
2026-27 ലെ സമ്പൂർണ വിഷു ഫലം
ജ്യോതിഷാചാര്യൻ പാൽകുളങ്ങര എസ് ഗണപതി പോറ്റി
9847 022 273
കൊല്ലവർഷം 1201ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞ വർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭികാമ്യമായ വർഷം ആയിരുന്നില്ല. ആയത് ഈ വർഷം പകുതിവരെ തുടരാൻ സാധ്യതയുണ്ട്. ധനകാര്യരംഗത്ത് വെട്ടിച്ചുരുക്കലുകൾ അത്യാവശ്യമായി വേണ്ടിവന്നേക്കും, വേഗത്തിലുള്ള മാറ്റങ്ങൾ എല്ലാരംഗത്തും ദൃശ്യമാകും, കിഴക്കൻ യൂറോപ്പിലെ ഉക്രെയ്ൻ യുദ്ധവും ഇറാൻ പ്രതിസന്ധിയും സാമ്പത്തിക മേഖലയിൽ സൃഷ്ടിക്കുന്ന പ്രതിസന്ധി തുടരും, ദീർഘകാലമായി വിവാഹം മുടങ്ങികിടക്കുന്ന രാശിക്കാർക്ക് ഈ വർഷം മാംഗല്യയോഗം കാണുന്നു. ആത്മീയ സാംസ്കാരികരംഗത്ത് വലിയ ഉണർവ്വ് പ്രതീക്ഷിക്കുന്നു. ആരോഗ്യമേഖലയിലും, ബിസിനസ് രംഗത്തും പ്രവർത്തിക്കുന്നവർക്ക് മികച്ച നേട്ടങ്ങൾ ഉണ്ടാകും. ഐ.ടി രംഗത്തും, വിദ്യാഭ്യാസരംഗത്തും വലിയ മാറ്റങ്ങൾ വന്നുചേരും.വീട് നിർമ്മാണം ആരംഭിക്കുന്നതിന് അനുയോജ്യമായ വർഷമാണ്. വർഷം പകുതിയോടെ പുതിയ മഹാമാരികളും, കാലാവസ്ഥ വ്യതിയാനങ്ങളും ദോഷകരമായി ഭവിച്ചേക്കാം. തീർത്ഥയാത്രകളും പുതിയ ക്ഷേത്രനിർമ്മാണങ്ങളും രാജ്യത്തുടനീളം വർദ്ധിക്കും. വർഷാന്ത്യം പൊതുവേ ശുഭകരമായിരിക്കും.
അശ്വതി: നല്ല ഫലമാണ് വിഷു കൊണ്ടുവരുന്നത്. പൊതുപ്രവർത്തനങ്ങൾ കാരണം സ്ഥാനമാനങ്ങൾ ലഭിക്കും പ്രതീക്ഷിയ്ക്കാത്ത പല കാര്യങ്ങളും നേടും. മേലധികാരികളുടെ പ്രീതി പിടിച്ചുപറ്റാനും ഉയർന്ന സ്ഥാനങ്ങളിലെത്താനും സാധിക്കും. കുടുംബജീവിതത്തിൽ ഉയർച്ചയുണ്ടാകും. സാമ്പത്തികമായി മെച്ചപ്പെട്ട കാലമാണ്. പുതിയ ജോലിയിൽ പ്രവേശിക്കും.
ഭരണി: ധാരാളം നേട്ടങ്ങളുണ്ടാകുന്ന സമയമാണ്. ഉദ്ദേശ ശുദ്ധിയോടെ പ്രവർത്തിച്ചാൽ ഗുണം ലഭിയ്ക്കും. അന്താരാഷ്ട്ര രംഗത്ത് നിലനിൽക്കുന്ന പ്രശ്നങ്ങൾ സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം. ധനകാര്യസ്ഥാപനങ്ങളിൽ നിന്നും അനുകൂല സമീപനമുണ്ടാകും. കുടുംബ സൗഖ്യമുണ്ടാകും. സാമ്പത്തിക നേട്ടമുണ്ടാകും. പ്രണയസാഫല്യം, വിവാഹസിദ്ധി എന്നിവയുണ്ടാകും.
കാർത്തിക: കീർത്തി കേൾക്കാൻ ഇടയാകും. സാമ്പത്തികമായി ഉയർച്ചയുണ്ടാകുന്ന കാര്യത്തിൽ ഇടപെടും. ബിസിനസ് രംഗത്തുള്ളവർ രക്ഷപ്പെടും. കുടുംബപരമായി സന്തോഷകരമായ കാലഘട്ടമായിരിയ്ക്കും ഇത്. ധനപരമായി നേട്ടം കൊയ്യും. ഉദ്ദേശിച്ച പല കാര്യങ്ങളും നടപ്പാക്കാൻ സാധിയ്ക്കും. മക്കളുടെ ശ്രേയസും പിന്തുണയും സന്തോഷത്തിനും സംതൃപ്തിക്കും കാരണമാകും.
രോഹിണി: ന്യായമായ ആഗ്രഹങ്ങൾ മുഴുവനായുംസഫലീകരിക്കപ്പെടും. ഉദ്യോഗസ്ഥർക്ക് സ്ഥാനോന്നതി, വേതന വർധനവ് എന്നിവയുണ്ടാവും. ആവശ്യപ്പെട്ട ദിക്കിലേക്ക് സ്ഥലംമാറ്റം ലഭിക്കും. ജോലി അന്വേഷിക്കുന്നവർക്ക് അർഹതയ്‌ക്കനുസരിച്ചുള്ള പദവി ലഭിക്കുന്നതാണ്. സാമ്പത്തിക ക്ലേശങ്ങളിൽ നിന്നും മുക്തനാവും.ബിസിനസ് വളരുന്നതിന് സാഹചര്യം ഇണങ്ങും.
മകയിരം: വിഷുഫലം പ്രത്യക്ഷത്തിൽ ഇവർക്ക് അനുകൂലമല്ല. എന്നാൽ ഇടവക്കൂറുകാർക്ക് ഗുണഫലങ്ങൾ പലതും അനുഭവവേദ്യമാവും. സ്ഥിരമായ തൊഴിലും വേതനവും വന്നുചേരും. പ്രണയികൾ വിവാഹജീവിതത്തിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. മിഥുനക്കൂറുകാർക്ക് വ്യാപാരത്തിൽ ആദായം കുറയാനിടയുണ്ട്. വാഹനം, യന്ത്രം, അഗ്നി എന്നിവയുടെ ഉപയോഗത്തിൽ കരുതലുണ്ടാവണം.
തിരുവാതിര: വിജയിക്കുന്നതിന് തീവ്രശ്രമം വേണ്ടിവരും. സംരംഭങ്ങൾ തടസപ്പെട്ടുകൊണ്ടിരിക്കും. ജോലി ഉപേക്ഷിക്കുന്നതിന് പ്രേരണ വരും. എന്നാൽ മറ്റൊരു ജോലി ലഭിക്കുന്ന കാര്യത്തിൽ ഉറപ്പുണ്ടാവാതെ നിലവിലെ ജോലി ഉപേക്ഷിക്കരുത്. സ്‌നേഹബന്ധം ശിഥിലമാവാനിടയുണ്ട്. പണച്ചെലവ് അമിതമാവും. അകാരണമായി വിഷാദിക്കും. നികുതികളും മറ്റും അടയ്ക്കുന്നതിൽ വീഴ്ച വരാനിടയുണ്ട്.
പുണർതം: സമ്മിശ്ര ഫലമുണ്ടാവുന്ന വർഷമാണ്. കാര്യസാധ്യത്തിന് പതിവിലും പ്രയത്‌നിക്കേണ്ടി വരാം. ചിലപ്പോൾ സുലഭവസ്‌തുക്കൾ ദുർലഭമായി തോന്നും. ആഗ്രഹസാഫല്യത്തിന് കൂടുതൽ കാത്തിരിപ്പ് ആവശ്യമാവും. സുപ്രധാന തീരുമാനങ്ങൾ പുനരാലോചനയിലൂടെ വേണം കൈക്കൊള്ളാൻ. നൂതന സംരംഭങ്ങൾ കരുതലോടെ വേണം സമാരംഭിക്കുവാൻ. വായ്‌പകൾ നേടും. തിരിച്ചടവ് ദുഷ്കരമാവും.
