SignIn
Kerala Kaumudi Online
Tuesday, 21 April 2026 3.22 PM IST

കല്ലുകടികൾ മറികടന്ന കാൽപ്പന്താവേശം

Increase Font Size Decrease Font Size Print Page
h

കായിക വിനോദങ്ങളിലെ ചക്രവർത്തിയാണ് ഫുട്ബാൾ. ഏറ്റവുമധികം രാജ്യങ്ങളിൽ പ്രചാരമുള്ളതും ഏറ്റവുമധികം ആരാധകരുള്ളതുമായ കളി. ഫുട്ബാൾ മാമാങ്കങ്ങളെ വരവേൽക്കാൻ രാജ്യങ്ങൾ തമ്മിൽ മത്സരത്തിലാണ്. 2022 ലെ ലോകകപ്പ് ഖത്തർ പിടിച്ചെടുത്തപ്പോൾ ഈ വർഷത്തെ ലോകകപ്പ് അമേരിക്കയും കാനഡയുമടക്കം പിടിച്ചെടുത്തു. ആതിഥേയരാകാൻ മത്സരിച്ച സൗദി അറേബ്യയ്ക്ക് 2034 ലാണ് ഈഴം കിട്ടിയിരിക്കുന്നത്. ഒരു ഫുട്ബാൾ വിരുന്നിനെ വരവേൽക്കാനായി ലോക രാജ്യങ്ങൾ എന്തു ത്യാഗവും സഹിക്കും. അത്രയ്ക്കുണ്ട് കാൽപ്പന്തിൻ്റെ കമ്പം. എന്നാൽ കൊച്ചിയിൽ സംഭവിച്ചത് മറിച്ചാണ്. ഇന്ത്യയും ഹോംഗ്കോംഗും തമ്മിലുള്ള രാജ്യാന്തര മത്സരത്തിന് വേദിയാകാൻ അവസരം ലഭിച്ചിട്ടും ചീത്തപ്പേരുണ്ടാക്കിയ അനുഭവം. 2027 ലെ എ.എഫ്.സി ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടിലെ മത്സരമാണ് മാർച്ച് 31ന് നടന്നത്. അതിന് മുന്നാടിയായി പരിശീലനത്തിനെത്തിയ ഇന്ത്യൻ ടീമിനേയും വാർത്താ സമ്മേളനത്തിനെത്തിയ ദേശീയ കോച്ചിനെയും കലൂർ ജവഹർലാൽ നെഹ്രു രാജ്യാന്തര സ്റ്റേഡിയത്തിൽ നിന്ന് ഇറക്കിവിട്ടതാണ് കുത്തിത്തിരുപ്പായത്. സ്റ്റേഡിയത്തിൻ്റെ നടത്തിപ്പുകാരായ ജി.സി.സി.എ (വിശാല കൊച്ചി വികസന അതോറിറ്റി)യ്ക്ക് വാടക കിട്ടിയില്ലെന്നതിൻ്റെ പേരിലായിരുന്നു രാജ്യത്തിന് തന്നെ അപമാനകരമായ സംഭവം. ഏതായാലും മത്സരത്തിൽ വൻ ജനാവലിയ്ക്കു മുന്നിൽ ഇന്ത്യ തിളങ്ങുന്ന വിജയം നേടിയത് ഈ കല്ലുകടികൾക്കുള്ള മറുപടിയായി.

  • കടക്കൂ പുറത്ത് നയം

ഇന്ത്യ - ഹോംഗ്കോംഗ് മാച്ചിന് മൂന്നു ദിവസം ശേഷിക്കേയായിരുന്നു ഇറക്കിവിടൽ സംഭവം. സംഘാടകരായ കേരള ഫുട്ബാൾ അസോസിയേഷൻ്റെ പിടിപ്പുകേടും ഇതിന് കാരണമായി. സ്റ്റേഡിയം വാടക ദിവസങ്ങൾക്ക് മുമ്പേ അടയ്ക്കണമെന്ന് ജി.സി.ഡി.എ നിഷ്കർഷിച്ചിരുന്നു. തുക മുഴുവൻ മുൻകൂട്ടി അടയ്ക്കാൻ അസോസിയേഷന് സാധിച്ചില്ല. ഇന്ത്യൻ കോച്ച് ഖാലിദ് ജമീലിന്റെ വാർത്താ സമ്മേളനവും ടീമിൻ്റെ പരിശീലനവും നടത്തണമെങ്കിൽ മുഴുവൻ തുകയും (3 ലക്ഷം വാടകയും 25 ലക്ഷം സെക്യൂരിറ്റി തുകയും ഉൾപ്പെടെ ആകെ 28 ലക്ഷം രൂപ) അടയ്ക്കണമെന്നായിരുന്നു ജി.സി.ഡി.എയുടെ പിടിവാശി. കെ.എഫ്.എ സാവകാശം ചോദിച്ചെങ്കിലും ജി.സി.ഡി.എ വഴങ്ങിയില്ല. വാർത്താ സമ്മേളനത്തിന് ഇന്ത്യൻ കോച്ച് ഖാലിദ് ജമീൽ നേരത്തെ തന്നെ ‌സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ഏറെനേരം കെ.എഫ്.എ ഓഫിസിൽ കാത്തിരുന്ന ശേഷമാണ് അദ്ദേഹം മടങ്ങിയത്. വാർത്താ സമ്മേളനത്തിൽ പങ്കെടുക്കേണ്ടിയിരുന്ന മലയാളി താരങ്ങളായ സഹൽ അബ്‌ദുൽ സമദും ആഷിഖ് കുരുണിയനും ബിജോയ് വർഗീസും സ്റ്റേഡിയത്തിലേക്കു വന്നില്ല. മാദ്ധ്യമപ്രവർത്തകർ എത്തും മുൻപേ സ്റ്റേഡിയത്തിന്റെ പ്രധാന കവാടം പൂട്ടിയ സുരക്ഷാ ഉദ്യോഗസ്ഥർ ആരെയും അകത്തു കടക്കാൻ അനുവദിച്ചില്ല. പരിശീലനത്തിനായി ദേശീയ ടീമിന് തൃപ്പൂണിത്തുറയിലെ മൈതാനം തേടേണ്ടിയും വന്നു. വാസ്തവത്തിൽ ഈ കടക്കൂ പുറത്ത് നയം ഇതാദ്യത്തേതല്ല. ഒരു മാസം മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ചിനെയും ടീം ഉടമയെയും മാദ്ധ്യമ പ്രവർത്തകരെയും സ്റ്റേഡിയത്തിൽനിന്ന് ഇറക്കിവിട്ടിരുന്നു. വാടകയും കുടിശികയും കിട്ടാനുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അന്നത്തെ അപമാനം.

  • കസറിയ കളി

കിക്കോഫിന് മുമ്പുണ്ടായ എല്ലാ പ്രശ്നങ്ങളും മറക്കാൻ പ്രാപ്തമായ പ്രകടനമാണ് ഹോംഗ്കോംഗിനെതിരേ ഇന്ത്യ പുറത്തെടുത്തത്. തുടക്കം മുതലേ മികച്ച പ്രകടനം നടത്തിയ ടീം 2-1 ന് വിജയം നേടി. ആസ്ത്രേലിയൻ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യക്കാരനായി മാറിയ റയാൻ വില്യംസിന് ഇന്ത്യയ്ക്കായി ആദ്യ ഗോൾ നേടാൻ വേണ്ടിവന്നത് വെറും നാലു മിനിറ്റാണ്. ആകാശ് മിശ്രയും ഇന്ത്യ യ്ക്കായി ഗോൾ നേടിയപ്പോൾ എതിരാളികളുടെ ആശ്വാസ ഗോൾ എവർട്ടൻ കമാർഗോ വകയായിരുന്നു. ഏഷ്യൻ കപ്പ് യോഗ്യതയിൽനിന്നു നേര ത്തേ പുറത്തായെങ്കിലും ജയത്തോടെ മടങ്ങാൻ ഇന്ത്യയ്ക്കായി. കഴിഞ്ഞ 5 യോഗ്യതാ മത്സരങ്ങളിൽ ആദ്യ ജയമായിരുന്നു ഇത്. 22690 പേരാണ് കൊച്ചിയിൽ മത്സരം കാണാനെത്തിയത്. ഒളിമ്പിക്സ് മെഡലുകളും രാജ്യാന്തര ടൂർണമെൻ്റുകളിലെ മികവും ലക്ഷ്യമിട്ട് ഇന്ത്യ പല കർമ്മ പദ്ധതികളും നടപ്പാക്കുമ്പോൾ കേരളം പിന്നോട്ടടിക്കുന്ന സ്ഥിതിയാണ്. ചർച്ചയിൽ പരിഹരിക്കാവുന്ന കാര്യങ്ങൾക്കായി പിടിവാശി കാട്ടുക, സ്റ്റേഡിയങ്ങൾ മറ്റാവശ്യങ്ങൾക്ക് നൽകുക, കായിക താരങ്ങളേയും കായിക പ്രേമികളേയും വെറുപ്പിക്കുക തുടങ്ങിയവ സ്ഥിരം കലാപരിപാടികളായിരിക്കുന്നു. കലൂർ സ്റ്റേഡിയത്തിൻ്റെ കാര്യത്തിൽ വിവാദം തുടർക്കഥയാണ്. തുടക്കത്തിൽ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയായിരുന്ന മൈതാനത്ത് ഇന്ന് ടർഫ് വിക്കറ്റുകളൊന്നും ശേഷിക്കുന്നില്ല. ഗ്രൗണ്ട് വാണിജ്യ പ്രദർശനങ്ങൾക്കടക്കം വിട്ടു നൽകിയാണ് നശിപ്പിച്ചത്. ഇത്തരത്തിൽ ഒരു മെഗാ നൃത്ത പരിപാടി നടക്കുമ്പോഴാണ് ഉമ തോമസ് എം.എൽ.എയ്ക്ക് സ്റ്റേജിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റത്. ലയണൽ മെസ്സി കളിക്കാനെത്തുമെന്ന് പറഞ്ഞു പറ്റിച്ച് സ്റ്റേഡിയം നവീകരണത്തിന് കരാർ കൊടുക്കുകയും പാതിവഴിയിലാക്കുകയും ചെയ്തതാണ് മറ്റൊരു ക്രൂരവിനോദം. ഈയിടെ ഒരു ഐ.എസ്.എൽ മത്സരം നടന്നത് വേനൽമഴയിൽ ചോർന്നൊലിക്കുന്ന ഗാലറിയുമായാണ്. പ്രധാന ഗേറ്റ് ദ്രവിച്ചു വീണതാണ് മറ്റൊരു സംഭവം... ഒരു കാര്യം ഓർമ്മിപ്പിക്കുകയാണ്. സ്പോർട്സിൽ പല പെരുമകളുള്ള നാടാണ് കേരളം. പ്രോത്സാഹിപ്പിക്കാൻ കായിക പ്രേമികളുമുണ്ട്. അവരെ നിരാശരാക്കരുത്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.