
ന്യൂഡൽഹി: ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള ഊർജ വിതരണ ശൃംഖലയിലുണ്ടായ തടസങ്ങൾ കണക്കിലെടുത്ത് തിരഞ്ഞെടുത്ത നിർണായക പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ പൂർണമായും ഒഴിവാക്കി. ഇത് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. ജൂൺ 30 വരെ ഇത് തുടരുമെന്നും അധികൃതർ വ്യക്തമാക്കി. ആഭ്യന്തര വിപണിയിൽ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം തടയുന്നതിനുമാണ് നടപടി. തീരുവകൾ കുറയ്ക്കുന്നതിനൊപ്പം രാജ്യത്തെ വ്യാവസായിക ഉപയോഗത്തിന് ആവശ്യമായ അളവിൽ പെട്രോ കെമിക്കൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും എന്നും അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പോളിവിനൈൽ ക്ലോറൈഡ് (PVC),പോളി ടെട്രാഫ്ലൂറോ എത്തിലീൻ,പോളിവിനൈൽ അസറ്റേറ്റ്, പോളിവിനൈൽ ആൽക്കഹോൾ,പോളിയോളുകൾ
പോളിഈതർ ഈതർ കെറ്റോൺ,എപ്പോക്സി റെസിനുകൾ,പോളികാർബണേറ്റുകൾ,ആൽക്കൈഡ് റെസിനുകൾ,മെഥനോൾ, അൻഹൈഡ്രസ് അമോണിയ തുടങ്ങിയ പ്രധാന പെട്രോകെമിക്കൽ വസ്തുക്കൾക്കാണ് നികുതി ഇളവ് നൽകിയിരിക്കുന്നത്. സാധാരണക്കാരെ കൂടുതൽ ബാധിക്കുന്ന പ്ലാസ്റ്റിക്, പാക്കേജിംഗ്, ടെക്‌റ്റൈൽസ്, മരുന്നുകൾ, ഓട്ടോമൊബൈൽ ഭാഗങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയവ നിർമ്മിക്കുന്ന വ്യവസായങ്ങൾക്കാണ് ഈ തീരുമാനം വലിയ ആശ്വാസമാകുന്നത്. ഇവയുടെ ഉൽപ്പാദന ചെലവ് കുറയുന്നതോടെ ഉൽപ്പന്നങ്ങളുടെ വിലക്കയറ്റവും ഉണ്ടാവില്ല.
നിലവിൽ ഇറാൻ യുദ്ധം ലോകത്തെ ഊർജരംഗത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ പ്രീമിയം പെട്രോളിന്റെ വില കാര്യമായി ഉയർത്തി. ഇതിനൊപ്പം വാണിജ്യ എൽ പി ജിയുടെ വിലയും കൂട്ടിയിട്ടുണ്ട്. യുദ്ധം ഇനിയും നീണ്ടാൽ പ്രതിസന്ധി കൂടുതൽ രൂക്ഷമായേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |