SignIn
Kerala Kaumudi Online
Tuesday, 21 April 2026 7.25 AM IST

വേനലിൽ വ്യാപിക്കുന്ന വൈദ്യുതി അപകടങ്ങൾ

Increase Font Size Decrease Font Size Print Page
e

മഴക്കാലത്ത് വയറിളക്ക രോഗങ്ങൾ പടരുന്നതു പോലെയാണ് വേനലിൽ തീപിടിത്തങ്ങൾ വ്യാപകമാവുന്നത്. ജലജന്യരോഗങ്ങൾക്ക് ഇടയാക്കുന്നത് അണുക്കളാണെങ്കിൽ,​ വേനൽക്കാലത്ത് തീപിടിത്തം വ്യാപകമാകുന്നതിനു പിന്നിൽ പഴയ കെട്ടിടങ്ങളിലെ സുരക്ഷിതമല്ലാത്ത വയറിംഗ് കാരണമുള്ള ഷോർട്ട് സർക്യൂട്ട്,​ വൈദ്യുതി സുരക്ഷാ നിയമങ്ങളുടെ ലംഘനം,​ എളുപ്പം തീപിടിക്കുന്ന വസ്തുക്കൾ ഗോഡൗണുകൾക്കുള്ളിലും മറ്രും ജാഗ്രതയില്ലാതെ സൂക്ഷിക്കുന്നത്,​ ക്ഷേത്രോത്സവങ്ങളും മറ്റുമായി ബന്ധപ്പെട്ട് സുരക്ഷാ മുൻകരുതലുകൾ പാലിക്കാതെ വൈദ്യുതി കണക്ഷൻ എടുക്കുന്നത് തുടങ്ങി പല കാരണങ്ങളാണ്. പഴയ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കടകളിലാണ് തീപിടിത്ത സാദ്ധ്യത കൂടുതൽ. അത്രവേഗം തീപിടിക്കാൻ ഇടയില്ലാത്തതെന്ന് നമ്മൾ പൊതുവെ കരുതുന്ന വസ്തുക്കൾ പോലും കടുത്ത അന്തരീക്ഷ ഊഷ്മാവു കാരണം ചുട്ടുപൊള്ളുന്ന അവസ്ഥയിലായിരിക്കും എന്നതുകൊണ്ട് ചെറിയൊരു തീപ്പൊരി മതി,​ എളുപ്പത്തിൽ തീ ആളിപ്പടരാൻ!

ഇക്കഴിഞ്ഞ ആഴ്ചയിൽ,​ തലസ്ഥാനത്തു തന്നെ രണ്ടുദിവസത്തിനിടയിലാണ് പേട്ടയിലും ശാസ്തമംഗലത്തുമായി രണ്ട് ബിസിനസ് സ്ഥാപനങ്ങളിൽ തീപിടിത്തമുണ്ടായത്. പേട്ടയിൽ തീപിടിച്ചത് ഓടിട്ട,​ പഴയ കെട്ടിടത്തിലായിരുന്നെങ്കിൽ ശാസ്തമംഗലത്ത് ബഹുനില കെട്ടിടത്തിന്റെ മൂന്നാംനിലയിലായിരുന്നു അഗ്നിബാധ. ഒരിടത്ത് ഷോർട്ട് സർക്യൂട്ടും,​ മറ്റൊരിടത്ത് ഇൻവെർട്ടറിന്റെ തകരാറു കാരണവുമായിരുന്നു അപകടം. രണ്ടിടത്തും ആളപായമൊന്നും ഉണ്ടായില്ലെങ്കിലും വസ്തുനാശമുണ്ടായി. അടുത്തടുത്ത് വലിയ വസ്ത്രശാലകളും മറ്റും പ്രവർത്തിക്കുന്ന നഗരമേഖലകളിൽ,​ അവയ്ക്ക് തൊട്ടടുത്തുണ്ടാകുന്ന ചെറിയ തീപിടിത്തങ്ങൾ പോലും വലിയ അപകടങ്ങൾക്ക് വഴിയൊരുക്കാൻ സാദ്ധ്യതയുള്ളതാണ്. ഫയർ ഓഡിറ്റ് കർശനമാക്കും,​ ഫയർ സേഫ്ടി നിയമം നിർബന്ധമാക്കും എന്നൊക്കെ ഓരോ തവണയും അധികൃതർ പറയുമെന്നല്ലാതെ ഒന്നും സംഭവിക്കാറില്ല. വേനലിന് കാഠിന്യം കുറയുന്നതോടെ ഇക്കാര്യം തന്നെ എല്ലാവരും മറക്കുകയും ചെയ്യും.

