ഇത് പുനർജന്മത്തിൽ നിന്നും വ്യത്യസ്ഥമാണ്.
ഹിന്ദുമതത്തിൽ പുനർജന്മമെന്നാൽ ശരീരത്തിൻ്റെ മരണശേഷം ആത്മാവ് പുതിയൊരു ശരീരം(മനുഷ്യനായോ മൃഗമായോ പ്രകൃതിയിലെ മറ്റ് രൂപങ്ങളിലോ വീണ്ടും ജനിക്കുന്നു) സ്വീകരിക്കുന്ന പ്രക്രിയയാണ്. മോക്ഷം ലഭിക്കുന്നതുവരെ ഈ ജനന-മരണ ചക്രം (സംസാര) തുടരുമെന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു. എന്നാൽ, ഇസ്‌ലാമിൽ പുനർജന്മത്തിന് (Reincarnation/Transmigration of Souls) യാതൊരു സ്ഥാനവുമില്ല. ഒരു വ്യക്തിക്ക് ഒരേയൊരു ജീവിതമേ ഭൂമിയിലുള്ളൂവെന്നും, മരണശേഷം പരലോകത്ത് വിചാരണയ്‌ക്കും സ്വർഗ്ഗ/നരകശിക്ഷയ്ക്കും വിധേയരാകുമെന്നുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇതാണ്, അടിസ്ഥാനപരമായി നമ്മുടെ മൂന്ന് മതങ്ങൾ തമ്മിലുള്ള വിശ്വാസങ്ങളിലെ വ്യത്യസ്തതകളിൽ ഒന്ന്. എന്നാലും, ഭാരതീയരായ നമ്മളെല്ലാം ഒന്നാണ്: ഇന്നു നമ്മളെല്ലാവരും ഈസ്റ്റർ ആഘോഷിക്കും, അടുത്ത ആഴ്ചയിൽ വിഷു ആഘോഷിക്കും, പിന്നെ നമ്മൾ ഒന്നായി വലിയ പെരുന്നാളിന്റെ വരവുകാത്തിരിക്കും! മനസിൽ ഭേദചിന്തകൾ ഉണ്ടാകാതിരിക്കാൻ നമ്മൾ സർവശക്തനോടു പ്രാർത്ഥിക്കും."" ഇപ്രകാരം പ്രഭാഷകൻ ഈസ്റ്റർ-വിഷു ആശംസകൾ നേർന്നപ്പോൾ, സദസ്യരിൽ ചിലർ സന്തോഷകണ്ണുനീർ തുടക്കുന്നതു കണ്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |