SignIn
Kerala Kaumudi Online
Tuesday, 21 April 2026 4.06 PM IST

സർക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി, ബംഗാളിലേതുപോലെ മോശം സ്ഥിതി എങ്ങുമില്ല

Increase Font Size Decrease Font Size Print Page
c

 ജുഡി. ഓഫീസർമാരെ തടഞ്ഞത് രാഷ്ട്രീയഭ്രാന്ത്

ന്യൂഡൽഹി: രാഷ്ട്രീയമായി ഇത്രയധികം ധ്രുവീകരിക്കപ്പെട്ട സംസ്ഥാനം പശ്ചിമബംഗാളിനെപ്പോലെ മറ്റൊന്നില്ലെന്ന് സുപ്രീംകോടതിയുടെ വിമർശനം. എസ്.ഐ.ആ‌ർ ജോലിയിൽ ഏർപ്പെട്ട ജുഡിഷ്യൽ ഓഫീസർമാരെ തടഞ്ഞുവച്ചതിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് കടുത്ത അതൃപ്തി പ്രകടിപ്പിച്ചത്.

ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയാണ് മാൽഡ ജില്ലയിൽ മൂന്ന് വനിതാ ജഡ്‌ജിമാർ ഉൾപ്പെടെ ഏഴു പേരെ ഒരുസംഘം തടഞ്ഞുവച്ചത്. കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജില്ലാ ഭരണക്കൂടത്തിന് കർശന നിർദ്ദേശം നൽകിയതിനെ തുടർന്നാണ് അർദ്ധരാത്രി പന്ത്രണ്ടോടെ ഇവരെ മോചിപ്പിച്ചത്. ജഡ്‌ജിമാരുടെ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. മുളവടികൾ ഉപയോഗിച്ച് ആക്രമിച്ചു. ബംഗാളിൽ എല്ലാവരും രാഷ്ട്രീയഭാഷയിലാണ് സംസാരിക്കുന്നത്. ഇത് ദൗർഭാഗ്യകരമാണെന്ന് സുപ്രീംകോടതി പറഞ്ഞു. കോടതി ഉത്തരവുകൾ നടപ്പാക്കുന്നതിൽ പോലും രാഷ്ട്രീയമാണ്. ആരാണ് അക്രമികളെന്ന് തങ്ങൾക്കറിയാമെന്ന്,​ ബംഗാൾ അഡ്വക്കേറ്റ് ജനറൽ കിഷോർ ദത്തയോട് കോടതി പറഞ്ഞു. ജഡ്‌ജിമാരുടെ മനോവീര്യം തകർക്കാൻ കരുതിക്കൂട്ടി നടത്തിയ പ്രവൃത്തിയാണ്. നിയമം കൈയിലെടുക്കാൻ സമ്മതിക്കില്ല. പുലർച്ചെ രണ്ടുവരെ സ്ഥിതിഗതികൾ നോക്കുന്നുണ്ടായിരുന്നു. ജഡ്‌ജിമാരെ പോലും വെറുതെ വിടുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

കാരണം കാണിക്കൽ നോട്ടീസ്

ചീഫ് സെക്രട്ടറി അടക്കം ഉന്നതോദ്യോഗസ്ഥരുടെയും ജില്ലാ ഭരണകൂടത്തിന്റെയും ഇടപെടൽ വൈകിയെന്ന് ചീഫ് ജസ്റ്റിസ് വിമർശിച്ചു. രാത്രി 8.30ന് ആഭ്യന്തര സെക്രട്ടറിയെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേരിട്ടുവിളിച്ചു. എന്നാൽ രാത്രി 11 വരെ മാൽഡ ജില്ലാ കളക്ടർ സ്ഥലത്തുണ്ടായിരുന്നില്ല. ഒരു ജഡ്‌ജിക്കൊപ്പം 5 വയസുള്ള കുഞ്ഞുണ്ടായിരുന്നു. വെള്ളവും ഭക്ഷണവും കൊടുക്കാൻ പോലും അനുവദിച്ചില്ല. കോടതിയലക്ഷ്യ നടപടി എടുക്കാതിരിക്കാൻ ചീഫ് സെക്രട്ടറി, ഡി.ജി.പി, ജില്ലാ കളക്ടർ എന്നിവർ കാരണം ബോധിപ്പിക്കണം. മൂവർക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഏപ്രിൽ 6ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരാകണം.

എൻ.ഐ.എ അന്വേഷണം

ജുഡിഷ്യൽ ഓഫീസർമാരുടെ ജീവനും സ്വത്തിനും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് നിർദ്ദേശം നൽകി.

ആവശ്യത്തിന് കേന്ദ്രസേനയെ നിയോഗിക്കണം. സംഭവം അന്വേഷിക്കാൻ സി.ബി.ഐ അല്ലെങ്കിൽ എൻ.ഐ.എയെ ചുമതലപ്പെടുത്തണമെന്നും നിർദ്ദേശിച്ചു. തുടർന്ന് സി.ബി.ഐ അന്വേഷണത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചു. തുടർന്ന് അന്വേഷണം തിരഞ്ഞെടുപ്പ് കമ്മിഷൻ എൻ.ഐ.എക്ക് കൈമാറി.

സംഭവത്തിൽ ഇതുവരെ 18 പേരെ അറസ്റ്റ് ചെയ്തതെന്ന് ബംഗാൾ പോലീസ് അറിയിച്ചു.

കമ്മിഷൻ നിയമിച്ച ഉദ്യോഗസ്ഥർ

മമത സർക്കാരിന്റെ എതിർപ്പ് അവഗണിച്ച് ചീഫ് സെക്രട്ടറി, ഡി.ജി.പി തുടങ്ങിയവരെ നേരത്തേ തിരഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലംമാറ്റി പുതിയ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. അതിനാൽ ഈ ഉദ്യോഗസ്ഥരുടെ വീഴ്ചകൾ കമ്മിഷന്റെ പരാജയമെന്ന് സർക്കാരിന്റെ അഭിഭാഷകർ വാദിച്ചു. സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് സർക്കാർ വാദിച്ചപ്പോൾ അങ്ങനെയെങ്കിൽ രാഷ്ട്രീയനേതാക്കൾ ആ സമയത്ത് എവിടെ പോയെന്ന് ചീഫ് ജസ്റ്റിസ് തിരിച്ചുചോദിച്ചു.

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.