പൂയം: വിഷുഫലം അനുകൂലമാണ്. വിഘ്നം ഒഴിഞ്ഞ് കാര്യപ്രാപ്തി ഭവിക്കും. പുതിയ കാര്യങ്ങളിൽ ഉന്മേഷത്തോടെ ഏർപ്പെടാനാവും. സാമ്പത്തിക ലാഭം ഉണ്ടാവും. ശത്രുക്കളുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കും. ആലോചനാപൂർവ്വം ചെയ്യുന്ന നിക്ഷേപങ്ങൾ ആദായകരമാവും. ദമ്പതികൾക്ക് ഒരിടത്തേക്ക് സ്ഥലംമാറ്റം കിട്ടും. അവിവാഹിതർക്ക് കുടുംബജീവിതത്തിൽ പ്രവേശിക്കാനാവും.
ആയില്യം: വിൽക്കാതെ കിടന്ന പൂർവ്വിക വസ്‌തു വിൽക്കാനാവും. ഗൃഹനിർമ്മാണത്തിൽ പുരോഗതിയുണ്ടാകും. കടബാധ്യതകൾ ഭാഗികമായി വീട്ടാനാവും. മക്കളുടെ ഭാവി സംബന്ധിച്ച ഉത്കണ്‌ഠകൾക്ക് പരിഹാരം തെളിയും. സർവ്വീസിൽ നിന്നും പിരിഞ്ഞിട്ടും ആനുകൂല്യങ്ങൾ കിട്ടാത്തവർക്ക് അവ വൈകാതെ കൈവരും. കൃഷിയിൽ ശ്രദ്ധ പുലർത്തും. അവിവാഹിതർക്ക് വിവാഹസിദ്ധി ഭവിച്ചേക്കാം. കോപം നിയന്ത്രിയ്ക്കുക.
മകം: വിഷു ഫലം മകത്തിന് അനുകൂലമാണ്. സ്ഥിരജോലി ലഭിക്കും. കരാർ പണികൾ സ്ഥിരപ്പെടും. ഏജൻസി, കമ്മിഷൻ വ്യാപാരം ഇവയിലൂടെ ധനാഗമം ഉയരും. സമ്പാദ്യശീലം വർധിക്കും. ശാസ്‌ത്ര, വൈജ്ഞാനിക രംഗങ്ങളിൽ മികവ് പുലർത്തും. പ്രണയം സഫലമാവും. പുതിയ വലിയ തോതിൽ പണം മുടക്കുന്നതിൽ കരുതൽ വേണം. വാഹനം കൈകാര്യം ചെയ്യുന്നതിൽ ജാഗ്രത പുലർത്തണം.
പൂരം: ചിങ്ങക്കൂറിൽ വരുന്ന നക്ഷത്രമാണ് പൂരം. ശനി, രാഹു തുടങ്ങിയ ഗ്രഹങ്ങൾ ചാരവശാൽ അനിഷ്‌ട ഭാവങ്ങളിൽ സഞ്ചരിക്കുന്ന വർഷമാണ്. എന്നാൽ വിഷു ഫലത്തിൽ പൂരം നാളിൽ ജനിച്ചവർക്ക് ധാരാളം നേട്ടങ്ങളും ഭൗതിക സുഖങ്ങളും അനുഭവത്തിലാവും. സാമ്പത്തികമായ ശോച്യതയ്‌ക്ക് മാറ്റം വരും. അടഞ്ഞുപോയ ആദായമാർഗങ്ങൾ തുറന്നുകിട്ടും.ഗൃഹനിർമ്മാണം പൂർത്തീകരിക്കും.
ഉത്രം: വിഷുഫലം ഗുണപ്രദമാണ്. തൊഴിൽ രംഗത്ത് വളർച്ച പ്രകടമാവും. നവീകരിച്ച സ്വന്തം സ്ഥാപനം തുറന്ന് പ്രവർത്തിപ്പിക്കും. വായ്‌പ നേടാനുള്ള ശ്രമം വിജയം കാണും. കടം ഭാഗികമായി വീട്ടാനാവും. തൊഴിലന്വേഷണം ഫലവത്താകും. സ്വകാര്യ സ്ഥാപനത്തിൽ അർഹതയുള്ള ജോലി ലഭിക്കും. പിരിഞ്ഞു കഴിഞ്ഞ ദമ്പതികൾക്ക് വീണ്ടും ഇണങ്ങിച്ചേരാനാവും. നഷ്ടപ്പെട്ട പഴയ രേഖകൾ/ആധാരം എന്നിവ തിരികെ കിട്ടും.
അത്തം: നവ സംരംഭങ്ങളിൽ വളർച്ചയുണ്ടാവും. ബിസിനസ്സ് വിപുലീകരിക്കും. സുഹൃത്തുക്കളും ബന്ധുക്കളും സഹായിക്കും. ആത്മവിശ്വാസം തുണയായുണ്ടാവും. പുതിയ ഭാഷ, സാങ്കേതിക വിഷയങ്ങൾ എന്നിവ പഠിക്കാൻ സാധിക്കും. വിപണന തന്ത്രങ്ങൾ ഫലം കാണും. വിദേശത്തു പഠിപ്പ് /തൊഴിൽ അവസരം ഉണ്ടാവുന്നതാണ്. ഉദ്യോഗസ്ഥർക്ക് ജന്മനാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടാനിടയുണ്ട്.
ചിത്തിര: ചെറിയ നേട്ടങ്ങൾക്ക് പോലും കൂടുതൽ ഊർജം ചെലവഴിക്കേണ്ടി വരും. അമിത ആത്മവിശ്വാസം കൊണ്ടുള്ള തിരിച്ചടികൾ ഉണ്ടാവും. വിദ്യാർഥികൾക്ക് പഠനവൈകല്യത്തിന് സാധ്യതയുണ്ട്. അക്കാര്യത്തിൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കണം. പരമ്പരാഗത വ്യാപാരത്തിൽ ഏർപ്പെട്ടവർക്ക് ആദായം കുറയാം. തുലാക്കൂറുകാർക്ക് വിദേശത്തുപോകാനുള്ള ശ്രമം ഫലവത്താകും. പിതൃ-പുത്ര ബന്ധം രമ്യമാവും.
ചോതി: ഈ വർഷം സമുജ്ജ്വലമാണ്. എന്നാൽ വിഷുഫലം പ്രതികൂലമാണുതാനും. ആകയാൽ ഈയ്യാണ്ട് സമ്മിശ്രഫലങ്ങൾ അനുഭവിക്കുന്നതാണ്. തൊഴിൽ രഹിതർക്ക് വരുമാനമാർഗം തുറന്നുകിട്ടും. പൂട്ടിയ സ്ഥാപനം അറ്റകുറ്റപ്പണി നടത്തി വീണ്ടും തുടങ്ങുന്നതിന് സാധിക്കും.മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിച്ചേക്കും. ചിട്ടി, ഇൻഷ്വറൻസ്, കുടിശിക, നറുക്കെടുപ്പ് ഇവയിലൂടെ ധനാഗമം പ്രതീക്ഷിക്കാം.
വിശാഖം: വിഷു സംക്രമഫലം അനുസരിച്ച് ഗുണക്കുറവുള്ള കാലമാണ്. വസ്‌തുക്കൾ സംബന്ധിച്ച വ്യവഹാരം വിചാരിച്ചതുപോലെ പര്യവസാനിക്കണമെന്നില്ല. ദാമ്പത്യപ്രശ്‌നങ്ങൾ ഒത്തുതീർപ്പാവും. കലഹങ്ങളിൽ മൗനം പാലിക്കുക. ചെറുകിട സംരംഭകർക്ക് വ്യാപാരം വിപുലീകരിക്കാനായേക്കും.അന്യദേശത്തുനിന്ന് വരാനും പുതുസംരംഭങ്ങൾ തുടങ്ങാനും കുറച്ചുകൂടി കാത്തിരിപ്പ് ആവശ്യമാണ്.
അനിഴം: വളരെ നല്ലഫലങ്ങൾ ഉണ്ടാവുന്ന വർഷമാണ്. മുൻപ് കഠിനമായി പരിശ്രമിച്ചിട്ടും നേടാത്ത കാര്യങ്ങൾ അനായാസമായി നേടും. അവിവാഹിതർക്ക് വിവാഹസാധ്യതയുള്ള കാലമാണ്. കൂട്ടുകച്ചവടം ലാഭത്തിലേക്ക് നീങ്ങും. ആഗ്രഹിക്കുന്ന പദവികൾ കൈവരും. സന്താനപ്രാപ്‌തിയില്ലാതെ വിഷമിക്കുന്നവർക്ക് ശുഭഫലങ്ങളുണ്ടാവും. വീടോ വസ്തുവോ വാങ്ങാനാവും.
