SignIn
Kerala Kaumudi Online
Tuesday, 21 April 2026 11.33 AM IST

വന്യമൃഗങ്ങൾ കാടിറങ്ങുന്നു, മനുഷ്യൻ നാടുവിടണോ

Increase Font Size Decrease Font Size Print Page
tiger

കടുത്ത വേനലിൽ കാട്ടിലെ നീർച്ചാലുകൾ വറ്റിവരണ്ടതോടെ കാട്ടാന, കാട്ടുപന്നി, കടുവ, പുലി, കാട്ടുപോത്ത് തുടങ്ങി വന്യമൃഗങ്ങളെല്ലാം നാട്ടിലിറങ്ങി ജനജീവിതം ദുസഹമാക്കുകയാണ്. ചൊവ്വാഴ്ച ജനവാസ മേഖലയായ മറയൂർ ടൗണിലെ പഞ്ചായത്ത് ഓഫീസിനുള്ളിലും ഹോട്ടലിലും അതിക്രമിച്ചു കയറിയ കാട്ടുപോത്ത് രണ്ടു പേരെ കുത്തി പരിക്കേൽപ്പിച്ചു. കുമുട്ടാംകുഴി ഉന്നതി സ്വദേശികളായ കാമാക്ഷി (75), മരുമകൾ സെൽവി രാമു (49) എന്നിവർക്കാണ് ഗുരുതര പരുക്കേറ്റത്. ഇവരെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ച ശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ആറരയോടെ ടൗണിലിറങ്ങിയ കാട്ടുപോത്ത് രണ്ടു മണിക്കൂറോളമാണ് മറയൂരിനെ പരിഭ്രാന്തിയിലാക്കിയത്. കുമ്പിട്ടാംകുഴി ഉന്നതയിലെത്തിയ കാട്ടുപോത്ത് ഈ സമയം വീട്ടുമുറ്റത്ത് നിന്നിരുന്ന കാമാക്ഷിയെയും മരുമകൾ സെൽവിയെയും കുത്തിയെറിഞ്ഞു. തുടർന്ന് പുറകു വശത്ത് തുറന്നിരുന്ന വാതിലിലൂടെ പഞ്ചായത്ത് ഓഫീസിനുള്ളിലേക്ക് ഓടിക്കയറി. പുറത്തിറങ്ങാൻ കഴിയാതെ സെക്രട്ടറിയുടെ ചേംബറിനുള്ളിൽ ദീർഘനേരം പോത്ത് കുടുങ്ങി. ഓഫീസിനുള്ളിലെ ഫർണീച്ചറുകളടക്കം ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ തകർത്തു. ഈ സമയം ഓഫീസിനുള്ളിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും നാട്ടുകാരും കാട്ടുപോത്തിന്റെ ആക്രമണത്തിൽനിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പലരും മേശപ്പുറത്തും തട്ടിൻപുറത്തും കയറിയാണ് ജീവൻ രക്ഷിച്ചത്. നാട്ടുകാരും വനംവകുപ്പും ചേർന്ന് പുറത്തിറക്കിയ കാട്ടുപോത്ത് പിന്നീട് സമീപത്തെ ഒരു ഹോട്ടലിലേക്ക് ഇരച്ചു കയറി. ഇവിടെ വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തി. ഹോട്ടലിൽ നിന്ന് ഓടിച്ചപ്പോൾ സർവീസ് സഹകരണ ബാങ്കിന് സമീപത്തെ വഴിയിലൂടെ ഉന്നതി ഭാഗത്തേക്ക് ഓടിപ്പോയി. ഇതുവഴി ടൗണിലെത്തി നിലയുറപ്പിച്ചതോടെ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും സ്ഥലത്തെത്തി കാട്ടുപോത്തിനെ കാട്ടിലേക്ക് തുരത്തി. കാട്ടുപോത്ത് വനമേഖലയിലേക്ക് മാറിയെങ്കിലും പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാന പാത ഉപരോധിച്ചു. എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ഡി.എഫ്.ഒ ഓഫീസ് മാർച്ച് നടത്തി.