കേരളത്തിൽ ഇത് ക്ഷേത്രോത്സവങ്ങളുടെ സീസൺ ആണ്. വൈദ്യുതി ദീപാലങ്കാരങ്ങളാണ് ഉത്സവങ്ങളുടെ പ്രധാന പൊലിമ. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ പൊതുസ്ഥലത്തും നിരത്തുവക്കുകളിലും മറ്റും മതിലുകളിലും മരങ്ങളിലും വരെ അലങ്കാരദീപങ്ങൾ തൂക്കി പ്രകാശവിസ്‌മയം തീർക്കുന്നവരും,​ അത് കൺനിറയെ ആസ്വദിക്കുന്നവരും അതിലെ അപകടസാദ്ധ്യതയെക്കുറിച്ച് ഓർക്കാറു പോലുമില്ല. കുറച്ചുദിവസത്തേയ്ക്കല്ലേ എന്നു കരുതി വൈദ്യുതി വകുപ്പുകാരും,​ ഫയർ സേഫ്ടിക്കാരും,​ തദ്ദേശ സ്ഥാപന അധികാരികളും നിബന്ധനകളൊന്നും കർശനമാക്കുകയുമില്ല. തിരഞ്ഞെടുപ്പ് പ്രചാരണം മൂർദ്ധന്യത്തിലെത്തിയ സമയമായതുകൊണ്ട് അതുമായി ബന്ധപ്പെട്ടുമുണ്ടാകും,​ അനധികൃത വൈദ്യുതി കണക്ഷനുകളും അലങ്കാരവേലകളുമൊക്കെ. മറ്റൊന്നും പോലെയല്ല,​ കറണ്ടിനോടുള്ള കളി എന്ന പരമാർത്ഥം മറക്കുന്നിടത്തു നിന്നാണ് അതുമൂലമുള്ള അപകടസാദ്ധ്യതകളുടെ തുടക്കം. അപകടങ്ങൾ സംഭവിച്ചതിനു ശേഷം പഴിചാരിയിട്ടോ,​ ജാഗ്രത കർശനമാക്കിയിട്ടോ കാര്യമില്ലല്ലോ.

പഴയ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും മറ്റും പരിശോധനകൾ നടത്തി,​ ഇലക്ട്രിക് വയറിംഗിന്റെ സുരക്ഷ ഉറപ്പാക്കുകയും തീപിടിത്ത സാദ്ധ്യതയുള്ള സാഹചര്യമില്ലെന്ന് ബോദ്ധ്യപ്പെടുകയുമാണ് ആദ്യം വേണ്ടത്. നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതിലെ ശുഷ്കാന്തിയെക്കാൾ പ്രധാനമാണ്,​ അത്തരം സ്ഥാപനങ്ങളിലെ തീപിടിത്ത സാദ്ധ്യത ഒഴിവാക്കുന്നത്. ക്ഷേത്രോത്സവ സ്ഥലങ്ങളിൽ,​ ക്ഷേത്രപരിസരത്തു മാത്രമല്ല,​ വൈദ്യുതി ദീപങ്ങൾ വിതാനിച്ചിട്ടുള്ള മുഴുവൻ സ്ഥലത്തും കർശന പരിശോധന നടത്തുകയും വൈദ്യുതാഘാതത്തിനോ തീപിടിത്തത്തിനോ സാദ്ധ്യതയില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. ഇത്തരം സ്ഥലങ്ങളിൽ,​ പൊതുജനങ്ങൾ പാലിക്കേണ്ട ജാഗ്രതയെക്കുറിച്ച് ഇടവിട്ട് അനൗൺസ്‌മെന്റ് നടത്തേണ്ടതും പ്രധാനമാണ്. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട്,​ ഫ്ളക്സ് ബോർഡുകളും മറ്റും അലങ്കരിക്കാൻ അനധികൃത കണക്ഷനുകൾ എടുക്കുന്നത് കർശനമായി വിലക്കിയേ മതിയാകൂ. വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങളുടെ കാര്യത്തിൽ മുൻകരുതലുകളും ജാഗ്രതയും തന്നെയാണ് ഏറ്രവും പ്രധാനം.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.