തൃക്കേട്ട: ഉദ്യമങ്ങൾ വിജയിക്കുന്നതാണ്. ആലസ്യം നീങ്ങും. സാങ്കേതിക കാര്യങ്ങളിൽ അറിവ് നേടും. ബിസിനസിൽ വിപണനതന്ത്രങ്ങൾ പ്രയോഗിച്ച് ഉപഭോക്താക്കളെ ആകർഷിക്കും. പൊതുപ്രവർത്തനത്തിൽ വിജയം കൈവരിക്കും.കരാറുകൾ സ്ഥിരപ്പെടാനിടയുണ്ട്. നിർത്തിവെച്ച ഗൃഹനിർമ്മാണം പൂർത്തിയാക്കും. സാമ്പത്തിക പ്രശ്നങ്ങൾ അലട്ടിയേക്കും.
മൂലം: കണ്ടകശ്ശനിക്കാലമുണ്ടെങ്കിലും വിഷുഫലത്തിന്റെ അനുകൂലതയാൽ കാര്യങ്ങൾ വരുതിയിലാവും. സ്വതന്ത്ര തീരുമാനങ്ങൾ കൈക്കൊള്ളാനും മുഖംനോക്കാതെ പ്രവർത്തിക്കാനും സാധിക്കും. ലക്ഷ്യം നിശ്ചയിച്ച് അതിലേക്കെത്താൻ കഴിഞ്ഞേക്കും. ദാമ്പത്യത്തിലും സൽഫലങ്ങൾ പ്രതീക്ഷിക്കാം. അവിവാഹിതർക്ക് വൈവാഹിക ജീവിതത്തിൽ പ്രവേശിക്കാനാവും.ഉന്നതബിരുദം കരസ്ഥമാക്കാൻ കാലം ഹിതകരമാണ്.
പൂരാടം: പല സുപ്രധാന തീരുമാനങ്ങളും കൈക്കൊള്ളും. ആസൂത്രണമികവും നിരന്തര പ്രയത്‌നവും വിജയഘടകങ്ങളാവും. ഭൂമിയിൽ നിക്ഷേപം നടത്താനും ലാഭമുണ്ടാക്കാനും സാധിക്കും. ചെറുപ്പക്കാരുടെ പ്രണയം വിവാഹത്തിലൂടെ സഫലമാവും. ചെറുസംരംഭങ്ങളിൽ ഏർപ്പെട്ടവർക്കും ഇക്കാലം ഗുണകരമാണ്. കടബാധ്യതകൾ കൊടുത്തുതീർക്കാൻ കഴിഞ്ഞേക്കും.
ഉത്രാടം: ധനുക്കൂറുകാർക്ക് കണ്ടകശനിയുണ്ട്. മകരക്കൂറുകാർക്ക് ഏഴരശ്ശനി കഴിഞ്ഞു. കൂറേതായാലും വിഷുഫലം വളരെ നന്മകൾ സൃഷ്‌ടിക്കുന്നതാണ്. ഉദ്യോഗസിദ്ധി കൈവരും. പുതുകാര്യങ്ങൾ തുടങ്ങുന്നതിന് സർക്കാർ അനുമതി ലഭ്യമാവും. സാമ്പത്തിക ക്ലേശങ്ങൾ ഒട്ടൊക്കെ പരിഹരിക്കപ്പെടും. വീടുപണി പൂർത്തിയാക്കി താമസം ആരംഭിക്കാനാവും.
തിരുവോണം: വിഷുഫലം അനുസരിച്ചും അനുകൂലമായ വർഷമാണ്. ന്യായമായതും സമയോചിതവുമായ പ്രവർത്തനങ്ങൾ നടത്തി നേട്ടങ്ങൾ കൈവരിക്കും. ലാഭകരമായ പ്രവൃത്തികളിൽ മുഴുകും. നേതൃപദവിയിലേക്ക് ഉയർത്തപ്പെടും. സ്വാശ്രയ വ്യാപാരത്തിൽ വിജയം വന്നെത്തും. വിദേശത്തു കഴിയുന്നവർക്ക് ജന്മനാട്ടിലേക്ക് മടങ്ങാനാവും. ഭൂമി, സ്വർണം ഇവയിൽ നിന്നും ആദായമേറും.