ഒടുവിൽ പാമ്പൻമലക്കാർക്ക് ആശ്വാസം

നിരന്തരം കന്നുകാലികളെ കൊന്നു തിന്നിരുന്ന മറയൂർ പാമ്പൻമലയിലെ കടുവ, ഒടുവിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായി. തിങ്കളാഴ്ച രാത്രിയാണ് കടുവ കെണിയിലായത്. രണ്ടു വർഷത്തിനിടെ 22 കന്നുകാലികളെയാണ് കടുവ കൊന്നൊടുക്കിയത്. മൂന്നു മാസത്തിനിടെയാണ് 18 കന്നുകാലികളെ കൊന്നത്. ഇതിൽ പാമ്പൻമല സ്വദേശി വിനായകന്റെ പശുവിനെ കഴിഞ്ഞ ദിവസം കടുവ കൊന്നിരുന്നു. ഈ പശുവിന്റെ ബാക്കി വന്ന മാംസം ഇരയായി വച്ചാണ് വനംവകുപ്പ് കടുവയെ കുടുക്കിയത്. കടുവ കുടുങ്ങിയതറിഞ്ഞ് ചൊവ്വാഴ്ച രാവിലെ മൂന്നാർ റേഞ്ച് ഓഫീസർ എസ്. ബിജുവിന്റെ നേതൃത്വത്തിൽ ആർ.ആർ.ടി ടീം സ്ഥലത്തെത്തി കടുവയ്ക്ക് ആവശ്യമായ ശുശ്രൂഷ നൽകി. പിന്നീട് ട്രാക്ടറിൽ കയറ്റി സുരക്ഷിതമായ കേന്ദ്രത്തിലേക്കു മാറ്റി. തോട്ടംതൊഴിലാളികളുടെ ശക്തമായ ആവശ്യപ്രകാരം ഒന്നര മാസം മുമ്പാണ് വനംവകുപ്പ് ഇവിടെ കൂട് സ്ഥാപിച്ചത്. കൂട് സ്ഥാപിച്ചശേഷവും മൂന്നു കന്നുകാലികളെ കടുവ ആക്രമിച്ചു കൊന്നിരുന്നു. പ്രദേശവാസികളുടെയും തൊഴിലാളികളുടെയും ഉറക്കം കെടുത്തിയ കടുവ പിടിയിലായതോടെ വലിയൊരു ആശങ്കയ്ക്കാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.

പരിഹാരമുണ്ട്, വേണ്ടത് നടപടി

വേനലിൽ കാട്ടിലെ നീർച്ചാലുകൾ വറ്റിയതും പച്ചപ്പ് കുറയുന്നതുമാണ് വന്യമൃഗങ്ങൾ ഇരതേടി നാട്ടിലേക്കിറങ്ങാൻ കാരണം. വാസ്തവത്തിൽ കാട്ടുമൃഗങ്ങൾ കർഷകരുമായി ഏറ്റുമുട്ടാൻ ഇറങ്ങിവരുന്നതല്ല. അവ അതിജീവനത്തിനു വേണ്ടിയുള്ള തീവ്രശ്രമത്തിലാണ്. വനാതിർത്തികളിലെ കൃഷിയിടങ്ങളാണ് ഇവയുടെ മുഖ്യലക്ഷ്യം. വനാതിർത്തികളിൽ വന്യമൃഗങ്ങൾക്കായി കൃത്രിമ കുളമടക്കം നിർമ്മിച്ച് ഇവ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാൻ കോടികളുടെ ഫണ്ട് സർക്കാർ അനുവദിക്കാറുണ്ടെങ്കിലും ഇത് ഫലപ്രദമായി വിനിയോഗിക്കുന്നില്ല. ഇപ്പോൾ കാടിന്റെ മൂന്നിലൊന്നു ഭാഗത്തോളം നിബിഡ വനങ്ങൾക്ക് പകരം തോട്ടവനങ്ങളാക്കി മാറ്റി. അവിടെ വന്യജീവികൾക്കുള്ള ഒരു ഭക്ഷണവുമില്ല. തോട്ടവനങ്ങൾ മുഴുവൻ മുറിച്ചുനീക്കുകയാണ് സർക്കാർ ആദ്യമായി ചെയ്യേണ്ടത്. പകരം അവിടെ സ്വാഭാവിക വനം വളരാൻ അനുവദിക്കണം. അങ്ങനെ സംഭവിച്ചാൽ കാട്ടുമൃഗങ്ങൾക്ക് ആവശ്യമുള്ള ധാരാളം ഭക്ഷ്യവസ്തുക്കളും അവിടെ ഉണ്ടാകും. ജൈവവൈവിദ്ധ്യം പോഷിപ്പിക്കുന്ന നീർമരങ്ങൾ തഴച്ചുവളരുമ്പോൾ മണ്ണിൽ ജലവും ഉണ്ടാകും. പിന്നെ വെള്ളം തേടിയും ഭക്ഷണം തേടിയും മൃഗങ്ങൾക്ക് കാടുവിട്ട് ഇറങ്ങേണ്ടിവരില്ല.

മറ്റൊരു പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് അശാസ്ത്രീയമായ വേട്ട നിരോധനമാണ്. മാനിന്റെ എണ്ണം പെരുകുന്നതിന് അനുസരിച്ച് അതിനെ കൊല്ലാൻ ആസ്‌ട്രേലിയയിലും അമേരിക്കയിലും അനുവാദമുണ്ട്. എല്ലാ ജീവികളുടേയും എണ്ണം നിയന്ത്രിക്കാനും സന്തുലിതമായി നിലനിറുത്താനും പ്രകൃതിതന്നെ നിശ്ചയിച്ച ഇരപിടിയൻ ക്രമമുണ്ട്. ആഹാരശൃംഖലയിലെ കണ്ണികൾ മുറിയുമ്പോൾ ചില ജീവികൾ മാത്രം ക്രമരഹിതമായി വർദ്ധിക്കുന്നതു സ്വാഭാവികം. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവയ്ക്കുന്നതിന് ഇപ്പോൾ കേരളത്തിൽ അനുമതിയുണ്ട്. അതുപോലെ നാട്ടിൽ ഇറങ്ങുന്ന കാട്ടുമൃഗങ്ങളെ കൊല്ലാൻ അനുവാദം കൊടുക്കണമെന്നാണ് കർഷകരുടെ ആവശ്യം. പെട്ടെന്നു കേൾക്കുമ്പോൾ ഇതു ക്രൂരതയായി തോന്നും. പക്ഷേ, വസ്തുതാപരമായി ചിന്തിച്ചാൽ മനുഷ്യനു പ്രഥമ പരിഗണന നൽകുകയും മനുഷ്യന്റെ സ്വസ്ഥജീവിതത്തെ തകിടംമറിക്കുകയും ചെയ്യുന്ന ജീവികളുടെ അനിയന്ത്രിത വർദ്ധനയ്ക്ക് പരിഹാരം തേടേണ്ടത് ആവശ്യമാണെന്നു മനസിലാകും. ഒറ്റപ്പെട്ട വനങ്ങളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന വനങ്ങളുമുണ്ട്. ഒരു വനത്തിൽ നിന്ന് മറ്റൊരിടത്തേക്കു ഭക്ഷണം തേടിയോ വെള്ളം തേടിയോ പോകുന്ന വന്യജീവിയുടെ യാത്ര ചിലപ്പോൾ ജനവാസമേഖലയിൽക്കൂടിയാകാം. അത്തരം സ്ഥലങ്ങളിൽ ഇവയ്ക്ക് കടന്നുപോകാൻ ഇടനാഴികൾ സൃഷ്ടിക്കണം. ഓരോ വനത്തെയും സംബന്ധിച്ച മാപ്പിംഗ് നടത്തണം. മനുഷ്യനുവേണ്ടി റോഡ് വെട്ടുന്നതുപോലെ മൃഗങ്ങൾക്കും സുരക്ഷിത പാത ഒരുക്കണം. വേനൽക്കാല സാഹചര്യം കണക്കിലെടുക്കുന്ന മാപ്പിംഗ് ആണ് വേണ്ടത്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.