അവിട്ടം: മകരക്കൂറുകാർക്ക് ഏറെ അനുകൂലമായ കാലഘട്ടമാണ്. കുംഭക്കൂറുകാർക്ക് രാഹു-ശനി എന്നിവ ദുരിതപ്രദന്മാരാവും. കൃത്യനിർവഹണത്തിൽ വീഴ്ചകൾ വരാം. പൂർണ്ണസമർപ്പണം ഉണ്ടെങ്കിൽ മാത്രമേ ഉദ്യമങ്ങളിൽ വിജയം നേടാനാവൂ. ഊഹക്കച്ചവടത്തിൽ നഷ്ടം വരാനിടയുണ്ട്. സൈബർ കുറ്റകൃത്യങ്ങളിൽ ചതി പറ്റാതിരിക്കാൻ തികഞ്ഞ ജാഗ്രത ആവശ്യമാണ്. ധന ലഭ്യതയിൽ തടസ്സം നേരിടും.
ചതയം: ആത്മവിശ്വാസം പിന്നിലോട്ടുപോവും. ഉൾഭയവും ആശങ്കകളും വിഷാദശീലവും മുന്നിലെത്തും. തീരുമാനങ്ങൾ കൈക്കൊള്ളാൻ പലപ്പോഴും കൂടുതൽ സമയം എടുത്തേക്കും. സാധാരണരോഗങ്ങൾ വന്നാൽപ്പോലും പെട്ടെന്ന് മാറുകയില്ല. ഒപ്പമുള്ളവർ തന്നെ വിമർശിച്ചെന്നുവരാം. കുടുംബ ബജറ്റ് കൈപ്പിടിയിൽ ഒതുങ്ങിയേക്കില്ല. കായികാധ്വാനമുള്ള ജോലികളിൽ നിന്നും നേട്ടങ്ങൾ വരാം.
പൂരുരുട്ടാതി: പലതരം സമ്മർദങ്ങളിലാണ് പൂരൂരുട്ടാതി നാളുകാർ ഇപ്പോൾ. വിഷുഫലം കൂടി വിപരീതമാവുന്നു. ക്ഷമയും സഹിഷ്‌ണുതയും പരീക്ഷിക്കപ്പെടുന്ന കാലഘട്ടമാണ്. പ്രവർത്തനങ്ങളിൽ ആലസ്യം നിറയും. പലപ്പോഴും പതിനൊന്നാം മണിക്കൂറിലാവും കർമ്മനിരതരാവുക. വലിയ അധ്വാനത്തിന് ചിലപ്പോൾ വളരെക്കുറവ് പ്രതിഫലം ലഭിച്ചെന്നു വരാം. സാമ്പത്തികമായി കരുതൽ വേണം.
ഉതൃട്ടാതി: ജന്മശനിക്കാലമാണ്. എന്നിരുന്നാലും വിഷുഫലം ഗുണപ്രദമാണ്. പരിശ്രമങ്ങൾ ഒട്ടൊക്കെ ഫലവത്താകും. ആലോചനാപൂർവ്വം വേണം തീരുമാനങ്ങൾ കൈക്കൊള്ളാൻ. ധനപരമായ ഇടപാടുകൾ നിയമവിധേയമാവാൻ ശ്രദ്ധയുണ്ടാവണം. ഗൃഹനിർമ്മാണത്തിൻ്റെ പുരോഗതി മന്ദഗതിയിലാവും. വ്യായാമം,ഭക്ഷണ ക്രമീകരണം, പതിവായുള്ള ആരോഗ്യ പരിശോധന എന്നിവ അനിവാര്യമാണ്.
രേവതി: രേവതി നക്ഷത്രത്തിൽ ജനിച്ചവരുടെ വിഷുഫലം നേട്ടങ്ങളുടെ കാലഘട്ടമാണ്. കർമ്മരംഗത്തും തൊഴിൽ രംഗത്തും വളർച്ച പ്രകടമാവും. അകലങ്ങളിൽ നിന്നും ഉദ്യോഗസ്ഥർക്ക് ഗൃഹസമീപത്തിലേക്ക് മാറ്റം കിട്ടും. അർഹതക്കൊത്ത നിയമനം ലഭിക്കും. കുടുംബത്തിൽ വിവാഹാദി മംഗളകർമ്മങ്ങൾ നടക്കുന്നതാണ്. ഭൂമിയുടെ ക്രയവിക്രയത്തിൽ ഏർപ്പെട്ട നിയമപ്രശ്നങ്ങൾക്ക് പരിഹാരമാവും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |